2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പദ്ധതികളിലേക്ക് തിരിച്ചെത്താന്‍ വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് റെഡ് ബോള്‍ ക്രിക്കറ്റിലെയും 50 ഓവര്‍ ക്രിക്കറ്റിലെയും പരിചയക്കുറവ് വലിയ തിരിച്ചടിയായേക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

ഐ.പി.എല്ലില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും, 50 ഓവര്‍ ലോകകപ്പിന് സജ്ജമാകണമെങ്കില്‍ നിരന്തരമായ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റ് ആവശ്യമാണെന്നും അത് വെറും ടി-20 ക്രിക്കറ്റ് മാത്രം കളിച്ച് നേടിയെടുക്കാന്‍ കഴിയില്ലെന്നും ചോപ്ര പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേ, ഭുവനേശ്വര്‍ കുമാറിന്റെയും മുഹമ്മദ് ഷമിയുടെയും ലോകകപ്പ് സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആകാശ് ചോപ്ര ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

 

‘ഭുവിക്ക് തിരിച്ചടിയാകുന്ന ഒരു കാര്യമുണ്ട്. എനിക്ക് അവനെ ഒരുപാട് ഇഷ്ടമാണ്, അവന്‍ വീണ്ടും ഇന്ത്യക്കായി കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ രഞ്ജി ട്രോഫി കളിക്കാതിരിക്കുമ്പോള്‍, നിങ്ങളുടെ വര്‍ക്ക്‌ലോഡ് വളരെ പരിമിതപ്പെടുന്നു.

വിജയ് ഹസാരെ ട്രോഫിയില്‍ ഏതാനും കുറച്ച് മത്സരങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് പത്ത് ഓവര്‍ പന്തെറിയുകയും 50 ഓവര്‍ ഫീല്‍ഡ് ചെയ്യുകയും വേണം. അത് വലിയൊരു വര്‍ക്ക്‌ലോഡ് തന്നെയാണ്.

രണ്ട് മാസത്തെ ഐ.പി.എല്ലിലും ഒരു മാസത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും നാല് ഓവറുകള്‍ വീതം എറിയുന്നത് മാത്രം മാനദണ്ഡമാക്കി, ഒരാള്‍ എത്ര മികച്ച കളിക്കാരനാണെങ്കിലും, അയാളെ 50 ഓവര്‍ ലോകകപ്പിലേക്ക് തിരഞ്ഞെടുക്കുന്നത് തെറ്റായ തീരുമാനമായിരിക്കും.

ഭുവനേശ്വര്‍ കുമാര്‍

ലോകകപ്പ് പോലുള്ള ഒരു ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുക എന്നത് എളുപ്പമല്ല. ലോകകപ്പ് മാത്രമല്ല, ഒരു വര്‍ഷം മുമ്പ് മുതല്‍ നടക്കുന്ന ഓരോ ഏകദിന മത്സരങ്ങളുടെയും ഭാഗമായി നിങ്ങള്‍ മാറേണ്ടതുണ്ട്.

ടീം മാനേജ്‌മെന്റിന് അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ താത്പര്യമുണ്ടെങ്കില്‍ ഇപ്പോഴേ കളിപ്പിച്ചു തുടങ്ങണം. അതൊരു മോശം ഓപ്ഷനല്ല, പക്ഷേ അദ്ദേഹത്തിന് സജ്ജനാകാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സമയം നല്‍കിയില്ലെങ്കില്‍ അത് വലിയൊരു അബദ്ധമായി മാറും,’ ആകാശ് ചോപ്ര പറഞ്ഞു.

മുഹമ്മദ് ഷമി രഞ്ജി ട്രോഫി കളിക്കുന്നതിനാല്‍ തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വരുമ്പോള്‍ ശക്തമായ വാദമുന്നയിക്കാമെങ്കിലും, ഷമിയെയും ഭുവനേശ്വറിനെയും ഒരുമിച്ച് സെലക്ടര്‍മാര്‍ പരിഗണിക്കില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് ഷമി

‘ഷമിയുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. എങ്കിലും ഷമി രഞ്ജി ട്രോഫി കളിക്കുകയും 37 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഇനി ദുലീപ് ട്രോഫിയിലും കളിക്കാന്‍ പോകുന്നു. അതുകൊണ്ട് ഷമിക്ക് തിരിച്ചുവരവിനായി ഉന്നയിക്കാന്‍ കുറച്ചുകൂടി ശക്തമായ വാദങ്ങളുണ്ട്.

എങ്കിലും സത്യമെന്തെന്നാല്‍, ഐ.പി.എല്ലിലെ പ്രകടനം മാത്രം അളന്നു നോക്കുകയാണെങ്കില്‍ ഭുവനേശ്വര്‍ കുമാര്‍ ഷമിയേക്കാള്‍ മുന്നിലാണ്.

ഞാന്‍ മനസിലാക്കുന്നതനുസരിച്ച്, സെലക്ടര്‍മാരും ക്യാപ്റ്റനും കോച്ചും ഇവര രണ്ടുപേരെയും ഒരുമിച്ച് ടീമിലെടുക്കില്ല. പരമാവധി രണ്ടുപേരില്‍ ഒരാള്‍ക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക. അത് ആരായിരിക്കുമെന്ന് അടുത്ത നാല് മുതല്‍ ആറ് മാസത്തിനുള്ളില്‍ നമുക്ക് അറിയാന്‍ സാധിക്കും.

മുഹമ്മദ് ഷമി | ഭുവനേശ്വര്‍ കുമാര്‍

വരാനിരിക്കുന്ന ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയോടെ ഭുവിയോ ഷാമിയോ തിരിച്ചെത്തുമോ അതോ രണ്ടുപേരും ഉണ്ടാകില്ലേ എന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം ലഭിക്കും. കാരണം ആ പരമ്പരയിലേക്ക് രണ്ടുപേരെയും പരിഗണിച്ചില്ലെങ്കില്‍, പിന്നെ അവരുടെ കാര്യം അവിടെ തീര്‍ന്നു എന്ന് കരുതാം,’ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Aakash Chopra about Bhuvneshwar Kumar and Mohammed Shami