‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ നിരവധി ചെറിയ രംഗങ്ങളുണ്ട്. അതില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് ബിരിയാണി കഴിച്ച ശേഷം മീനാക്ഷിയുടെ കഥാപാത്രം ആഷ്‌ലിയോട് തന്റെ കൈ മണത്തുനോക്കാന്‍ പറയുന്ന രംഗം.

എന്തിനാണ് ഇങ്ങനെയൊരു സീന്‍ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ബിരിയാണി അത്ര എളുപ്പത്തില്‍ കിട്ടാത്ത സ്ഥലമാണോ, കഴിച്ചിട്ട് കൈ മണപ്പിക്കുന്നതൊക്കെ സ്വാഭാവികമാണോ എന്നൊക്കെയായിരുന്നു ചര്‍ച്ചകള്‍.

ബിരിയാണി അത്രയും കോമണ്‍ ആയ നാട്ടുകാര്‍ക്ക് ഇങ്ങനെയൊരു സീന്‍ റിലേറ്റ് ആവില്ലെന്ന തരത്തിലും ചില കമന്റുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സിനിമയിലെ ആ സീനിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയാണ് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ കിരണ്‍ ജോസി.

 

ആ സീന്‍ നേരത്തെ തന്നെ ഗിരീഷ് എ.ഡിയുടെ മനസിലുണ്ടായിരുന്ന ആശയമായിരുന്നുവെന്നും, അത് സിനിമയിലെ ഏത് ഭാഗത്ത് എങ്ങനെ പ്ലേസ് ചെയ്യാമെന്നത് തിരക്കഥ എഴുതുന്നതിനിടയിലാണ് വന്നതെന്നും കിരണ്‍ പറയുന്നു.

‘ബിരിയാണി കഴിച്ചെന്ന് പറയുമ്പോള്‍ ആഷ്ലി ജസ്റ്റിന് മെസേജ് അയക്കും. അത് ഈ പാട്ടില്‍ വന്നാല്‍ നന്നായിരിക്കുമെന്ന് എഴുത്തിനിടയിലാണ് വരുന്നത്. ആ ആശയം പക്ഷേ ഗിരീഷിന്റെ മനസില്‍ നേരത്തെ ഉണ്ടായിരുന്നു,’ കിരണ്‍ പറഞ്ഞു.

ഒരു പ്രത്യേക വ്യക്തിയില്‍ നിന്ന് എടുത്ത അനുഭവം എന്ന രീതിയിലല്ല സിനിമയിലെ രംഗങ്ങള്‍ എഴുതുന്നതെന്നും കിരണ്‍ പറയുന്നു. എഴുതാന്‍ ഇരിക്കുമ്പോള്‍ സ്വന്തം അനുഭവങ്ങളും സുഹൃത്തുക്കളുടെ അനുഭവങ്ങളും അവരുടെ സുഹൃത്തുക്കളുടെ അനുഭവങ്ങളുമെല്ലാം പലപ്പോഴും എഴുത്തിലേക്ക് കടന്നുവരും. കഥാപാത്രങ്ങളെ രൂപപ്പെടുത്തിയെടുത്ത ശേഷം അവരെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമ്പോഴാണ് പല ചെറിയ കാര്യങ്ങളും സ്വാഭാവികമായി തിരക്കഥയിലേക്ക് വന്നുചേരുന്നത്.

തിരക്കഥയെഴുതാന്‍ ഇരിക്കുന്ന ആദ്യ ദിവസം തന്നെ എല്ലാ കാര്യങ്ങളും തീരുമാനിച്ച് വെക്കാന്‍ കഴിയില്ല. പരസ്പരമുള്ള ചര്‍ച്ചകളിലൂടെയും കഥാപാത്രങ്ങളെ കൂടുതല്‍ മനസിലാക്കുന്നതിലൂടെയും പല കാര്യങ്ങളും ഓര്‍ഗാനിക്കായി വന്നുചേരുകയാണ്.

‘ക്യാരക്ടേഴ്സിനെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ നമുക്ക് അതില്‍ എഫേര്‍ട്ട് ഇട്ട് തന്നെയാണ് എഴുതുന്നത്. പിന്നെ കാര്യങ്ങള്‍ ഓര്‍ഗാനിക്കായി വന്ന് വീഴുന്നതാണ്’ കിരണ്‍ പറയുന്നു.

ഇതേ രീതിയിലാണ് സിനിമയിലെ പാട്ടുകളിലെ മൊണ്ടാഷുകളും ടൂറുകളും തിരക്കഥയുടെ ഭാഗമാകുന്നത്. വെറുതെയൊരു ടൂര്‍ എന്ന നിലയില്‍ രംഗങ്ങള്‍ ചേര്‍ക്കാറില്ല. കഥയില്‍ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം സംഭവിക്കാനുള്ള സാധ്യതയുണ്ടെങ്കിലാണ് അത്തരം ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതെന്നും കിരണ്‍ പറയുന്നു.

സെക്കന്റ് ഹാഫിലാണ് പല സിനിമകളും ഡൗണ്‍ ആകുന്നത്. അത്തരത്തില്‍ കഥ ഒരു ഘട്ടത്തില്‍ ഡൗണ്‍ ആകുന്ന സമയത്ത് ഒരു ടൂര്‍ പ്ലേസ് ചെയ്യുന്നത് ഗിരീഷ് എ.ഡിയുടെ പ്രത്യേക ബ്രില്യന്‍സാണെന്നും കിരണ്‍ പറയുന്നു.

‘അത് വെറുമൊരു യാത്രയല്ല. വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടൊരു സംഭവം അവിടെ നടക്കുന്നുണ്ട്. പ്രേമലുവിലെ ‘തെലങ്കാന ബൊമ്മലു’വിലും സമാനമായി ടൂറിനിടയിലെ സംഭവങ്ങള്‍ക്ക് കഥയില്‍ പ്രാധാന്യമുണ്ട്.

ആദിയ്ക്ക് സച്ചിനോട് ദേഷ്യം കൂടുന്നതും സച്ചിനും റീനുവും അമല്‍ ഡേവിസുമെല്ലാം കൂടുതല്‍ അടുക്കുന്നതുമെല്ലാം ആ പാട്ടിനിടെയാണ് കാണിക്കുന്നത്. പാട്ടിനൊപ്പമുള്ള മൊണ്ടാഷിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്,’ കിരണ്‍ ജോസി പറഞ്ഞു.

Would someone smell their hand after eating biryani?’; Co-writer Kiran Jossy on the scene in Bethlehem