സ്വന്തം ഇന്‍ഡസ്ട്രിയിലും അന്യഭാഷയിലും ഒരുപോലെ സ്റ്റാര്‍ഡമുള്ള താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലും അന്യനാട്ടിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി ദുല്‍ഖറിന് നേരെ വരുന്ന വിമര്‍ശനങ്ങളിലൊന്നാണ് അന്യഭാഷാ സിനിമകള്‍ക്ക് നല്‍കുന്ന പ്രാധാന്യം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വെറും രണ്ട് സിനിമകള്‍ മാത്രമാണ് ദുല്‍ഖര്‍ മലയാളത്തില്‍ ചെയ്തത്. തമിഴിലും തെലുങ്കിലുമായി മൂന്ന് സിനിമകള്‍ ചെയ്യുകയും രണ്ടെണ്ണത്തിന്റെ ഷൂട്ട് പുരോഗമിക്കുകയും ചെയ്യുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആകാസം ലോ ഒക്ക താര. പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പ്രതീക്ഷ നല്‍കുന്നവയായിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ പ്രീ സെയില്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. റിലീസിന് ഒരുദിവസം ബാക്കി നില്‍ക്കെ ആകെ മൂന്ന് കോടിയാണ് ആകാസം ലോ ഒക്കെ താര ഇതുവരെ നേടിയത്. കേരളത്തില്‍ നിന്ന് വെറും രണ്ട് ലക്ഷമേ ചിത്രത്തിന് ഇതുവരെ നേടാനായുള്ളൂ. ദുല്‍ഖറിനെപ്പോലൊരു പാന്‍ ഇന്ത്യന്‍ താരത്തിന്റെ സിനിമക്ക് ഇത്ര കുറവ് കളക്ഷന്‍ ആരും പ്രതീക്ഷിച്ചില്ലെന്നാണ് കമന്റുകള്‍.

കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ ഓടിനടന്ന് പ്രൊമോഷന്‍ ചെയ്‌തെങ്കിലും ഗ്രൗണ്ട് ലെവല്‍ റീച്ച് ഈ ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. വന്‍ ഹൈപ്പിലെത്തിയ ഐ ആം ഗെയിം പ്രതീക്ഷക്കൊത്ത് ഉയരാത്തത് കേരള ബോക്‌സ് ഓഫീസില്‍ എ.ഒ.ടിയെ ബാധിച്ചെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്.

എന്നാല്‍ പ്രോപ്പറായിട്ടുള്ള ചാര്‍ട്ടിങ് പോലും ഇതുവരെ നടന്നിട്ടില്ല. ഓ.എം, ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ എന്നീ ചിത്രങ്ങള്‍ ക്ലാഷിനുള്ളതിനാല്‍ താരതമ്യേന ചെറിയ സ്‌ക്രീനുകളാണ് ആകാസം ലോ ഒക്ക താരയ്ക്ക് കേരളത്തില്‍ ലഭിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, ആന്ധ്രയിലും ക്ലാഷിനുള്ള മറ്റ് സിനിമകളോട് പിടിച്ചുനില്‍ക്കാന്‍ എ.ഒ.ടി പാടുപെടുകയാണ്.

തെലുങ്കില്‍ കള്‍ട്ട് ഫാന്‍ ഫോളോയിങ്ങുള്ള ഇ.എന്‍.ഇ ( ഈ നഗരാനികി ഏമായിന്തി)യുടെ സീക്വല്‍ ഇ.എന്‍.ഇ റിപ്പീറ്റ്, സത്യദേവ് നായകനാകുന്ന സമവര്‍ത്തി എന്നീ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ സ്‌ക്രീനുകള്‍. ഓ.എമ്മും ഗ്രാന്‍ഡ് റിലീസാണ് ലക്ഷ്യം വെക്കുന്നത്. രാമായണ, സീന്‍ എന്നിവയുടെ ഡിമാന്‍ഡും ചിത്രത്തിന് തിരിച്ചടിയാകുമെന്ന് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നു.

വേര്‍ഡ് ഓഫ് മൗത്ത് നല്ലതായാല്‍ മാത്രമേ എ.ഒ.ടി ബോക്‌സ് ഓഫീസില്‍ കരകയറുള്ളൂ. തെലുങ്കിലെ തന്റെ ഹിറ്റ് സ്ട്രീക്ക് ദുല്‍ഖറിന് തുടരാനാകുമോ എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. മലയാളത്തില്‍ ഹിറ്റില്ലാത്തതിന്റെ ക്ഷീണം തെലുങ്കില്‍ ഡി.ക്യു തീര്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Aakasam Lo Oka Tara movie Kerala pre sales is just 2 lakhs