തെലങ്കാനയില്‍ 73.3 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തായേക്കും; എസ്.ഐ.ആര്‍ പട്ടിക ഓഗസ്റ്റ് 17ന്
India
തെലങ്കാനയില്‍ 73.3 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തായേക്കും; എസ്.ഐ.ആര്‍ പട്ടിക ഓഗസ്റ്റ് 17ന്
അഞ്ജു ചന്ദ്രന്‍
Wednesday, 12th August 2026, 11:17 am

ഹൈദരാബാദ്: തെലങ്കാന വോട്ടര്‍ പട്ടികയില്‍ നടത്തിയ പ്രത്യേക തീവ്ര പുനപരിശോധനയുടെ ( എസ്.ഐ.ആര്‍) ഭാഗമായി 73.3 ലക്ഷം പേരെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സംസ്ഥാന മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ സി.സുദര്‍ശന്‍ റെഡ്ഡി.

സംസ്ഥാനത്ത് ആകെ വോട്ടര്‍മാരില്‍ നിന്ന് 21.7 ശതമാനം എന്യൂമറേഷന്‍ ഫോമുകള്‍ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് റെഡ്ഡി പറഞ്ഞു.

‘നിലവിലെ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 33,826,448 വോട്ടര്‍മാരില്‍ 26,487,214 പേരുടെ വിവരങ്ങള്‍ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്തതായി സിഇഒ പറഞ്ഞു. ‘21.70% വരുന്ന 7,339,234 വോട്ടര്‍മാരുടെ എന്യൂമറല്‍ ഫോമുകള്‍ ശേഖരിച്ച് അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ല,” റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റലൈസ് ചെയ്ത ഫോമുകള്‍ പ്രകാരം ഹൈദരാബാദിലാണ് ഏറ്റവും കുറവ്. അതേ സമയം 94.31 ശതമാനം ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്ത ഭുവനഗിരി ജില്ലയാണ് ഒന്നാം സ്ഥാനത്ത്.

എസ്.ഐ.ആര്‍ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ രണ്ടു ജില്ലകളിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണം വലിയതോതില്‍ കുറയാനും സാധ്യതയുണ്ടെന്ന് ഓഫീസര്‍ പറഞ്ഞു.

‘ മുന്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഓരോ മൂന്ന് വോട്ടര്‍മാരില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ കരടു പട്ടികയില്‍ ഉള്‍പ്പെടില്ല.,’ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംസ്ഥാനത്ത് കുറഞ്ഞത് 4,518961 വോട്ടര്‍മാരെങ്കിലും താമസം മാറിപ്പോയെന്നും സി.ഇ.ഒ വ്യക്തമാക്കുന്നു.

നിലവിലെ വോട്ടര്‍ പട്ടികയില്‍ പരാമര്‍ശിച്ചിരിക്കുന്ന വിലാസങ്ങളില്‍ ഈ വോട്ടര്‍മാര്‍ ഇപ്പോള്‍ താമസിക്കുന്നില്ലെന്ന് കണ്ടെത്തി. പല കേസുകളിലും, ഫീല്‍ഡ് ലെവല്‍ പരിശോധനയില്‍ വോട്ടര്‍മാര്‍ സ്ഥിരമായി മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയതായി റിപ്പോര്‍ട്ടുള്ളാതായും റെഡ്ഡി പറഞ്ഞു.

ഇ.സി.ഐയുടെ ഡാറ്റ പ്രകാരം വിവിധ ജില്ലകളില്‍ രേഖപ്പെടുത്തിയ കണക്കുകള്‍- കാമറെഡ്ഡി 89.61% എന്റോള്‍മെന്റ് രേഖപ്പെടുത്തി. കുമുരം ഭീം ആസിഫാബാദ് 89.43%, കരിംനഗര്‍ 88.59%, നിര്‍മല്‍ 87.89%, രാജണ്ണ-സിര്‍സില്ല 87.7%, ആദിലാബാദ് 86.46%, നിസാമാബാദ് 86.46%, മന്‍ചാബാദ്, 85.28% എന്റോള്‍മെന്റ് രേഖപ്പെടുത്തി.

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) 922,230 വോട്ടര്‍മാരെ മരിച്ചതായും 1,125,546 പേരെ കണ്ടെത്താനായിട്ടില്ലെന്നും 670,203 പേരെ മറ്റ് സ്ഥലങ്ങളില്‍ ഇതിനകം ചേര്‍ത്തിട്ടുണ്ടെന്നും കണ്ടെത്തി. 1,02,294 വോട്ടര്‍മാര്‍ എണ്ണല്‍ ഫോമുകള്‍ തിരിച്ച് സമര്‍പ്പിച്ചിട്ടില്ലെന്ന് സി.ഇ.ഒ പറഞ്ഞു.

ഒന്നിധികം സ്ഥലങ്ങളില്‍ വോട്ടുള്ള ഏകദേശം 310,000 വോട്ടര്‍മാരെ എസ്.ഐ.ആറില്‍ കണ്ടെത്തിയതായും പറയുന്നു. എസ്.ഐ.ആര്‍ നടപടി പൂര്‍ത്തിയായതോടെ കരട് വോട്ടര്‍ പട്ടിക ഓഗസ്റ്റ് പതിനേഴിന് പ്രസിദ്ധീകരിക്കും.

‘ഓഗസ്റ്റ് 17 ന് കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം പട്ടികയില്‍ ഉള്‍പ്പെടാത്ത വോട്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കും. അത്തരം വോട്ടര്‍മാര്‍ക്ക് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ (ഇ.ആ.ര്‍ഒ) മുമ്പാകെ ഹാജരാകാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി അവരുടെ യോഗ്യത സ്ഥാപിക്കാനും അവസരമുണ്ട്,’ സി.ഇ.ഒ പറഞ്ഞു.

എല്ലാ അവകാശ വാദങ്ങളും എതിര്‍പ്പുകളും അപേക്ഷകളും പരിശോധിച്ചശേഷം അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 19ന് പ്രസിദ്ധീകരിക്കും.

Content Highlights: 7.33 million people in Telangana may be excluded from the voters’ list; SIR list to be released on August 17

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.