പൊലീസ് സ്റ്റേഷനുകള്‍ക്ക് ഇനി പുതിയ മുഖം; മൈ പൊലീസ് സ്‌റ്റേഷന്‍ പദ്ധതിയുമായി ആഭ്യന്തര വകുപ്പ്
Kerala
പൊലീസ് സ്റ്റേഷനുകള്‍ക്ക് ഇനി പുതിയ മുഖം; മൈ പൊലീസ് സ്‌റ്റേഷന്‍ പദ്ധതിയുമായി ആഭ്യന്തര വകുപ്പ്
നിഷാന. വി.വി
Thursday, 6th August 2026, 2:25 pm

തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷനുകളുടെ മുഖഛായ മാറ്റുന്നതിനുള്ള പുതിയ പദ്ധതിയുമായി ആഭ്യന്തര വകുപ്പ്. മൈ പൊലീസ് സ്റ്റേഷന്‍ എന്ന പുതിയ പദ്ധതിയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരിക്കുന്നത്. കേരള പൊലീസ് സംവിധാനത്തെ ജനങ്ങളുടെ സ്വന്തം സംവിധാനമായി മാറ്റുന്ന ഒരു കര്‍മ പരിപാടിക്കാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള പൊലീസിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രപരമായ പരിവര്‍ത്തനമാണെന്നും ഇന്ത്യയില്‍ ആദ്യമായായിരിക്കും പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കൊണ്ടുള്ള പരിഷ്‌ക്കരണത്തിന് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ പൊലീസ് എന്ന ചുവടെപ്പിലേക്കാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് പതിനഞ്ച് മുതലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായിരിക്കും കോഡിനേറ്റര്‍ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘ജനങ്ങളുടെ പരാതികള്‍ക്ക് സമയ ബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുക, പൊലീസ് സ്റ്റേഷനുകള്‍ ഫ്രണ്ട്‌ലിയാക്കുക, പൊലീസുകാര്‍ക്കും ജനങ്ങള്‍ക്കും തങ്ങളുടെ സ്വന്തം എന്ന തോന്നലുണ്ടാക്കുക എന്നിവയൊക്കെയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്,’ അദ്ദേഹം പറഞ്ഞു.

പൊലീസ് സ്റ്റേഷനുകളില്‍ ഇനി മൂന്നാം മുറയുണ്ടാവില്ലെന്നും ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്.ഐ.മാര്‍ക്ക് നല്‍കുമെന്നും 419 സ്റ്റേഷനുകളില്‍ എസ്‌ഐമാര്‍ എസ്.എച്ച്.ഓമാരാകുമെന്നും അദ്ദേഹം പറഞ്ഞു.

’64 സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍മാര്‍ തുടരും 63 സ്റ്റേഷനുകളുടെ ചുമതലയില്‍ വനിതാ എസ്.ഐ.മാര്‍, സി.ഐ.യുടെ കീഴില്‍ 200 പൊലീസ് സര്‍ക്കിളുകള്‍ സൃഷ്ടിക്കും, ജനമൈത്രി സുരക്ഷാപദ്ധതി കാര്യക്ഷമമാക്കും, റേഞ്ച് ഡി.ഐ.ജിമാര്‍ സ്റ്റേഷനുകളില്‍നിന്ന് ഫീഡ് ബാക്ക് ശേഖരിക്കും, ഡി.ജി.പി പ്രതിമാസം സര്‍ക്കാരിന് പ്രോഗ്രസ് റിപ്പോര്‍ട്ട് നല്‍കും,’ ചെന്നിത്തല പറഞ്ഞു.

ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിച്ചിരുന്നുവെന്നും ആ കമ്മിറ്റി നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പരിഷ്‌ക്കരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: A new look for police stations; Home Department launches ‘My Police Station’ project.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.