ചെന്നൈ: തമിഴ്‌നാട് കരൂരില്‍ പീഡനത്തിനിരയായ 17 കാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ലൈംഗീകപീഡനത്തിനിരയായെന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ നിന്നുമാണ് തിരിച്ചറിഞ്ഞത്.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് കരൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി മുറിയില്‍ കയറി കതകടക്കുകയായിരുന്നു. ഈ സമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല.

ഏറെ നേരമായിട്ടും പുറത്തേക്ക് കാണാതായതോടെ അയല്‍വാസി വന്ന് അന്വേഷിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇവര്‍ പിന്നീട് പൊലീസിനേയും പെണ്‍കുട്ടിയുടെ അമ്മയേയും വിവരം അറിയിക്കുകയായിരുന്നു.

മുറിയില്‍ നിന്ന് തന്നെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. തന്നെ പീഡിപ്പിച്ചതാരാണെന്ന് പറയാന്‍ പേടിയാണെന്ന് പെണ്‍കുട്ടി കുറിപ്പില്‍ പറഞ്ഞിരുന്നു. പീഡനത്തെ തുടര്‍ന്ന് ഇനിയൊരു പെണ്‍കുട്ടിയും കരൂര്‍ ജില്ലയില്‍ ആത്മഹത്യ ചെയ്യരുതെന്നും കുറിപ്പില്‍ പറയുന്നു.

ഇനിയും ഒരുപാട് നാളുകള്‍ ജീവിക്കണമെന്നുണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് പോകാന്‍ സമയമായെന്നും എഴുതിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതില്‍ വീട്ടുകാരോട് ക്ഷമയും ചോദിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 17-year-old-girl-hangs-self-in-tamil-nadu-s-karur-alleging-sexual-harassment