ആന്ധപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനത്തില്‍ യാത്ര 2 സിനിമയുടെ പോസ്റ്റര്‍ പുറത്ത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥ പറയുന്ന ചിത്രമാണ് യാത്ര 2. പരസ്പരം എതിരായി ഇരിക്കുന്ന മമ്മൂട്ടിയും ജീവയുമാണ് പോസ്റ്ററില്‍. ജീവയാണ് ചിത്രത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി അഭിനയിക്കുന്നത്.

മമ്മൂട്ടി നായകനായി 2019ല്‍ പുറത്ത് വന്ന യാത്രയുടെ രണ്ടാം ഭാഗമാണ് ചിത്രം. യാത്രയില്‍ ആന്ധപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ വൈ.എസ്. രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയാണ് അഭിനയിച്ചത്. യാത്ര 2വില്‍ മമ്മൂട്ടി അതിഥി വേഷത്തിലായിരിക്കും എത്തുക എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

70 എം.എം. എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന യാത്ര രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും മഹി വി. രാഘവ് ആണ് നിര്‍വഹിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്.

2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈ.എസ്.ആര്‍ നയിച്ച 1475 കിലോ മീറ്റര്‍ പദയാത്രയെ അടിസ്ഥാനമാക്കി ആയിരുന്നു 2019ല്‍ യാത്ര ഒരുക്കിയത്. 2009ല്‍ സംഭവിച്ച ഹെലികോപ്ടര്‍ അപകടത്തിലാണ് വൈ.എസ്.ആര്‍ മരിച്ചത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ജഗന്‍ മോഹന്‍ റെഡ്ഡി 2009ല്‍ കഡപ്പ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം ഒടുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി സ്ഥാപിച്ചു.