വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനമത്സരത്തിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി മുമ്പേ പ്രവചിച്ചതാണെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷു കൊട്ടക്. ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിങ്‌സ് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ റൺസ് നേടാനുള്ള ഗില്ലിന്റെ തീവ്രമായ ആഗ്രഹത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ഗില്ലിൻ്റെ അസാധാരണമായ ബാറ്റിങ് ശ്രമത്തെക്കുറിച്ച് പങ്കുവെക്കുകയായിരുന്നു കൊട്ടക്.
‘ഏകദിന ക്രിക്കറ്റിൽ ഞാൻ കണ്ട ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങളിൽ ഒന്നാണിത്. ഇത് ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അവർ 400 റൺസ് എടുത്തപ്പോൾ, ആദ്യ 30 ഓവർ നന്നായി കളിക്കാമെന്നാണ് ഞങ്ങൾ കരുതിയത്.
ബാക്കി 20 ഓവറിൽ 160–170 റൺസ് കൂടി നേടി ജയിക്കാമെന്നും വിചാരിച്ചു. എന്നാൽ കാര്യങ്ങൾ വിചാരിച്ചതുപോലെ ആയിരുന്നില്ല. ശുഭ്‌മൻ ഗില്ലും രോഹിത് ശർമയും വിരാട് കോഹ്‌ലിയും അത്ര ഗംഭീരമായാണ് ബാറ്റ് ചെയ്തത്. 32 ഓവർ കഴിഞ്ഞപ്പോഴേക്കും അവർ 320 റൺസ് എടുത്തിരുന്നു. അതോടെ കളി ഏതാണ്ട് നമ്മുടെ കൈകളിലായിക്കഴിഞ്ഞിരുന്നു.
ഗിൽ ബാറ്റ് ചെയ്ത രീതി അവിശ്വസനീയമാണ്. ആ ബാറ്റിങ് പ്രകടനം കാണാൻ തന്നെ വലിയ സന്തോഷമാണ്. ഗിൽ 115-120 റൺസ് എടുത്തു നിന്നപ്പോൾ, അദ്ദേഹം ഇത്തവണ 200 റൺസ് (ഇരട്ട സെഞ്ച്വറി) നേടുമെന്ന് എനിക്ക് തോന്നിയിരുന്നു. ഇതുപോലൊരു വലിയ ഇന്നിങ്‌സ് കളിക്കാൻ ഒരു ബാറ്റർക്ക് റൺസ് നേടാനുള്ള തീവ്രമായ ആഗ്രഹം ഉണ്ടാവേണ്ടത് പ്രധാനമാണ്,’ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷു കൊട്ടക്
സെപ്റ്റംബർ 30 ബുധനാഴ്‌ച ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 406 റൺസിന്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും രോഹിത് ശർമയുടെ സെഞ്ച്വറിയുടെയും കരുത്തിൽ ഇന്ത്യ 39 പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു.
ക്യാപ്റ്റനായ ഗിൽ 133 പന്തിൽ നിന്ന് 223* റൺസ് അടിച്ചെടുക്കുകയിരുന്നു. രോഹിത് ശർമ 75 പന്തിൽ നിന്ന് 101 റൺസും നേടി.ഇരുവർക്കും പുറമെ വിരാട് കോഹ്‌ലിയും (19 പന്തിൽ നിന്ന് 29), ഋതുരാജ് ഗൈക്വത് (37 പന്തിൽ നിന്ന് 31*) മികച്ച സംഭാവനകൾ നൽകി.
വിൻഡീസിനായി ബാറ്റിങ്ങിനിറങ്ങിയ ഓപ്പണര്‍ ജോണ്‍ കാംബെല്‍, നായകന്‍ ഷായ് ഹോപ്പ്, സൂപ്പര്‍ താരം ആമിര്‍ ജാംഗു എന്നിവരുടെ സെഞ്ച്വറി കരുതാണ് മികച്ച സ്‌കോറിലേക്ക് ടീമിനെ നയിച്ചത്.
കാംബെല്‍ 68 പന്തില്‍ 101 റണ്‍സ് നേടിയപ്പോള്‍ 77 പന്തില്‍ 114 റണ്‍സടിച്ച് ടോപ്പ് സ്‌കോററായാണ് ആമിര്‍ ജാംഗു കളം വിട്ടത്. 94 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 104 റണ്‍സാണ് നായകന്‍ ഷായ് ഹോപ്പ് സ്വന്തമാക്കിയത്.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടുമത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് . ഒക്‌ടോബര്‍ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.
Content Highlights: Indian batting coach Sitanshu Kotak revealed that he had predicted captain Shubman Gill’s double century beforehand in the second ODI against the West Indies
