കൊച്ചി: കാസര്‍കോട് മദ്രസാ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താത്തതിനെതിരെ ഭാര്യ ഹൈക്കോടതിയില്‍. കേസില്‍ യു.എ.പി.എ ചുമത്താത്തത് അനീതിയാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും അവര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേസില്‍ ആരോപണവിധേയരായവര്‍ ആര്‍.എസ്.എസുകാരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സെക്ഷന്‍ 449 (അതിക്രമിച്ചു കടക്കല്‍)
, 302 (കൊലപാതകം), 153എ (മതവിദ്വേഷം സൃഷ്ടിക്കല്‍), 295 (ആരാധനാലയം കളങ്കപ്പെടുത്തല്‍), 201 (തെളിവുനശിപ്പിക്കല്‍) എന്നീ വകുപ്പുകളാണ് പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
Must Read: ആരാധാനാലയങ്ങളിലേക്ക് മാംസം വലിച്ചെറിഞ്ഞ് ബി.ജെ.പി കലാപത്തിനു ശ്രമിക്കുന്നു: മമതാ ബാനര്‍ജി
സംഭവം നടന്ന ദിവസം മുസ്‌ലിം സമുദായത്തിലുള്ള ആരെയെങ്കിലും കൊല്ലാന്‍ അവസരം തിരഞ്ഞ് പ്രതികള്‍ പലയിടത്തും പോയെന്നും ഒടുക്കും മസ്ജിദിനു മുമ്പിലെത്തി തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയാണുണ്ടായതെന്നുമാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും അവര്‍ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
” 1967ലെ യു.എ.പി.എ നിയമത്തിന്റെ പരിധിയില്‍ വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് ആരോപണ വിധേയകര്‍ നടത്തിയിരിക്കുന്നത്. മുസ്‌ലിം സമുദായത്തിലെ ആളുകള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുകയെന്നതായിരുന്നു പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്. മുസ്‌ലിം സമുദായത്തില്‍പ്പെട്ടയാളെ കൊല ചെയ്യണമെന്ന ലക്ഷ്യത്തോടെ മാരകായുധങ്ങള്‍ കൊണ്ടാണ് അവര്‍ ആക്രമിച്ചത്. അതുകൊണ്ടുതന്നെ പ്രതികളുടെ പ്രവൃത്തി തീവ്രവാദ പ്രവര്‍ത്തനമാണ്. അത് യു.എ.പി.എ നിയമത്തിലെ സെക്ഷന്‍ 15നു കീഴില്‍ വരുന്നതും സെക്ഷന്‍ 16 പ്രകാരം ശിക്ഷിക്കാവുന്നതുമാണ്.” എന്നാണ് റിയാസ് മൗലവിയുടെ ഭാര്യ ചൂണ്ടിക്കാട്ടിയത്.
റിയാസ് മൗലവിയുടെ ഭാര്യ സൈദയുടെ ഹര്‍ജിയെ തുടര്‍ന്ന് ചൊവ്വാഴ്ച തുടങ്ങേണ്ടിയിരുന്ന കേസിന്റെ വിചാരണ ജസ്റ്റിസ് ബി. കമാല്‍ പാഷ സ്റ്റേ ചെയ്തു.
2017 മാര്‍ച്ച് 20നാണ് കാസര്‍കോട്ടെ ജുമാ മസ്ജിദിനുള്ളില്‍വെച്ച് 34 കാരനായ മുഹമ്മദ് റിയാസ് ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ടത്.
കേസില്‍ നിതിന്‍ (19), അജേഷ് (20), അഖിലേഷ് (25) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കുറ്റപത്രം വിചാരണക്കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
അഭിഭാഷകരായ പി. മാര്‍ട്ടിന്‍ ജോസ്, എം.എ മുഹമ്മദ് സിറാജ്, ജിതേഷ് ആര്‍, പ്രിചിദ് പി, തോമസ് കുരുവിള, അജയ് ബെന്‍ ജോസ്, മഞ്ജുനാഥ് മേനോന്‍ എന്നിവരാണ് സൈദയ്ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.
