2026 ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് പുറത്തായി മുന്‍ ചാമ്പ്യമാരായ ഇറ്റലി. ഇന്ന് പുലര്‍ച്ചെ നടന്ന യോഗ്യത മത്സരത്തില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയോട് പരാജയപ്പെട്ടാണ് ടീം പുറത്തായത്.
2026 ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് പുറത്തായി മുന്‍ ചാമ്പ്യമാരായ ഇറ്റലി. ഇന്ന് പുലര്‍ച്ചെ നടന്ന യോഗ്യത മത്സരത്തില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയോട് പരാജയപ്പെട്ടാണ് ടീം പുറത്തായത്.
പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം അടിച്ച് സമനില പാലിച്ചതോടെ പെനാല്‍റ്റിയിലേക്ക് നീങ്ങുകയായിരുന്നു. അതില്‍ മുന്‍ ചാമ്പ്യന്മാര്‍ ഒന്നിനെതിരെ നാല് എന്ന സ്‌കോറില്‍ കാലിടറി വീണു.

ഇറ്റലി ഫുട്ബോൾ ടീം. Photo: Yahoo Sports/x.com
ഇതോടെ തുടര്‍ച്ചയായ മൂന്നാം എഡിഷനിലും ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടാനായില്ല. 2014ലാണ് അസൂറിപ്പട അവസാനമായി ലോകകപ്പ് കളിച്ചത്. അതിന് ശേഷം നടന്ന രണ്ട് ലോകകപ്പില്‍, 2018ലും 2022ലും ടീമിന് ലോക വേദിയില്‍ പന്ത് തട്ടാനുള്ള ഭാഗ്യമുണ്ടായില്ല.
ഇപ്പോള്‍ 2026 ജൂണില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ ഇറ്റലിക്ക് കാണികളുടെ റോള്‍ മാത്രമാണുള്ളത്. ഇതോടെ തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകള്‍ നഷ്ടമാകുന്ന ആദ്യ മുന്‍ ചാമ്പ്യന്മാര്‍ എന്ന അനാവശ്യ നേട്ടവും അസൂറിപട തങ്ങളുടെ പേരിലാക്കി.
നാല് തവണ കിരീടമുയര്‍ത്തിയവര്‍ക്കാണ് ഈ നിര്‍ഭാഗ്യമെന്നതും എടുത്ത് പറയേണ്ടതാണ്. 1934, 1938, 1982, 2006 എന്നീ ലോകകപ്പുകളിലായിരുന്നു ഇറ്റലിയുടെ കിരീടനേട്ടങ്ങള്‍.

2026 ലോകകപ്പുമായി ഇറ്റലി. Photo: Goal
അതേസമയം, മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇറ്റലി ലീഡ് നേടിയിരുന്നു. 15ാം മിനിട്ടില്‍ മോയ്സ് കീനാണ് ഗോള്‍ നേടിയത്. ഈ ഗോളിന്റെ സന്തോഷത്തില്‍ മുന്നേറവെ ടീമിന് വന്‍ തിരിച്ചടി നേരിട്ടു. ആദ്യ പകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ സെന്റര്‍ ബാക്ക് അലസാന്‍ഡ്രോ ബാസ്റ്റോണി ഡയറക്റ്റ് ചുവപ്പ് കാര്‍ഡ് കൊണ്ട് പുറത്തായി. പത്ത് പേരായി ചുരുങ്ങിയ ടീം ലീഡ് നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
രണ്ടാം പകുതിയില്‍ ബോസ്‌നിയ ഗോളടിച്ച് സമനില പിടിച്ചു. പകരക്കാരനായി ഇറങ്ങിയ ഹാരിസ് ടബാക്കോവിച്ചാണ് ഗോള്‍ നേടിയത്. 79-ാം മിനിട്ടിലായിരുന്നു ഗോള്‍ നേട്ടം. ശേഷിക്കുന്ന സമയം ഇരുടീമുകളും മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

വിജയമാഘോഷിക്കുന്ന ബോസ്നിയ താരങ്ങൾ. Photo: Screengrab.
അതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. അപ്പോഴും ഇരു ടീമുകളും സമനില പാലിച്ചതോടെ പെനാല്‍റ്റിയിലേക്ക് കളി മുന്നേറുകയായിരുന്നു. ഷോട്ട് എടുക്കാന്‍ വന്ന ഇറ്റലിയുടെ പിയോ എസ്‌പോസിറ്റോയ്ക്കും ബ്രയാന്‍ ക്രിസ്റ്റാന്റേയ്ക്കും ഉന്നം പിഴച്ചു. അതാണ് ഇത്തവണയും ഇറ്റലിക്ക് പുറത്തേക്കുള്ള വഴി തെളിച്ചത്.
Content Highlight: 2026 FIFA World Cup: Italy have failed to qualify for the World Cup for the third time in a row