ഇന്ത്യന്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിക്ക് പിന്തുണയുമായി പ്രോട്ടിയാസ് ഇതിഹാസം എ.ബി. ഡി വില്ലിയേഴ്‌സ്. വൈഭവിന് എപ്പോഴാണ് അവസരം ലഭിക്കുകയെന്നും അയര്‍ലാന്‍ഡിനെതിരായ പരമ്പരയായിരുന്നു താരത്തിന് അരങ്ങേറ്റത്തിനുള്ള മികച്ച സമയമെന്നും ഡി വില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു. മാത്രമല്ല വൈഭവിനെക്കുറിച്ചുള്ള റെയാന്‍ ടെന്‍ ഡോഷേറ്റിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അവനെ എപ്പോഴാണ് അവസരം നല്‍കാന്‍ പോകുന്നത്? അയര്‍ലന്‍ഡ് പരമ്പരയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിന്റെ അനുഭവം നേടാന്‍ വൈഭവ് സൂര്യവംശിക്ക് ഏറ്റവും അനുയോജ്യമായ സമയമെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷേ, അവന് ഒരു അവസരം പോലും ലഭിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണ്.
‘മറ്റേതൊരു താരത്തെയും പോലെ സൂര്യവംശിയും എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകണം’ എന്ന റയാന്‍ ടെന്‍ ഡോഷേറ്റിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. ഐ.പി.എല്ലില്‍ അദ്ദേഹം പുറത്തെടുത്ത പ്രകടനത്തിന് ശേഷം, അയര്‍ലന്‍ഡ് പോലുള്ള താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ അദ്ദേഹത്തെ നേരിട്ട് പരീക്ഷിക്കേണ്ട സമയമായിരുന്നു,’ ഡി വില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
അതേസമയം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി-20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സായിരുന്നു നേടിയത്. ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം മത്സരം ജൂലൈ നാലിന് ഓള്‍ഡ് ട്രാഫോഡില്‍ നടക്കും.
മത്സരത്തില്‍ വൈഭവ് സൂര്യവംശി ഇറങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഓപ്പണര്‍ സഞ്ജു സാംസണേയോ ഇഷാന്‍ കിഷനേയോ പുറത്ത് നിര്‍ത്തി വൈഭവിന് അവസരം നല്‍കണമെന്നാണ് മുതിര്‍ന്ന ക്രിക്കറ്റ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.
ഐ.പി.എല്ലിലും ഇന്ത്യ എയ്ക്ക് വേണ്ടിയും മിന്നും പ്രകടനമാണ് 15 വയസുകാരനായ വൈഭവ് സൂര്യവംശി അടുത്തിടെ കാഴ്ചവെച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 2026 ഐ.പി.എല്ലില്‍ സെഞ്ച്വറി ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് താരം ലോക ശ്രദ്ധ പിടിച്ചുപറ്റിയത്.
പേരുകേട്ട വമ്പന്‍ ബൗളര്‍മാരെ അടിച്ചുപറത്തിയ വൈഭവ് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് പരമ്പരയില്‍ വൈഭവിന് അവസരം ലഭിക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
Content highlight: A.B.D Villiers Talking About Vaibhav Sooryavanshi