ശ്രേയസ് അയ്യർ അടുത്ത ഇന്ത്യൻ ടി – 20 ക്യാപ്റ്റനായേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ശ്രേയസ് ഇപ്പോൾ ക്യാപ്റ്റൻസിയെ കുറിച്ചായിരിക്കില്ല ചിന്തിക്കുന്നതെന്നും ഇന്ത്യൻ ടി – 20 ടീമിന്റെ ഭാഗമായി ആ സ്ഥാനം ഉറപ്പിക്കുന്നതിനാകും താരം മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ ഏറ്റവും യോഗ്യന്‍ ശ്രേയസാണെന്നും നേതൃപാടവമുള്ള മനോഭാവമാണ് താരത്തിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു സഹീര്‍ ഖാന്‍.
സഹീര്‍ ഖാന്‍.
‘ഇന്ത്യന്‍ ടി – 20 ടീമിന്റെ ഭാഗമാകുക എന്നതായിരിക്കും ഇപ്പോള്‍ ശ്രേയസ് അയ്യരുടെ മനസിലുണ്ടാവുക. ക്യാപ്റ്റന്‍സിയെ കുറിച്ച് അവന്‍ ഇപ്പോള്‍ ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ, ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ ഏറ്റവും യോഗ്യനായ ഒരാളാണ് അവന്‍. അവന്‍ ഐ.പി.എല്ലില്‍ വിവിധ ടീമുകളെ വിജയകരമായി നയിച്ചിട്ടുണ്ട്. നേതൃപാടവമുള്ള ഒരു മനോഭാവമാണ് അവന്റേത്.
നിലവിലെ ഇന്ത്യന്‍ ടി – 20 ടീമിനെ നോക്കുമ്പോള്‍ മികച്ച പ്രകടനങ്ങളിലൂടെ ടീമില്‍ തനിക്ക് താരമെന്ന നിലയില്‍ ഒരു സ്ഥാനം ഉറപ്പിക്കുന്നതിനാവും ശ്രേയസ് മുന്‍ഗണന നല്‍കുക. ഒരിക്കല്‍ ടീമിലെത്തിക്കഴിഞ്ഞാല്‍ പിന്നീടുള്ള കാര്യങ്ങള്‍ മാനേജ്‌മെന്റ് എങ്ങനെ കാണുന്നത് എന്നതിന് അനുസരിച്ചായിരിക്കും.
പ്രകടനങ്ങള്‍ കൊണ്ട് തിളങ്ങാന്‍ ശ്രേയസ് വളരെയധികം താത്പര്യപ്പെടുന്നുണ്ട്. തന്റെ പ്രകടനങ്ങളിലൂടെ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്,’ സഹീര്‍ ഖാന്‍ പറഞ്ഞു.
നേരത്തെ, ശ്രേയസ് അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നിലവിലെ ടി – 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മാറ്റാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചാല്‍ ശ്രേയസിനാവും നറുക്ക് വീഴുക എന്നാണ് വിവരം. സൂര്യയുടെ ബാറ്റിങ് ഫോമിനെ ആശ്രയിച്ചായിരിക്കും ക്യാപ്റ്റന്‍സി മാറ്റം.
ശ്രേയസ് അയ്യർ.
അതേസമയം, 2023ലാണ് ശ്രേയസ് അയ്യര്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ ഒരു ടി – 20 മത്സരം കളിച്ചത്. അതിന് ശേഷം ഇന്ത്യന്‍ ടീം രണ്ട് തവണ ടി – 20 ലോകകപ്പ് ഉയര്‍ത്തിയപ്പോഴും താരം ടീമിന്റെ ഭാഗമായിരുന്നില്ല.
എന്നാല്‍, ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകളെ നയിച്ച മികവാണ് ശ്രേയസിനെ വീണ്ടും ഇന്ത്യന്‍ ടി – 20 ടീം ചര്‍ച്ചകളിലേക്ക് കൊണ്ടുവന്നത്. ദല്‍ഹിയെ ആദ്യമായി ഫൈനലില്‍ എത്തിച്ച താരം കൊല്‍ക്കത്തയ്ക്ക് മൂന്നാം കിരീടം സമ്മാനിച്ചിരുന്നു. കൂടാതെ, നായകനായ ആദ്യ സീസണില്‍ തന്നെ പഞ്ചാബിനെ താരം റണ്ണേഴ്‌സപ്പുമാക്കി.
Content Highlight: Zaheer Khan says Shreyas Iyer’s priority will be to ensure his spot in India’s current T20 setup than captaincy