വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ കുറിച്ചുള്ള നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
അഭിഷേക് വര്‍മയും സഞ്ജു സാംസണും ലഖ്‌നൗവിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് ആകാശ് ചോപ്രയുടെ നിര്‍ദേശം.

ആകാശ് ചോപ്ര. Photo: Mahi Patel/x.com
അതേസമയം, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി ഓപ്പണറായി കളിച്ച യുവതാരം വൈഭവ് സൂര്യവംശിയെ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഓപ്പണിങ് ചുമതല അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയുമാണ് വഹിച്ചത്. സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലാണ് കളിച്ചത്.
എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയില്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും അതിനാല്‍ ഓപ്പണിങ്ങില്‍ സഞ്ജുവിനെയാണ് താന്‍ പരിഗണിക്കുന്നതെന്നുമാണ് ചോപ്രയുടെ വിലയിരുത്തല്‍.

സഞ്ജു സാംസണ്‍. Photo: BCCI/x.com
ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവും ഒരു ഓപ്ഷനാണെങ്കിലും തന്റെ ആദ്യ പരിഗണന അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ കൂട്ടുകെട്ടിനാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
സഞ്ജുവിനെ ഓപ്പണറാക്കുന്നതോടെ മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനെയാണ് ചോപ്ര പരിഗണിക്കുന്നത്. തുടര്‍ന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നാലാം നമ്പറിലും തിലക് വര്‍മ അഞ്ചാം നമ്പറിലും എത്തും.
ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ തിലക് വര്‍മയുടെ അര്‍ധ സെഞ്ച്വറി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും ഈ മികവ് തുടരേണ്ടത് താരത്തിന് പ്രധാനമാണ്.
ആറാം നമ്പറില്‍ ശിവം ദുബെയ്ക്കും ഏഴാം നമ്പറില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കും ചോപ്ര ഇടം നല്‍കി.
സ്പിന്‍ ഡിപ്പാര്‍ട്‌മെന്റില്‍ കുല്‍ദീപ് യാദവിനെയാണ് ചോപ്ര തെരഞ്ഞെടുത്തത്. അതേസമയം രവി ബിഷ്ണോയിയെ ആദ്യ ടി-20യിലെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ കുല്‍ദീപിന്റെ നിലവിലെ ഫോം കൂടി പരിഗണിച്ചാണ് അദ്ദേഹത്തിന് അവസരം നല്‍കിയിരിക്കുന്നത്. ഏകദിന പരമ്പരയില്‍ ഏഴ് വിക്കറ്റുമായി ഇന്ത്യയുടെ പ്രധാന വിക്കറ്റ് വേട്ടക്കാരനായിരുന്നു കുല്‍ദീപ്.

കുല്‍ദീപ് യാദവ്. Photo: BCCI
പേസര്‍മാരില്‍ അര്‍ഷ്ദീപ് സിങ്ങിനൊപ്പം മായങ്ക് യാദവ്/പ്രിന്‍സ് യാദവ് എന്നിവരില്‍ ഒരാള്‍ക്ക് അവസരം നല്‍കണമെന്നും മുന്‍ താരം നിര്‍ദേശിച്ചു.
ആദ്യ ടി-20ക്കുള്ള ആകാശ് ചോപ്രയുടെ പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്/പ്രിന്‍സ് യാദവ്.
അതേസമയം, വൈഭവിനെ പൂര്‍ണമായി ഒഴിവാക്കണമെന്ന നിലപാടല്ല ചോപ്രയുടേത്. ഓപ്പണര്‍ സ്ഥാനത്തേക്ക് അദ്ദേഹവും പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ സഞ്ജുവിനും അഭിഷേകിനും മുന്‍ഗണന നല്‍കുന്നതാണ് തന്റെ തെരഞ്ഞെടുപ്പെന്നാണ് ചോപ്രയുടെ അഭിപ്രായം.
നേരത്തെ മുന്‍ താരവും ഡൊമസ്റ്റിക് ലെജന്‍ഡുമായ വസീം ജാഫറും ആദ്യ മത്സരത്തില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണ്‍ തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു.
Content highlight: Aakash Chopra picks playing XI for first match of India-West Indies T20 series
