15 വര്‍ഷങ്ങളുടെ ഇടവേളയില്‍ രണ്ട് സെഞ്ച്വറികള്‍; ഇത് ചെന്നൈയിലെ 'യുവി സ്‌പെഷ്യല്‍സ്'
Cricket
15 വര്‍ഷങ്ങളുടെ ഇടവേളയില്‍ രണ്ട് സെഞ്ച്വറികള്‍; ഇത് ചെന്നൈയിലെ 'യുവി സ്‌പെഷ്യല്‍സ്'
ഫസീഹ പി.സി.
Tuesday, 17th February 2026, 4:17 pm

2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിന് എതിരെ കാനേഡിയന്‍ താരം യുവരാജ് സമ്ര സെഞ്ച്വറി നേടിയിരുന്നു. ഇതോടെ ടി – 20 ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. ഒപ്പം ആദ്യ അസോസിയേറ്റ് സെഞ്ചൂറിയന്‍ എന്ന റെക്കോഡും താരം പേരില്‍ എഴുതി ചേര്‍ത്തു.

കിവീസിന് എതിരെ നേരിട്ട 52ാം പന്തിലാണ് സമ്ര സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 17ാം ഓവറിലെ അവസാന പന്തില്‍ ഫോറടിച്ചാണ് താരം മൂന്നക്കം കടന്നത്. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ താരം മത്സരത്തില്‍ നേടിയത് 65 പന്തില്‍ 110 റണ്‍സാണ്. 169.23 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തിയ താരം ആറ് സിക്‌സുകളും 11 ഫോറുകളും അതിര്‍ത്തി കടത്തിയത്.

യുവരാജ് സമ്ര. Photo: ICC/x.com

ഈ പ്രകടനത്തോടെ സമ്രയും ഇന്ത്യന്‍ താരം യുവരാജ് സിങ്ങും ചര്‍ച്ചയാവുകയാണ്. അതിനൊരു കാരണം ഇരുവരെയും പേരുകളുടെ സാമ്യമാണ്. ഇരുവരുടെയും പേരുകള്‍ തുടങ്ങുന്നത് ‘യുവരാജ്’ എന്ന് കൊണ്ടാണ്. ഒപ്പം മത്സരശേഷം യുവരാജ് സിങ് താന്‍ ചെറുപ്പം മുതല്‍ തന്നെ ആരാധിക്കുന്ന താരമാണെന്നും സമ്രയും പറഞ്ഞു. ഈ വാക്കുകളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇതിനൊപ്പം യുവരാജ് സിങ്ങിനെയും സമ്രയുടെയും ആദ്യ ലോകകപ്പ് സെഞ്ച്വറികള്‍ തമ്മിലുള്ള സാമ്യത കൂടി ചര്‍ച്ചയാവുകയാണ്. ഇരുവരും ലോകകപ്പ് സെഞ്ച്വറി അടിച്ചത് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്.

2011 ഏകദിന ലോകകപ്പിൽ യുവരാജ് സിങ്. Photo: Espncricinfo/x.com

2011 ഏകദിന ലോകകപ്പിലാണ് യുവി തന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറി കരസ്ഥമാക്കിയത്. അന്ന് ചെന്നൈയില്‍ ഇന്ത്യയ്ക്ക് എതിരാളി വെസ്റ്റ് ഇന്‍ഡീസായിരുന്നു. ആ മത്സരത്തില്‍ താരം 123 പന്തില്‍ 113 റണ്‍സാണ് എടുത്തത്. രണ്ട് സിക്‌സുകളും പത്ത് ഫോറുകളും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്.

ഇപ്പോള്‍ 15 വര്‍ഷത്തിന് ശേഷം അതേ സ്റ്റേഡിയത്തില്‍ തന്നെയാണ് സമ്രയും തന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറി സ്വന്തമാക്കുന്നത്. എതിരാളികളും ഫോര്‍മാറ്റുമെല്ലാം വേറെയാണെങ്കിലും ഒരുപോലെ പേരുള്ള രണ്ട് പേരുടെ സെഞ്ച്വറിക്കാണ് ചെന്നൈയ്ക്ക് സാക്ഷിയാവാന്‍ സാധിച്ചത് എന്നതാണ് കൗതുകം.

Content Highlight: Yuvaraj Singh and Yuvraj Samra’s World Cup centuries was in MA Chidambaram stadium Chennai

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി