വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ആദ്യ വിജയവുമായി ഓസ്ട്രേലിയ ചാമ്പ്യന്‍സ്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ചാമ്പ്യന്‍സിനെ 37 റണ്‍സിന് തോല്‍പിച്ചാണ് ഡേവിഡ് വാര്‍ണറും സംഘവും സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മഹ്‌മദുള്ളയ്ക്കും സംഘത്തിനും നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
View this post on Instagram
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കങ്കാരുക്കള്‍ക്ക് തുടക്കം പാളിയിരുന്നു. ഓപ്പണര്‍ ഉസ്മാന്‍ ഖവാജ എട്ട് പന്ത് നേരിട്ട് മൂന്ന് റണ്‍സിനും മൂന്നാം നമ്പറിലിറങ്ങിയ ഡിയാര്‍സി ഷോര്‍ട്ട് പൂജ്യത്തിനും നാലാം നമ്പറിലെത്തിയ ജോ ബേണ്‍സ് ഒമ്പത് റണ്‍സിനും പുറത്തായപ്പോള്‍ 36ന് മൂന്ന് എന്ന നിലയില്‍ കങ്കാരുക്കള്‍ പരുങ്ങി.
എന്നാല്‍ നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനൊപ്പം കാലം ഫെര്‍ഗൂസന്‍ ക്രീസിലെത്തിയതോടെ ഓസ്‌ട്രേലിയ മൊമെന്റം വീണ്ടെടുത്തു. ഒരു വശത്ത് നിന്ന് വാര്‍ണറും മറുവശത്ത് നിന്ന് ഫെര്‍ഗൂസനും ബംഗ്ലാദേശ് ബൗളര്‍മാരെ അടിച്ചൊതുക്കി.
14ാം ഓവറിലെ നാലാം പന്തില്‍ പുറത്താകും മുമ്പേ 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഫെര്‍ഗൂസനൊപ്പം വാര്‍ണര്‍ പടുത്തുയര്‍ത്തിയത്.
View this post on Instagram
38 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സറും അടക്കം 66 റണ്‍സാണ് ഓസീസിന്റെ കാളക്കൂറ്റന്‍ സ്വന്തമാക്കിയത്.
വാര്‍ണര്‍ പുറത്തായെങ്കിലും പിന്നാലെയെത്തിയ ബെന്‍ ഡങ്ക് സ്‌കോറിങ്ങിന്റെ വേഗം കുറയാതെ കാത്തു.
ടീം സ്‌കോര്‍ 177ല്‍ നില്‍ക്കവെ അഞ്ചാം വിക്കറ്റായി ഫെര്‍ഗൂസനെയും ഓസ്‌ട്രേലിയ ചാമ്പ്യന്‍സിന് നഷ്ടപ്പെട്ടു. 36 പന്തില്‍ 63 റണ്‍സുമായാണ് ഫെര്‍ഗൂസന്‍ പുറത്തായത്.
View this post on Instagram
നേരിട്ട 42 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറും അടക്കം പുറത്താകാതെ 45 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബെന്‍ ഡങ്കും കരുത്ത് കാട്ടിയതോടെ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റില്‍ 203ലെത്തി.
ബംഗ്ലാദേശിനായി അബു ജായെദ് മൂന്ന് വിക്കറ്റും സിയാഉര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. റൂബെല്‍ ഹൊസൈനാണ് ശേഷിച്ച വിക്കറ്റെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാ കടുവകള്‍ക്ക് ഓപ്പണര്‍ റോണി താലൂക്ദാറിനെ ഒമ്പത് റണ്‍സിന് നഷ്ടമായെങ്കിലും ഇംറുള്‍ കായെസും ഫസല്‍ മഹ്‌മൂദും ചേര്‍ന്ന് ഇന്നിങ്‌സിന് അടിത്തറ പാകി.
എന്നാല്‍ നിമിഷങ്ങളുടെ ഇടവേളകളില്‍ ഇരുവരെയും നഷ്ടപ്പെട്ട ബംഗ്ലാദേശ് സമ്മര്‍ദത്തിലായി. ടീം സ്‌കോര്‍ 71ല്‍ നില്‍ക്കവെ 41 റണ്‍സടിച്ച കായെസിനെ മടക്കി ഫവാദ് അഹമ്മദാണ് കങ്കാരുക്കള്‍ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. തൊട്ടടുത്ത ഓവറില്‍ ഫസല്‍ മഹ്‌മൂദിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ഡിയാര്‍സി ഷോര്‍ട്ടും പുറത്താക്കി. 27 റണ്‍സാണ് മഹ്‌മൂദ് നേടിയത്.
നാലാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ മഹ്‌മദുള്ള എന്തുകൊണ്ട് താന്‍ ബംഗ്ലാ ഇതിഹാസമായെന്ന് അടിവരയിടുന്ന പ്രകടനമാണ് പുറത്തെടുത്തത്. സ്‌ട്രൈക് നിലനിര്‍ത്തി, കൂടുതല്‍ പന്തുകള്‍ നേരിട്ട് വമ്പനടിയുമായി മഹ്‌മദുള്ള സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.
Amazing Hit By Bangladesh Champions 🚀❤️🔥 https://t.co/DPJvpQ8H72
— World Championship Of Legends (@WclLeague) October 7, 2026
എന്നാല്‍ വിജയലക്ഷ്യം മറികടക്കാന്‍ അതൊന്നും മതിയാകാതെ വരികയായിരുന്നു.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ചാമ്പ്യന്‍സ് 166ന് പോരാട്ടം അവസാനിപ്പിച്ചു.
35 പന്ത് നേരിട്ട് പുറത്താകാതെ 73 റണ്‍സാണ് മഹ്‌മദുള്ള സ്വന്തമാക്കിയത്. എട്ട് സിക്‌സറും രണ്ട് ഫോറും അടക്കം 208.57 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
View this post on Instagram
13 പന്ത് നേരിട്ട് നാല് റണ്‍സിന് പുറത്തായ സിയാഉര്‍ റഹ്‌മാനും ഒമ്പത് പന്തില്‍ പുറത്താകാതെ അഞ്ച് റണ്‍സെടുത്ത അറാഫത്ത് സണ്ണിയും കൂടുതല്‍ പന്തുകള്‍ മഹ്‌മദുള്ളയ്ക്ക് നല്‍കിയിരുന്നെങ്കില്‍ ഒരുപക്ഷേ മത്സരത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നു.
ഓസട്രേലിയ ചാമ്പ്യന്‍സിനായി ഫവാദ് അഹ്‌മദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡിയാര്‍സി ഷോര്‍ട്ട്, ബെന്‍ ഹില്‍ഫെന്‍ഹൗസ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.
ഒക്ടോബര്‍ ഒമ്പതിനാണ് വാര്‍ണറും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. എ.ബി. ഡി വില്ലിയേഴ്‌സിന്റെ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സാണ് എതിരാളികള്‍. അതേ ദിവസം ബംഗ്ലാദേശും തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങും. വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സാണ് എതിരാളികള്‍.
Content highlight: World Championship of Legends; Australia Champions defeated Bangladesh Champions
