എഡിറ്റര്‍
എഡിറ്റര്‍
മലയാളം വാക്ക് തെറ്റിച്ചെഴുതിയതിന് കൊല്ലത്ത് അഞ്ച് വയസുകാരിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം
എഡിറ്റര്‍
Wednesday 22nd March 2017 9:30pm

 

കൊല്ലം: മലയാളം വാക്ക് തെറ്റിച്ചെഴുതിയതിന് കരുനാഗപ്പള്ളിയില്‍ അഞ്ച് വയസുകാരിക്ക് അധ്യാപികയുടെ ക്രൂരമര്‍ദനം. ക്ലാസില്‍ വാക്ക് തെറ്റിച്ചെഴുതിയതിന്റെ പേരില്‍ അസ്‌ന എന്ന വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക മര്‍ദിച്ചത്. ചൂരല്‍ വടികൊണ്ട് മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Also read കോടതിയലക്ഷ്യക്കേസ്; നിരാഹാര സമരത്തിനൊരുങ്ങി ജസ്റ്റിസ് കര്‍ണന്‍ 


കരുനാഗപ്പള്ളി പടീറ്റതില്‍ സജീവ് റജീന ദമ്പതികളുടെ മകളായ അസ്‌നയെയാണ് പരീക്ഷാ പേപ്പറില്‍ എഴുതിയ മലയാളം പദം തെറ്റിയെന്നാരോപിച്ച് അധ്യാപിക മര്‍ദിച്ചത്. കരുനാഗപ്പള്ളി സി.എം.എസ്.എല്‍.പി സ്‌കൂള്‍ വിദ്യര്‍ത്ഥിയായ അസ്‌നയുടെ കാലില്‍ ഇരുപതിലധികം തവണ മര്‍ദിച്ചതായാണ് കുട്ടി പറയുന്നത്.

മര്‍ദിച്ച വിവരം വീട്ടില്‍ പറയരുതെന്ന് സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ വിട്ടെത്തിയ കുട്ടി അധ്യാപകരുടെ ഭീഷണിയെത്തുടര്‍ന്ന് മര്‍ദന വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. സഹ പാഠികള്‍ പറഞ്ഞാണ് കുട്ടിയുടെ മാതാ-പിതാക്കള്‍ വിവരം അറിയുന്നത്.

കുട്ടിയുടെ വീട്ടുകാര്‍ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇടപെട്ട് പരാതി പിന്‍വലിപ്പിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കുകയായിരുന്നു. ശിശുക്ഷേമ സമിതി പ്രതിനിധി ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

Advertisement