ഡി.സി കോമിക്‌സിന്റെ സൂപ്പര്‍ ഗേള്‍, മാര്‍വലിന്റെ സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ, ക്രിസ്റ്റഫര്‍ നോളന്റെ ദി ഒഡീസി എന്നിവയാണ് സമ്മര്‍ റിലീസിലെ കൊമ്പന്മാര്‍. ഇതില്‍ സൂപ്പര്‍ ഗേള്‍ ജൂണ്‍ അവസാനവാരമാണ് തിയേറ്ററുകളിലെത്തുന്നത്. സ്‌പൈഡര്‍മാനും ഒഡീസിയും ജൂലൈ റിലീസുകളായി പ്രേക്ഷകരിലേക്കെത്തും.
സ്‌പൈഡര്‍മാനും ഒഡീസിയും തമ്മിലുള്ള ക്ലാഷില്‍ ഏത് ചിത്രമാകും വിജയിക്കുക എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ഈ ചര്‍ച്ചയില്‍ രണ്ട് സിനിമകളിലെയും ചെറിയൊരു സാമ്യതയാണ് പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. രണ്ട് സിനിമയിലും പ്രധാനവേഷം കൈകാര്യം ചെയ്യുന്നത് ഒരേ താരങ്ങളാണ്.
സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയില്‍ നായകനായി ടോം ഹോളണ്ടും നായികയായി സെന്‍ഡയയുമെത്തുന്നുണ്ട്. പീറ്റര്‍ പാര്‍ക്കറായി ടോം ഹോളണ്ട് എത്തുമ്പോള്‍ എം.ജെയെ സെന്‍ഡയയും അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ഒന്നിക്കുമോ ഇല്ലയോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഒഡീസിയിലും ഈ രണ്ട് പേരും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ഇതിഹാസത്തിലെ ടെലെമാക്കസിനെയാണ് ടോം ഹോളണ്ട് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗ്രീക്ക് രാജാവ് ഒഡീസിയസിന്റെ മകനായി ടോം വേഷമിടുമ്പോള്‍ ഗ്രീക്ക് പുരാണത്തിലെ അഥേനയെയാണ് സെന്‍ഡയ അവതരിപ്പിക്കുന്നത്. അറിവിന്റെ ദേവതയായ അഥേനയെ താരം ഗംഭീരമാക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇരുവര്‍ക്കും പുറമെ മറ്റൊരു താരം കൂടി രണ്ട് സിനിമയിലും ഭാഗമാകുന്നുണ്ട്. ജോണ്‍ ബെന്തലാണ് രണ്ട് സിനിമയിലെയും മറ്റൊരു സാന്നിധ്യം. സ്‌പൈഡര്‍മാനില്‍ പണിഷറായി വേഷമിടുമ്പോള്‍ ഒഡീസിയില്‍ മെനേലസിനെയാണ് താരം അവതരിപ്പിക്കുന്നത്. വല്ലാത്തൊരു യാദൃശ്ചികത എന്നാണ് മൂന്ന് താരങ്ങളുടെയും കാസ്റ്റിങ്ങിനെക്കുറിച്ച് പലരുടെയും കമന്റുകള്‍.
ഈ വര്‍ഷം മാര്‍വലിന്റെ ആദ്യ തിയേറ്റര്‍ റിലീസാണ് സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ. ബോക്‌സ് ഓഫീസില്‍ അടുത്ത വണ്‍ ബില്യണ്‍ ചിത്രമായി ബ്രാന്‍ഡ് ന്യൂ ഡേ മാറുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം പൂര്‍ണമായും ഐമാക്‌സ് ക്യാമറയില്‍ ചിത്രീകരിച്ച സിനിമയാണ് ഒഡീസി. ക്ലാഷില്‍ ആര് ജയിക്കുമെന്ന് ജൂലൈയില്‍ കാണാം.
Content Highlight: Zendaya and Tom Holland’s presence in Spiderman and Odyssey movies discussing in social media