ദോഹ: ഖത്തറിലെ മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഇസ്രഈലി അവതാരകന്റെ തുടര്‍ച്ചയായുള്ള ചോദ്യങ്ങളില്‍ പ്രതിഷേധിച്ച് അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി കൊളംബിയന്‍ ഗായകന്‍ മലുമ (Maluma).

ഇസ്രഈലി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കാന്‍ ഖത്തറില്‍ വെച്ച് നടത്തിയ അഭിമുഖമാണ് ഗായകന്‍ ബഹിഷ്‌കരിച്ചത്.

ഖത്തര്‍ വേള്‍ഡ് കപ്പ് ആന്‍തമായ (World Cup anthem) ടൂക്കോ ടാക്കയുടെ (Tukoh Taka) ഗായകരിലൊരാളാണ് മലുമ. നിക്കി മിനാജ്, മിറിയം ഫെയേഴ്സ്, മലുമ എന്നിവര്‍ ചേര്‍ന്നാണ് ഫിഫ സൗണ്ട്ട്രാക്കിന്റെ ഏറ്റവും പുതിയ ഗാനം ആലപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം.

                                                                      മലുമ

എന്നാല്‍ അവതാരകന്‍ ഖത്തറിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് മലുമയോട് തുടര്‍ച്ചയായി ചോദ്യം ചോദിക്കുകയും മറുപടി പറയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് മലുമ അവിടെ നിന്ന് ഇറങ്ങിപ്പോയത്.

‘മനുഷ്യാവകാശ പ്രശ്‌നങ്ങളിലെ മോശം റെക്കോഡ് കാരണം ഷാക്കിറയും (Shakira) ദുവാ ലിപയും (Dua Lipa) ഖത്തര്‍ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു. പക്ഷെ മലുമ ഇതില്‍ പങ്കെടുക്കുന്നു.

ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ താങ്കള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലേ എന്ന് സ്വാഭാവികമായും ആളുകള്‍ ചിന്തിക്കില്ലേ’, എന്നായിരുന്നു അവതാരകന്‍ മോവ് വാര്‍ഡിയുടെ (Moav Vardi) ചോദ്യം.

”പക്ഷെ, അത് എനിക്ക് പരിഹരിക്കാന്‍ പറ്റുന്ന വിഷയമല്ലല്ലോ. ഞാന്‍ ഇവിടെ വന്നിരിക്കുന്നത് എന്റെ ജീവിതം ആസ്വദിക്കാനാണ്, ഫുട്‌ബോള്‍ ആസ്വദിക്കാനും അതിന്റെ പാര്‍ട്ടി എന്‍ജോയ് ചെയ്യാനുമാണ്,” എന്നായിരുന്നു മലുമ അവതാരകന് നല്‍കിയ മറുപടി.