മോഹന്‍ലാലിന്റെ അതിമനോഹരം ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തി- മോഹന്‍ലാല്‍ കോമ്പോ ഒന്നിക്കുന്ന ചിത്രം ഡിസംബറില്‍ നിന്ന് മാറ്റിവെക്കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഹോളിവുഡില്‍ വമ്പന്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത് അതിമനോഹരത്തിന് തിരിച്ചടിയായേക്കുമെന്നാണ് ആരാധകരുടെ വാദം.
ഡ്യൂണ്‍ 3, അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ, ജുമാന്‍ജി 4 തുടങ്ങി പല വമ്പന്‍ പ്രൊജക്ടുകളും ഡിസംബറിലാണ് പ്രേക്ഷകരിലേക്കെത്തുക. ഇത്രയും സിനിമയുടെ കൂടെ റിലീസ് ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള കളക്ഷനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നാലെ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോയുടെ അഭിമുഖവും വൈറലായിരിക്കുകയാണ്.
അഭിനയത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് ആശീര്‍വാദ് സിനിമാസിന്റെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത് ആശിഷായിരുന്നു. മലയാളസിനിമകള്‍ക്ക് ഓവര്‍സീസില്‍ നല്ല മാര്‍ക്കറ്റുണ്ടെന്ന് പറയുകയാണ് ആശിഷ്. എന്നാല്‍ പല സിനിമകളുടെയും റിലീസ് ഇപ്പോഴും അണിയറപ്രവര്‍ത്തകര്‍ സീരിയസായി എടുക്കാറില്ലെന്നും ആശിഷ് അഭിപ്രായപ്പെട്ടു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ആശിഷ് ജോ.
‘ഹോളിവുഡിലെ വലിയ സിനിമകളുടെ കൂടെ മലയാള സിനിമകള്‍ ഇറക്കരുതെന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ സ്‌പൈഡര്‍മാന്റെ പുതിയ പടം റിലീസായിരിക്കുകയാണ്. ഇന്ത്യക്ക് പുറത്ത് ആ സിനിമക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. ഇതിന്റെ ഇടയില്‍ നമ്മള്‍ എത്ര നല്ല സിനിമ കൊണ്ടുപോയിട്ടും കാര്യമില്ല. നല്ല സ്‌ക്രീനുകള്‍ കിട്ടില്ല.
അതുപോലെ ക്രിസ്മസ് പോലുള്ള സീസണിലും മലയാള സിനിമകള്‍ റിലീസ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സിലാണ് ഞാനിത് പറയുന്നത്. ഇന്ത്യക്ക് പുറത്ത് ഭൂരിഭാഗം ആളുകളും പ്രിഫര്‍ ചെയ്യുന്നത് ഹോളിവുഡ് സിനിമകള്‍ക്കായിരിക്കും. നല്ല സ്‌ക്രീനോ, നല്ല ഷോ ടൈമോ നമുക്ക് കിട്ടില്ല. അത് കളക്ഷനെ ബാധിക്കും. എമ്പുരാന് ശേഷം മലയാളസിനിമക്ക് ഓവര്‍സീസില്‍ വലിയൊരു മാര്‍ക്കറ്റ് ഉണ്ടായിരിക്കുകയാണ്. അതിനെ നിലനിര്‍ത്തണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം,’ ആശിഷ് ജോ പറയുന്നു.