[]ന്യൂദല്‍ഹി: യൂസേഴ്‌സിന്റെ ഇ-മെയ്ല്‍ ചോര്‍ത്തി എന്ന ആരോപണത്തെത്തുടര്‍ന്ന് പ്രമുഖ ഇ-മെയ്ല്‍ സേവന ദാതാവായ യാഹൂവിനെതിരെ കേസ്. ബ്രയാന്‍ പിന്‍കസ് എന്ന അഭിഭാഷകനാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ചോര്‍ത്തലിന് വിധേയരായ യാഹൂ ഇതര ഇ-മെയ്ല്‍ ഉപഭോക്താക്കളുടെ പ്രതിനിധിയാണ് താനെന്ന് അദ്ദേഹം പറയുന്നു.
“സ്വകാര്യതയില്‍ അതിക്രമിച്ചു കടന്നതിനാല്‍ ഓരോ വ്യക്തിയ്ക്കും 5000 ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലുള്ള ഫെഡറല്‍ കോടതിയില്‍ നവംബര്‍ 15-ന് ആണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.” ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പാമും വൈറസുകളും തിരിച്ചറിയാനും പരസ്യത്തിന് അനുയോജ്യരായ ഉപഭോക്താക്കളെ തിരിച്ചറിയാനുമായാണ് യാഹൂ ഇ-മെയ്‌ലുകള്‍ നിരീക്ഷിച്ചത്. പരാതിയില്‍ പറയുന്നു.
അടുത്തിടെ യാഹൂ തങ്ങളുടെ ഇ-മെയ്ല്‍ പോളിസികളില്‍ മാറ്റം വരുത്തിയിരുന്നു. ഇ-മെയ്ല്‍ അക്കൗണ്ടുകളില്‍ നിന്നും അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ എല്ലാ സന്ദേശങ്ങളും യാഹുവിന്റെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ വിശകലനം ചെയ്യും എന്നാണ് പുതിയ പോളിസി.
250 മില്യണിലധികം ഉപഭോക്താക്കളുള്ള യാഹൂ ലോകത്തിലെ ഏറ്റവും വലിയ ഇ-മെയ്ല്‍ സേവന ദാതാക്കളാണ്. പരസ്യങ്ങള്‍ നല്‍കാന്‍ മാത്രമല്ല സ്പാമുകളും മാല്‍വെയറുകളും തിരിച്ചറിയാനും കൂടിയാണ് ഇ-മെയ്‌ലുകള്‍ നിരീക്ഷിക്കുന്നത്.
നേരത്തെ ഗൂഗിളിന്റെ പേരിലും ഇതേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
