ന്യൂദല്‍ഹി: ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാവും. കോക്രോച്ച് ജനതാ പാര്‍ട്ടി ആരംഭിച്ച വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മന്ത്രിയെ പ്രഖ്യാപിച്ചത്.
കേന്ദ്രസര്‍ക്കാരില്‍ ഭക്ഷ്യ മന്ത്രിയായായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ജോഷി. ഭക്ഷ്യ വകുപ്പിന് പുറമെ ഉപഭോക്തൃകാര്യം, പൊതുവിതരണം, നവ, പുനരുപയോഗ ഊര്‍ജ്ജം എന്നീ വകുപ്പുകളുടെ ചുമതലയും ജോഷിക്കായിരുന്നു. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ഇന്ന് രാത്രിയോടെയാണ് പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്‍കിയത്.
നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമെയാണ് ജോഷിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല. ”കാബിനറ്റ് മന്ത്രിയായ പ്രള്‍ഹാദ് ജോഷിക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം, നിലവിലുള്ള വകുപ്പിന് പുറമേ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല നല്‍കണമെന്ന് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു,” എന്ന് രാഷ്ട്രപതി ഭവന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
2004 മുതല്‍ കര്‍ണാടകയിലെ ധാര്‍വാഡ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് പ്രള്‍ഹാദ് ജോഷി. 2019 മുതല്‍ 2024 വരെ രണ്ടാം മോദി സര്‍ക്കാരില്‍ കല്‍ക്കരി, ഖനി, പാര്‍ലമെന്ററി കാര്യ മന്ത്രിയായിരുന്നു. 2019ല്‍ രണ്ടാം മോദി മന്ത്രിസഭയിലെ പുതുമുഖങ്ങളിലൊരാളായിരുന്നു ജോഷി.
ഹൂബ്ലി ഈദ്ഗാഹ് വിവാദത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു
1962 നവംബര്‍ 27നാണ് അന്നത്തെ മൈസൂര്‍ സംസ്ഥാനത്തെ ബിജാപൂര്‍ ജില്ലയിലാണ് ജോഷിയുടെ ജനനം. 90കളിലാണ് ജോഷി രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കെത്തെന്നത്. 90കളിലെ ഹൂബ്ലി ഈദ്ഗാഹ് മൈതാന വിവാദത്തോടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന നിലയില്‍ ജോഷി ശ്രദ്ധ നേടി.
വടക്കന്‍ കര്‍ണാടകയില്‍ ബി.ജെ.പിയുടെ വളര്‍ച്ചയെ സ്വാധീനിച്ച ഒരു നിര്‍ണായക സംഭവമെന്ന തരത്തിലാണ് ഹൂബ്ലി ഈദ്ഗാഹ് വിവാദം വിലയിരുത്തപ്പെടുന്നത്. ജോഷി അടക്കമുള്ള ചില നേതാക്കളെ ഈ വിവാദം വഴി വളര്‍ന്ന് വന്ന നേതാക്കളായും കണക്കാക്കുന്നു.
ആര്‍.എസ്.എസ് ഉയര്‍ത്തിക്കൊണ്ടുവന്ന ഹുബ്ലി ഈദ്ഗാഹ് വിവാദം പ്രദേശത്തെ സാമുദായിക സാഹചര്യങ്ങളെ ബാധിക്കുകയും ക്രമസമാധാന നില വഷളാക്കുകയും ചെയ്തിരുന്നതായി അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
കര്‍ണാടക നിയമസഭയില്‍ ബി.ജെ.പി സീറ്റുകളുടെ എണ്ണം വര്‍ധിക്കാനും ഈ വിവാദം സഹായിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. 1989ല്‍ നാല് സീറ്റുകളായിരുന്നു കര്‍ണാടക നിയമ സഭയില്‍ ബി.ജെ.പിക്ക് ലഭിച്ചതെങ്കില്‍ വിവാദമുണ്ടായ ശേഷം 1994ല്‍ ഈ സീറ്റുകള്‍ 14 ആയി ഉയര്‍ന്നിരുന്നു.
വിവാദ പ്രസ്താവനകള്‍
വിവാദ പ്രസ്താവനകളിലൂടെയും ശ്രദ്ധിക്കപ്പെട്ട നേതാവാണ് ജോഷി. ഹുബ്ബള്ളിയിലെ സദര്‍ഫോസ എന്ന പ്രദേശത്തെ പാകിസ്ഥാനുമായി താരതമ്യം ചെയ്തുള്ള പ്രസ്താവനയാണ് ഇതിലൊന്ന്. ഈ പ്രസ്താവനയുടെ പേരില്‍ 2018ല്‍ ജോഷിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ടും സമീപ കാലത്ത് പ്രള്‍ഹാദ് ജോഷിയുടെ പ്രസ്താവനകളുണ്ടായിരുന്നു.
2022ല്‍ മൈതാനത്ത് ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരു ഹിന്ദു സംഘടനക്ക് കര്‍ണാടക ഹൈക്കോടതി അുമതി നല്‍കിയിരുന്നു. എന്നാല്‍ 2023ല്‍ ഈ അനുമതി സ്ഥിരം അനുമതിയല്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അഭിപ്രായപ്പെട്ടിരുന്നു.
സര്‍ക്കാര്‍ ഗണപതി വിഗ്രഹം സ്ഥാപിക്കുന്നത് തടഞ്ഞാല്‍ ’90കളില്‍ പതാക ഉയര്‍ത്താനായി നടത്തിയത് പോലുള്ള പ്രക്ഷോഭം ഈദ് ഗാഹ് മൈദാനത്ത് വീണ്ടും നടത്തും,’ എന്നാണ് ജി പരമേശ്വരയുടെ അഭിപ്രായത്തോട് അന്ന് പ്രള്‍ഹാദ് ജോഷി പ്രതികരിച്ചത്.
മന്ത്രിയെന്ന നിലയില്‍
മന്ത്രിയെന്ന നിലയില്‍ കാര്യമായി അഴിമതി ആരോപണങ്ങളൊന്നും പ്രള്‍ഹാദ് ജോഷിക്കെതിരെ ഉയര്‍ന്നിരുന്നില്ല. നിലവിലെ മോദി സര്‍ക്കാരിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളിലൊരാളാണ് ജോഷി.
പ്രള്‍ഹാദ് ജോഷി കല്‍ക്കരി മന്ത്രിയായിരിക്കെയാണ് വാണിജ്യ കല്‍ക്കരി ഖനനം വ്യാപിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നത്. ജോഷി പാര്‍ലമെന്ററി കാര്യ മന്ത്രിയായിരിക്കെ പാര്‍ലമെന്റ് പ്രവര്‍ത്തനത്തെക്കുറിച്ച് പ്രതിപക്ഷം നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു.
Content Highlight: Who is Pralhad Joshi? Education ministry after Dharmendra Pradhan’s exit
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.