സച്ചിനും മഞ്ജരേക്കറും മാത്രമല്ല; അപൂര്‍വ റെക്കോഡില്‍ പറന്നിറങ്ങി ജെയ്‌സ്വാള്‍
Cricket
സച്ചിനും മഞ്ജരേക്കറും മാത്രമല്ല; അപൂര്‍വ റെക്കോഡില്‍ പറന്നിറങ്ങി ജെയ്‌സ്വാള്‍
ശ്രീരാഗ് പാറക്കല്‍
Saturday, 15th August 2026, 9:24 pm

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് ഇന്ത്യ നേടിയത്.

മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ റണ്‍ഔട്ടിലൂടെയായിരുന്നു പുറത്തായത്. രാഹുല്‍ സിംഗിള്‍ ഇടുന്നതിനിടെ ബൗളറും ജെയ്‌സ്വാളും ഉണ്ടായ ക്ലാഷായിരുന്നു ജെയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണം. 37 പന്തില്‍ 32 റണ്‍സ് നേടിയാണ് ജെയ്സ്വാള്‍ പുറത്തായത്.

എന്നാല്‍ ശ്രീലങ്കയ്ക്കെതിരായ ഗല്ലെ ടെസ്റ്റില്‍ കളത്തിലിറങ്ങിയതോടെ യശസ്വി ജെയ്‌സ്വാള്‍ അപൂര്‍വ നേട്ടവും സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് കരിയറിലെ ആദ്യ 30 മത്സരങ്ങള്‍ വ്യത്യസ്ത വേദികളില്‍ കളിച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും സഞ്ജയ് മഞ്ജരേക്കറിനുമൊപ്പമെത്തിയിരിക്കുകയാണ് ജെയ്‌സ്വാള്‍.

2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ജെയ്‌സ്വാളിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഗല്ലെയില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരം അദ്ദേഹത്തിന്റെ 30ാം ടെസ്റ്റാണ്. കരിയറിലെ ആദ്യ 30 ടെസ്റ്റുകളും വ്യത്യസ്ത വേദികളില്‍ കളിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ജെയ്‌സ്വാള്‍.

37 ടെസ്റ്റുകള്‍ കളിച്ച സഞ്ജയ് മഞ്ജരേക്കര്‍ തന്റെ ആദ്യ 33 ടെസ്റ്റുകള്‍ വ്യത്യസ്ത വേദികളിലാണ് കളിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യ 32 ടെസ്റ്റുകള്‍ 32 വ്യത്യസ്ത വേദികളിലാണ് കളിച്ചത്.

വരാനിരിക്കുന്ന മത്സരങ്ങളോടെ ജെയ്‌സ്വാള്‍ സച്ചിനെയും മഞ്ജരേക്കറെയും മറികടക്കും. ഇന്ത്യയുടെ അടുത്ത നാല് ടെസ്റ്റുകള്‍ കൊളംബോ, വെല്ലിങ്ടണ്‍, ക്രൈസ്റ്റ്ചര്‍ച്ച്, നാഗ്പൂര്‍ എന്നിവിടങ്ങളിലാണ് നടക്കുക.

ഈ വേദികളിലൊന്നിലും ജെയ്‌സ്വാള്‍ ഇതുവരെ ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. അതിനാല്‍ ഈ നാല് മത്സരങ്ങളിലും കളത്തിലിറങ്ങിയാല്‍ ആദ്യ 34 ടെസ്റ്റുകളും വ്യത്യസ്ത വേദികളില്‍ കളിച്ച താരമെന്ന നേട്ടം ജെയ്‌സ്വാളിന് സ്വന്തമാകും.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

ലാഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, ദിനേശ് ചണ്ഡിമല്‍, കമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണാല്‍ ദിനുഷ, നിരോഷന്‍ ഡിക്‌വെല്ല (വിക്കറ്റ് കീപ്പര്‍), കേശാര നുവന്ത, പ്രബാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ

Content Highlight: Yashasvi Jaiswal In Great Record Achievement

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ