ശാസിക്കേണ്ടതും തിരുത്തേണ്ടതും പാര്‍ട്ടി; തുടര്‍നടപടികളിലേക്കെന്ന് അഡ്വ. എ.ജയശങ്കര്‍
Kerala News
ശാസിക്കേണ്ടതും തിരുത്തേണ്ടതും പാര്‍ട്ടി; തുടര്‍നടപടികളിലേക്കെന്ന് അഡ്വ. എ.ജയശങ്കര്‍
ന്യൂസ് ഡെസ്‌ക്
Saturday, 11th July 2020, 11:31 am

കൊച്ചി: സി.പി.ഐയുടെ അച്ചടക്ക നടപടിയില്‍ പ്രതികരിച്ച് അഡ്വ എ.ജയശങ്കര്‍. പാര്‍ട്ടി നടപടി അംഗീകരിക്കുന്നെന്നും വിശദീകരണം വ്യക്തമാക്കി കണ്‍ട്രോള്‍ കമ്മീഷന് അപ്പീല്‍ നല്‍കുമെന്നും ജയശങ്കര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി നടപടി തെറ്റോ ശരിയോ എന്ന് ഈ അവസരത്തില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘പാര്‍ട്ടിയുടെ നടപടിയില്‍ തെറ്റൊന്നുമില്ല. പാര്‍ട്ടി അംഗങ്ങള്‍ തെറ്റ് ചെയ്താല്‍ അതിനെ ശാസിക്കാനും തിരുത്താനും ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ആവശ്യമെന്ന് കണ്ടുകഴിഞ്ഞാല്‍ പുറത്താക്കാനുമുള്ള അധികാരം പാര്‍ട്ടി ഭരണഘടനയിലുണ്ട്. ആ ഭരണഘടന അനുസരിച്ചാണ് ഞാന്‍ സി.പി.ഐയില്‍ ചേര്‍ന്നത്. എനിക്കെതിരെ ആവലാതി ഉയര്‍ന്നിട്ടുണ്ട്. എന്റെ അഭിപ്രായം പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്. എന്റെ അഭിപ്രായം കൂടി കേട്ടതിന് ശേഷമാവും തീരുമാനമെടുക്കുക. അതുകൊണ്ട് നടപടി ശരിയോ തെറ്റോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പരസ്യമായ അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ല. നടപടിയില്‍ എനിക്ക് ആവലാതിയുണ്ട്. അതുകൊണ്ടാണ് ഞാന്‍ അപ്പീല്‍ കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനും ഭരണഘടയില്‍ വ്യവസ്ഥയുണ്ട്’, ജയശങ്കര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യു.ഡി.എഫ് മുന്നണിയില്‍നിന്നും പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലെ പരാമര്‍ശത്തിലാണ് ജയശങ്കറിനെതിരെ സി.പി.ഐ അച്ചടക്ക നടപടി സ്വീകരിച്ചത്. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ ജയശങ്കര്‍ ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായ പ്രകടനം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ പരസ്യ ശാസന നടത്തിയത്.

ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് വരുമോ എന്ന ചോദ്യത്തിന്, ജോസ് കെ മാണിക്ക് യു.ഡി.എഫില്‍ കിട്ടുന്ന പരിഗണനയൊന്നും എല്‍.ഡി.എഫില്‍ കിട്ടിയെന്നു വരില്ല എന്നായിരുന്നു ചര്‍ച്ചയില്‍ ജയശങ്കര്‍ അഭിപ്രായപ്പെട്ടത്. എല്‍.ഡി.എഫില്‍ സി.പി.ഐ അടക്കമുള്ള കക്ഷികള്‍ക്കൊന്നും വേണ്ടത്ര പരിഗണനയും കിട്ടുന്നില്ല. സി.പി.ഐ, എന്‍.സി.പി, കോണ്‍ഗ്രസ് (എസ്) അടക്കമുള്ള പാര്‍ട്ടികള്‍ക്ക് പറയത്തക്ക പരിഗണന ലഭിക്കുന്നില്ലെന്നും മുന്നണിയില്‍ ഘടക കക്ഷികളുടെ നില പരിതാപകരമാണെന്നും അദ്ദേഹം ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് അച്ചടക്ക ലംഘനമായി പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്ന വിലയിരുത്തലിലേക്ക് സി.പി.ഐയെ നയിച്ചത്.

സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സി.പി.ഐ ബ്രാഞ്ച് ജനറല്‍ ബോഡി യോഗം വിഷയം ചര്‍ച്ച ചെയ്തത്. സി.പി.ഐയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ പൂര്‍ണ്ണ അംഗമാണ് അഡ്വ.എ.ജയശങ്കര്‍.

പാര്‍ട്ടി മുന്‍കൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സംവിധാനത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ജയശങ്കര്‍ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയാണ്. അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരസ്യ വിമര്‍ശനങ്ങളും ആരോപണങ്ങളും നടത്തിയെന്നും സി.പി.ഐ ബ്രാഞ്ച് ജനറല്‍ബോഡി യോഗം വിലയിരുത്തി.

ഇത് അംഗീകരിക്കാനാവില്ല. അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ജനറല്‍ ബോഡി യോഗം ഐക്യകണ്ഠേന തീരുമാനമെടുത്തത്. ഇതില്‍ ജയശങ്കര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി. തുടര്‍ന്നായിരുന്നു പരസ്യ ശാസന.

സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്ന ബ്രാഞ്ച് ചേര്‍ന്നാണ് ജയശങ്കറിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

വിഷയം യോഗത്തില്‍ പരിഗണിക്കവെ, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ജയശങ്കര്‍. ഇടതു മുന്നണിക്കുള്ളില്‍ സി.പി.ഐ നേരിടുന്ന അവഗണനയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പരസ്യ അഭിപ്രായ പ്രകടനങ്ങള്‍ ജാഗ്രതയോടെ നടത്തണം എന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ