ബുംറയല്ല, 2026ലെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകും അവന്‍; അഭിപ്രായവുമായി ചോപ്ര
Cricket
ബുംറയല്ല, 2026ലെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകും അവന്‍; അഭിപ്രായവുമായി ചോപ്ര
ശ്രീരാഗ് പാറക്കല്‍
Wednesday, 25th March 2026, 8:56 am

2026ലെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഫ്ഗാന്‍ പേസര്‍ നൂര്‍ അഹമ്മദായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. മാത്രമല്ല ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരന്‍ സഞ്ജു സാംസണായിരിക്കുമെന്നും ചോപ്രപറഞ്ഞു.

‘ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നത് സഞ്ജു സാംസണായിരിക്കും. ഒരുപക്ഷേ അദ്ദേഹത്തിന്റെ തലയിലായിരിക്കും ഓറഞ്ച് ക്യാപ്പ്. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്നത് നൂര്‍ അഹമ്മായിരിക്കും. എല്ലാ മത്സരങ്ങളും അവന്‍ കളിക്കുകയാണെങ്കില്‍ അത് ഉറപ്പായും സാധ്യമാണ്.

ഈ ടീമിന് എത്രത്തോളം മുന്നോട്ട് പോകാന്‍ കഴിയുമെന്ന് എനിക്കറിയില്ല. കടലാസില്‍ നോക്കുമ്പോല്‍ ഈ ടീം അത്ര മികച്ചതായിട്ട് തോന്നിയേക്കില്ല. പക്ഷെ ഇത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആയതിനാല്‍ അവര്‍ക്ക് ഇപ്പോള്‍ വേണമെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും. അവരുടേത് മികവുള്ള ടീമാണ്,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

സഞ്ജു, നൂര്‍ അഹമ്മദ്

ലോകകപ്പില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയ സൂപ്പര്‍ താരം സഞ്ജു സാംസണിന് ഇത്തവണ ചെന്നൈക്ക് വേണ്ടി വമ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നാണ് ഏവരും കരുതുന്നത്. ടി-20 ലോകകപ്പ് 2026ല്‍ ഇന്ത്യയുടെ കിരീട സ്വപ്നത്തെ മുന്നോട്ട് കൊണ്ടുപോയ മികച്ച താരമാണ് സഞ്ജു. വെറും അഞ്ച് മത്സരങ്ങള്‍ കൊണ്ട് ടൂര്‍ണമെന്റിലെ താരമാകാനും സഞ്ജുവിന് സാധിച്ചു.

രാജസ്ഥാന്‍ റോയല്‍സില്‍ ലെജന്‍ഡ് സ്റ്റാറ്റസ് സ്വന്തമാക്കിയ ശേഷം സൂപ്പര്‍ താരം സഞ്ജു പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമാണ് കളത്തിലിറങ്ങുന്നത്. ഇനി ചെന്നൈയിലെത്തുമ്പോള്‍ ആരാധകരുടെ വലിയ പിന്തുണയാകും സഞ്ജുവിന് ലഭിക്കുക.

സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. മാര്‍ച്ച് 30നാണ് മത്സരം.

Content Highlight: Aakash Chopra Talking About Noor Ahmed And Sanju Samson

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ