തിരുവനന്തപുരം: ഭരണാനുകൂല സംഘടനകളുടെയും സര്‍ക്കാറിന്റെയും തെറ്റായ നടപടികള്‍ മൂലം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ പോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
കാസര്‍കോട് കലക്‌ട്രേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആശാലത ജീവനൊടുക്കിയത് ഭരണമാറ്റത്തെ തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ നടപ്പിലാക്കിയ നിര്‍ബന്ധിത സെക്ഷന്‍ മാറ്റത്തെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലാണെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
‘കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം ശിശുരോഗ വിഭാഗത്തിലെ സീനിയര്‍ ഡോക്ടര്‍ കെ.വി രാധാമണിയെ എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കള്‍ ഡ്യൂട്ടിക്കിടയില്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ക്ക് ഹൃദയാഘാതമുണ്ടായത് മറ്റൊരു സംഭവമാണെന്നും,’ പിണറായി കൂട്ടിചേര്‍ത്തു.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി തയ്യാറാക്കിയ ചട്ടവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവില്‍ ഒപ്പിടാന്‍ തയ്യാറാകാത്തതിന്റെ വൈരാഗ്യത്തിലാണ് ഇക്കഴിഞ്ഞ ദിവസം രോഗികളുടെ മുന്നില്‍വെച്ച് വനിതാ ഡോക്ടറെ അധിക്ഷേപിച്ചത്. ഭരണത്തണലില്‍ അഴിഞ്ഞാടുന്ന ഇത്തരം ഗുണ്ടാസംഘങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
യാതൊരു മാനദണ്ഡവും പാലിക്കാതെ, തികച്ചും രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന കൂട്ടസ്ഥലം മാറ്റങ്ങള്‍ സിവില്‍ സര്‍വീസിനെ പൂര്‍ണ്ണമായി സ്തംഭിപ്പിച്ചിരിക്കുകയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴങ്ങാത്ത ജീവനക്കാരെയും അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന സര്‍വീസ് സംഘടനകളെയും ഭീഷണിപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയടക്കം സ്വീകരിക്കുന്നത്.
‘ജീവനക്കാരുടെ അവകാശ പോരാട്ടങ്ങളെ തികഞ്ഞ അഹങ്കാരത്തോടെ അപഹസിക്കുകയും പൊതുവേദിയില്‍ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് പദവിയുടെ അന്തസ്സിന് ഒട്ടും യോജിക്കാത്തതും അങ്ങേയറ്റം അപലപനീയവുമാണ്. ഭരണമാറ്റത്തിന്റെ മറവില്‍ സ്വന്തം അണികള്‍ നടത്തുന്ന അഴിമതിക്കും ഭീഷണികള്‍ക്കും പച്ചക്കൊടി കാണിക്കുകയാണ് മുഖ്യമന്ത്രി’.
ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികഞ്ഞ അസംബന്ധമാണ്. സാമ്പത്തിക ഉപരോധങ്ങള്‍ക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി അനുവദിക്കാനും, 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ച് വേതന വര്‍ധനയ്ക്കുള്ള നടപടികള്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്‍കൈയെടുത്തതായും പിണറായി വ്യക്തമാക്കി.
‘കുടുംബശ്രീയിലും കെ.എസ്.ആര്‍.ടി.സിയിലും മുന്‍പ് നടന്ന കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് പിന്നാലെ, പി.എസ്.സി വഴി ജോലിയില്‍ പ്രവേശിച്ച അധ്യാപകരെപ്പോലും പിരിച്ചു വിടുന്നതാണ് നാം കാണുന്നത്. ജീവനക്കാരോട് ശത്രുതാമനോഭാവം പുലര്‍ത്തുകയും, പൊതുസമൂഹത്തിന് മുന്നില്‍ അവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഈ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതാണെന്നും’പിണറായി പറഞ്ഞു.
Content Highlights: A situation where even government officials are losing their lives; the government must be prepared to rein in the gangs running wild under political patronage: Pinarayi Vijayan.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.