ഫാമിലി മാന്‍ എന്ന ഹിന്ദി വെബ് സീരിസിലൂടെ കരിയര്‍ ആരംഭിക്കുകയും ആട്ടം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി തീരുകയും ചെയ്ത നടിയാണ് സെറിന്‍ ഷിഹാബ്. ആനന്ദ് ഏകര്‍ഷിണി ഒരുക്കിയ ആട്ടം കേരളത്തിന് പുറത്ത് ശ്രദ്ധിക്കപ്പെടുകയും മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. സിനിമയില്‍ അഞ്ജലി എന്ന കഥാപാത്രമായാണ് സെറിന്‍ എത്തിയത്.
ആസിഫ് അലി നായകനായെത്തിയ രേഖചിത്രം എന്ന സിനിമയിലെ പുഷ്പം എന്ന കഥാപാത്രമായും സെറിന്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ചിരുന്നു. ഇത്തിരി നേരമാണ് താരത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
ഇപ്പോള്‍ ഗൃഹലക്ഷ്മി മാഗസിനുമായുള്ള അഭിമുഖത്തില്‍ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുകയാണ് സെറിന്‍. വാരിവലിച്ച് സിനിമകള്‍ ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ലെന്ന് നടി പറയുന്നു.
‘നമ്മള്‍ ഏത് കഥാപാത്രം ചെയ്താലും അതിനെക്കുറിച്ച് ആളുകള്‍ ചിന്തിക്കണം, അത് ചര്‍ച്ച ചെയ്യപ്പെടണം. ‘ആട്ടം’ കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും അത് ചര്‍ച്ചയാവുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ആയ രേഖാ ചിത്രത്തിലെ കഥാപാത്രവും ആളുകള്‍ ഓര്‍ക്കുന്നു. ഞാന്‍ കഥാപാത്രങ്ങളെ സമീപിക്കുന്നത് എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടാവാം, അത് വെച്ച് കണക്ട് ചെയ്യാം എന്ന രീതിയിലല്ല.
ഇതുപോലത്തെ കഥാപാത്രങ്ങള്‍ മുമ്പ് സിനിമയില്‍ വന്നിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാക്കാന്‍ കഴിയും എന്ന രീതിയിലാണ്. എങ്കിലും അവതരിപ്പിക്കുമ്പോള്‍ ആ കഥാപാത്രത്തിന്റെ ആഴം ഒട്ടും കുറഞ്ഞു പോവാനും പാടില്ല. അങ്ങനെ നോക്കുമ്പോള്‍ പലപ്പോഴും നമ്മുടെ വ്യക്തിപരമായ അനുഭവങ്ങളും അതില്‍ വന്നുപോകാറുണ്ട്,’ സെറിന്‍ പറയുന്നു.
‘ആട്ടം’ സിനിമയുടെ അവസാന സീനുകളില്‍ അഞ്ജലി എന്ന കഥാപാത്രം മിക്കവാറും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും അതുപോലെ ജീവിതത്തില്‍ എത്രയോ തവണ നമ്മളും ഒറ്റപ്പെടുകയും മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തിട്ടുണ്ടെന്നും സെറിന്‍ പറഞ്ഞു. സ്‌കൂളിലും കോളേജിലും ജോലിയിലുമൊക്കെ അത്തരം അനുഭവങ്ങളുണ്ടാകമെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഒരു നാടകഗ്രൂപ്പിന്റെ ഭാഗമായിരുന്ന അഭിനേത്രിക്കുണ്ടാകുന്ന ദുരനുഭവത്തിലൂടെ ആണ്‍ മനോഭാവങ്ങളെ തുറന്ന് കാണിക്കുന്ന സിനിമയായി ഒരുങ്ങിയ ആട്ടം, മികച്ച തിരക്കഥാകൃത്ത്, മികച്ച ചിത്ര സംയോജനം എന്നീ ദേശീയ പുരസ്‌കാരങ്ങളും നേടി. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, അജി തിരുവംകുളം തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Zarin Shihab talks about the choice of characters in movies