അവനെ പോലൊരു താരത്തെ പരിശീലിപ്പിക്കാന്‍ ആരും ആഗ്രഹിക്കും: സിദാന്‍
Football
അവനെ പോലൊരു താരത്തെ പരിശീലിപ്പിക്കാന്‍ ആരും ആഗ്രഹിക്കും: സിദാന്‍
സുദേവ് എ
Sunday, 2nd August 2026, 10:16 am

ലോകകപ്പിന് ശേഷം ഫ്രാന്‍സില്‍ സിദാന്‍ യുഗം ആരംഭിച്ചിരിക്കുകയാണ്. ലോകകപ്പിന് ശേഷം ഫ്രാന്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ദിദിയര്‍ ദെഷാംസിന്റെ പകരക്കാരനായാണ് സിദാന്‍ ഫ്രാന്‍സിന്റെ പുതിയ പരിശീലക കുപ്പായമണിഞ്ഞത്.

2021ല്‍ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയ സിദാന്റെ പുറകില്‍ പല വമ്പന്‍ ക്ലബ്ബുകളും രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം ഫ്രഞ്ച് ഇതിഹാസം തള്ളികളയുകയായിരുന്നു. ഇപ്പോള്‍ വീണ്ടും പരിശീലക റോളിലെത്തുമ്പോള്‍ സിദാന്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ കുറിച്ച് പറഞ്ഞിരുന്ന വാക്കുകളാണ് വീണ്ടും ചര്‍ച്ചയാവുന്നത്.

എംബാപ്പെയെ പോലൊരു താരത്തെ പരിശീലിപ്പിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തതെന്നും എന്നെങ്കിലുമൊരിക്കല്‍ അത് സംഭവിക്കുമെന്ന് കരുതുന്നുവെന്നുമായിരുന്നു എല്‍ ഫുട്‌ബോളെറോക്ക് നല്‍കിയ അഭിമുഖത്തില്‍ സിദാന്‍ പറഞ്ഞിരുന്നത്.

‘നിങ്ങളൊരു പരിശീലകനാണെങ്കില്‍ എംബാപ്പെയെ പോലൊരു താരത്തെ തീര്‍ച്ചയായും പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കും. എന്നെങ്കിലും ഒരിക്കല്‍ അത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നു. ഫ്രാന്‍സിനായി മികച്ച പ്രകടനം നടത്തുന്ന താരമാണവന്‍. അവന്റെ എല്ലാ കാര്യവും എനിക്ക് ഇഷ്ടമാണ്. വളരെ ശക്തനായ താരമാണവന്‍,’ സിദാന്‍ പറഞ്ഞു.

കിലിയൻ എംബാപ്പെ

സിദാന്റെ വാക്കുകള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാവാന്‍ പോവുകയാണ്. സിദാന്റെ കീഴില്‍ ഫ്രാന്‍സിന്റെ മുന്നേറ്റ നിരയില്‍ എംബാപ്പെ പന്തുതട്ടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 2026 ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത് എംബാപ്പെയാണ്.

10 ഗോളുകളാണ് എംബാപ്പെ എതിരാളികളുടെ വലയിലെത്തിച്ചത്. ഗോള്‍ഡന്‍ ബൂട്ടിനൊപ്പം ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായി മാറാനും എംബാപ്പെക്ക് സാധിച്ചു. 22 ഗോളുകളുമായാണ് എംബാപ്പെ ഒന്നാമതെത്തിയത്.

സിനദിൻ സിദാൻ

കളിക്കളത്തില്‍ താരമായും പരിശീലകനായും ഒരുപോലെ തിളങ്ങിയ ചുരുക്കം ചില ആളുകളില്‍ ഒരാളായ സിദാന്റെ കീഴില്‍ എംബാപ്പെ ഇനിയും തിളങ്ങുമെന്നുറപ്പാണ്. സിദാന്‍ ഫ്രാന്‍സ് ടീമിനെ ഇനിയും ഉയരങ്ങളിലെത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനൊപ്പം അവിസ്മരണീയമായ കോച്ചിങ് കരിയറാണ്സിദാന്‍ പടുത്തുയര്‍ത്തിയത്. റയല്‍ മാഡ്രിഡിനെ ഹാട്രിക് ചാമ്പ്യന്‍സ് കിരീടത്തിലേക്ക് നയിക്കാന്‍ സിദാന് സാധിച്ചിരുന്നു. മറ്റൊരു കോച്ചിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണിത്.

ഫ്രാൻസ് ഫുട്ബോൾ ടീം

അതേസമയം ഈ ലോകകപ്പില്‍ സെമി ഫൈനലില്‍ സ്പെയ്നിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതാണ് ഫ്രാന്‍സ് ഈ ലോകകപ്പിലെ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. ഈ ലോകകപ്പിലും ഫ്രാന്‍സ് സെമി ഫൈനല്‍ കടന്നതോടെ തുടര്‍ച്ചയായ മൂന്ന് സെമി ഫൈനലുകള്‍ കളിക്കുന്ന മൂന്നാമത്തെ ടീമായും ഫ്രാന്‍സ് മാറിയിരുന്നു. ജര്‍മനിക്കും ബ്രസീലിനും ശേഷം ഈ നേട്ടം കൈപ്പിടിയിലാക്കുന്ന മൂന്നാമത്തെ ടീമാണ് ഫ്രാന്‍സ്.

 

Content Highlight: Zinadine Zidane talks about Kylian Mbappe

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.