ന്യൂദല്‍ഹി: ഉദ്യോഗസ്ഥവൃന്ദം തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന ഭീഷണിയുമായി എ.എ.പി. വരുംദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും എ.എ.പി രാജ്യസഭാ അംഗം സഞ്ജയ് സിങ് മുന്നറിയിപ്പു നല്‍കി.

” ഉദ്യോഗസ്ഥരുടെ സമരം ഞായറാഴ്ചയോടെ പരിഹരിച്ചില്ലെങ്കില്‍ എ.എ.പി നേതാക്കന്മാരും പ്രവര്‍ത്തകരും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ധര്‍ണ നടത്തും. വ്യാഴാഴ്ച പാര്‍ട്ടി എം.എല്‍.എമാരും നേതാക്കളും മെഴുകുതിരി മാര്‍ച്ച് നടത്തും.” അദ്ദേഹം പറഞ്ഞു.

ഐ.എ.എസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് എ.എ.പി സര്‍ക്കാര്‍ പ്രതിഷേധം നടത്തുന്നത്. ഈ ആവശ്യമുന്നയിച്ച് മൂന്നു ദിവസമായി ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.


Also Read:കര്‍ണിസേനക്കാര്‍ “വെറും എലികളെന്ന” പ്രസ്താവന; രാജസ്ഥാനിലെ ബി.ജെ.പി മന്ത്രിയുടെ മൂക്കും ചെവിയും അരിയുമെന്ന് കര്‍ണിസേന


 

റേഷന്‍ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന നിര്‍ദേശം ലെഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

അതിനിടെ, ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ നടത്തുന്ന നിരാഹാര സമരത്തില്‍ താനും പങ്കുചേരുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചു.

സമരം ചെയ്യുന്ന കെജ്‌രിവാളിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് എ.എ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്കു സമീപമുള്ള തെരുവില്‍ കഴിഞ്ഞദിവസം പ്രകടനം നടത്തിയിരുന്നു. “കെജ്‌രിവാള്‍ നിങ്ങള്‍ പൊരുതൂ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.” എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു എ.എ.പി പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം.