തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വീട്ടിലേയ്ക്ക് തള്ളിക്കയറി. കവടിയാറില്‍ രാജ് ഭവനോടു ചേര്‍ന്ന മന്‍മോഹന്‍ ബംഗ്ലാവിലേക്കാണ് പ്രവര്‍ത്തകര്‍ എത്തിയത്.[]

രാവിലെ ഒമ്പതു മണിയോടെ ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്ന മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. എന്നാല്‍ വീടിന്റെ പുറത്ത് ഇവരെ തടയാന്‍ പോലീസിനായില്ല.

പ്രവര്‍ത്തകര്‍ ബംഗ്ലാവിന്റെ മതില്‍ ചാടി അകത്തെത്തി വീടിന്റെ പൂമുഖത്തേക്ക് മുദ്രാവാക്യം വിളിയുമായി കടന്നു. തുടര്‍ന്ന് പോലീസ് എത്തി ഇവരെ ബലംപ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് പുറത്താക്കിയത്.

ഒമ്പതോളം പ്രവര്‍ത്തകരാണ് പ്രതിഷേധ സമരം നടത്തിയത്. ഈ സമയം ആര്യാടന്‍ വസതിയില്‍ ഇല്ലായിരുന്നു. എം.പിമാരുടെ ഒരു യോഗത്തില്‍ സംബന്ധിക്കാന്‍ അദ്ദേഹം തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു. മ്യൂസിയം പോലീസ് അറസ്റ്റു ചെയ്ത എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ നന്ദാവനം എ.ആര്‍ ക്യാമ്പിലേയ്ക്ക് കൊണ്ടു പോയി.