ഭീകരവാദ വിരുദ്ധ സഹകരണവും പശ്ചിമേഷ്യന്‍ സുരക്ഷയും ലക്ഷ്യം; ഇറാന്‍ സുരക്ഷാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍
national news
ഭീകരവാദ വിരുദ്ധ സഹകരണവും പശ്ചിമേഷ്യന്‍ സുരക്ഷയും ലക്ഷ്യം; ഇറാന്‍ സുരക്ഷാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍
ആദര്‍ശ് എം.കെ.
Monday, 22nd June 2026, 8:03 pm

 

ന്യൂദല്‍ഹി: ഭീകരവാദ വിരുദ്ധ സഹകരണവും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും ലക്ഷ്യമിട്ട് ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തി.

തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ (എസ്.എന്‍.എസ്.സി) പ്രതിരോധ കാര്യ ഡെപ്യൂട്ടി സെക്രട്ടറി ഗാദിര്‍ നെസാമിപൂരുമായാണ് ഡോവല്‍ ചര്‍ച്ച നടത്തിയത്.

ന്യൂദല്‍ഹിയില്‍ നടക്കുന്ന പതിനാറാമത് ബ്രിക്‌സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിന് മുന്നോടിയായാണ് ഈ സുപ്രധാന കൂടിക്കാഴ്ച നടന്നത്.

ആഗോളതലത്തിലെ പ്രധാന രാഷ്ട്രങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഈ ഉച്ചകോടിക്ക് നിലവില്‍ ബ്രിക്‌സ് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം, ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണം, ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.

അമേരിക്കയുമായി ഇറാന്‍ ഒരു ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ എത്തിയതിന് ശേഷം ഇതാദ്യമാണ് ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.

അജിത് ഡോവലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഈ രണ്ട് ദിവസത്തെ യോഗത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, റഷ്യന്‍ എന്‍.എസ്.എ സെര്‍ജി ഷോയിഗു തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.

റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, പരമ്പരാഗതമല്ലാത്ത സുരക്ഷാ വെല്ലുവിളികള്‍, അന്താരാഷ്ട്ര ഭീകരവാദം, ആധുനിക സാങ്കേതികവിദ്യകള്‍ ഉയര്‍ത്തുന്ന പുതിയ സുരക്ഷാ ഭീഷണികള്‍ എന്നിവ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ജമ്മു കശ്മീരില്‍ നടത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ തങ്ങളുടെ ശക്തമായ ആശങ്ക യോഗത്തില്‍ അറിയിക്കാന്‍ സാധ്യതയുണ്ട്.

കൂടാതെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ സുരക്ഷാ സാഹചര്യങ്ങളും ചര്‍ച്ചയുടെ ഭാഗമാകും. വിപുലീകരിക്കപ്പെട്ട ബ്രിക്‌സ് അംഗങ്ങളായ റഷ്യ, ചൈന എന്നിവരുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും ഇന്ത്യ ഈ വേദിയെ ഉപയോഗപ്പെടുത്തുന്നു.

ബ്രിസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച ബ്രിക്‌സ് കൂട്ടായ്മ സമീപകാലത്ത് വിപുലീകരിച്ചിരുന്നു. 2024ല്‍ ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യു.എ.ഇയും 2025ല്‍ ഇന്തോനേഷ്യയും ബ്രിക്‌സില്‍ അംഗമായി.

ഇവരെക്കൂടി ഉള്‍പ്പെടുത്തിയതോടെ ലോകജനസംഖ്യയുടെ പകുതിയോളം പ്രതിനിധീകരിക്കുന്ന 11 രാജ്യങ്ങളാണ് ഇപ്പോള്‍ ഈ കൂട്ടായ്മയിലുള്ളത്.

2012, 2016, 2021 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് നാലാം തവണയാണ് ഇന്ത്യ ബ്രിക്‌സ് അധ്യക്ഷ പദവി അലങ്കരിക്കുന്നത്.

‘പ്രതിരോധം, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ലോകത്തെ കെട്ടിപ്പടുക്കുക’ എന്നതാണ് ഇത്തവണത്തെ ഇന്ത്യയുടെ പ്രമേയം. പശ്ചിമേഷ്യയിലും അതിനപ്പുറവുമുള്ള സങ്കീര്‍ണമായ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ ഒരു മധ്യസ്ഥന്റെയും നേതാവിന്റെയും പങ്കാണ് ഈ ഉച്ചകോടിയിലൂടെ ഇന്ത്യ നിര്‍വഹിക്കുന്നത്.

 

Content Highlight:  16th BRICS Security Summit in New Delhi; Ajit Doval holds talks with top Iranian official

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.