വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടമണിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റും അഞ്ച് പന്തും ശേഷിക്കെ മറികടന്നാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തുകൊണ്ടായിരുന്നു പാകിസ്ഥാന്‍ കലാശപ്പോരാട്ടത്തിനെത്തിയത്. സെമിയില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ യൂനിസ് ഖാന്റെ കരുത്തിനെ തന്നെയായിരുന്നു ഫൈനലിലും പാക് ആരാധകര്‍ വിശ്വസിച്ചിരുന്നത്.
വിക്കറ്റ് നേടിയതിന് പിന്നാലെ ഇര്‍ഫാന്‍ പത്താന്റെ അഗ്രസ്സീവ് സെലിബ്രേഷനും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
ഇതാദ്യമായല്ല പത്താന്‍ ഇത്തരത്തില്‍ യൂനിസ് ഖാനെ പുറത്താക്കുന്നത്. 2007 ടി-20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യ പാകിസ്ഥാനെ ബോള്‍ ഔട്ടില്‍ പരാജയപ്പെടുത്തിയ മത്സരത്തില്‍ പാക് സൂപ്പര്‍ താരത്തെ പുറത്താക്കിയതും ഇര്‍ഫാന്‍ പത്താന്‍ തന്നെയായിരുന്നു. എട്ട് പന്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെയാണ് പത്താന്‍ താരത്തെ പുറത്താക്കിയത്.

അതേസമയം, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ഫൈനലില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി.
അംബാട്ടി റായിഡുവിന്റെ അര്‍ധ സെഞ്ച്വറിയും ഗുര്‍കിരാത് മന്‍, യൂസുഫ് പത്താന്‍ എന്നിവരുടെ ഇന്നിങ്സുകളുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവെ സൂപ്പര്‍ താരം ഷര്‍ജീല്‍ ഖാനെ നഷ്ടമായെങ്കിലും ടീമിന്റെ ടോപ് ഓര്‍ഡര്‍ ചെറുത്തുനിന്നു.
ഷോയ്ബ് മഖ്സൂദ് 12 പന്തില്‍ 21 റണ്‍സ് നേടി മടങ്ങിയപ്പോള്‍ കമ്രാന്‍ അക്മല്‍ 19പന്തില്‍ 24 റണ്‍സും നേടി. 36 പന്തില്‍ 41 റണ്‍സ് നേടിയ ഷോയ്ബ് മാലിക്കാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മൂന്ന് സിക്സറാണ് താരത്തിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്.
