കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആര്‍ നടപടികളുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ വൈരം മറന്ന് ഫോണില്‍ സംസാരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയും.

എസ്.ഐ.ആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ക്രമക്കേടുകളെക്കുറിച്ചാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷത്തെ ഇന്ത്യ സഖ്യത്തിലെ സ്ഥാപക അംഗങ്ങളാണ് ഇരുപാര്‍ട്ടികളെങ്കിലും പരസ്പര വൈര്യത്തെ തുടര്‍ന്ന് ഒരു ഘട്ടത്തിലും ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നില്ല.

ഇലക്ഷന്‍ കമ്മീഷന്റെ വിശ്വാസ്യത തകരുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പോരാട്ടം ആവശ്യപ്പെട്ട് എം.എ. ബേബി എന്‍.ഡി.എ ഇതര പാര്‍ട്ടികള്‍ക്ക് അയച്ച കത്താണ് ഈ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.

കത്തിന് മറുപടിയായി മമത ബാനര്‍ജി എം.എ. ബേബിയെ നേരിട്ട് ഫോണില്‍ വിളിച്ച് പൂര്‍ണ പിന്തുണ അറിയിക്കുകയായിരുന്നു. വിഷയം ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യാനും സംയുക്ത പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി ഉടന്‍ തന്നെ ‘ഇന്ത്യ’ മുന്നണിയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടും മമത ബാനര്‍ജി ഫോണില്‍ വിളിച്ച് സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Mamata Banerjee and M.A. Baby spoke over the phone: Parties set aside animosity over the SIR controversy.