മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ‘ദൃശ്യം 3’ യുടെ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിന്റെ തിരക്കഥയിലെ പാളിച്ചകളെച്ചൊല്ലി സോഷ്യല്‍ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.
ദൃശ്യം രണ്ടാം ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട പല നിര്‍ണായക ഘടകങ്ങളും മൂന്നാം ഭാഗത്തിലേക്ക് എത്തിയപ്പോള്‍ ജീത്തു ജോസഫ് സൗകര്യപൂര്‍വ്വം മറന്നുപോയോ എന്ന ചോദ്യമാണ് ഉയരുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജോര്‍ജുകുട്ടിയുടെ വലംകൈയായിരുന്ന രാജന്‍ എന്ന കഥാപാത്രത്തിന്റെ മാറ്റമാണ്.
രാജന്റെ ചതിയില്‍ എന്ത് ലോജിക്കാണ് ഉള്ളതെന്ന ചോദ്യമാണ് ചില പ്രേക്ഷകര്‍ ഉയര്‍ത്തുന്നത്. ദൃശ്യം രണ്ടാം ഭാഗത്തില്‍ രാജന്‍ മിസ്സാകുന്നത് സിനിമാ സീരിയസ് ആകുമ്പോഴാണ്. തുടര്‍ന്ന് അങ്ങോട്ട് രാജന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. എന്നാല്‍ മൂന്നാം ഭാഗത്തില്‍ അയാള്‍ പെട്ടെന്ന് ജോര്‍ജുകുട്ടിയെ ചതിക്കുന്ന ആളായി മാറുന്നത് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.
ദൃശ്യം 3 യില്‍ നിന്നുള്ള രംഗം Photo: Aashirvad Cinemas
ദൃശ്യം 3 ല്‍ ഒരു ‘ആന്റണി പെരുമ്പാവൂര്‍’ ഇമേജിലാണ് രാജന്‍ തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ജോര്‍ജുകുട്ടിയുടെ വിശ്വസ്തനായി, 100 കോടി ക്ലബ്ബില്‍ കയറിയ സിനിമയിലെ ഒരു പ്രധാന വേഷം ചെയ്ത്, ജോര്‍ജുകുട്ടിയുടെ കുടുംബവുമായിപ്പോലും അത്രമേല്‍ സ്വാതന്ത്ര്യമുള്ള ആള്‍.
താന്‍ ആഗ്രഹിച്ച സിനിമാ ലോകത്തേക്ക് തന്നെ കൈപിടിച്ചുയര്‍ത്തുകയും, ഫഹദ് ഫാസില്‍ ചിത്രത്തില്‍ വരെ ചാന്‍സ് ഉറപ്പിച്ചു നല്‍കുകയും ചെയ്ത ജോര്‍ജുകുട്ടിയെ രാജന്‍ എന്തിന് ചതിക്കണമെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.
ദൃശ്യം 3 യില്‍ നിന്നുള്ള രംഗം Photo: Aashivad Cinemas
വേണമെങ്കില്‍ രാജന്റെ സിനിമാ കരിയര്‍ തന്നെ ഇല്ലാതാക്കാന്‍ കെല്‍പുള്ള ആളാണ് ജോര്‍ജുകുട്ടി എന്നിരിക്കെ, ഈ ചതിക്ക് പിന്നിലെ യുക്തി എന്താണെന്ന ചോദ്യമാണ് ഉയരുന്നത്. ഇത്രയേറെ പ്രശ്‌നങ്ങള്‍ തന്റെ കുടുംബത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, ജോര്‍ജുകുട്ടിയുമായി അത്രയും അടുത്ത ബന്ധമുള്ള രാജന്‍ എന്തുകൊണ്ട് ആദ്യമേ അദ്ദേഹത്തോട് അത് പറഞ്ഞില്ല?
അതുകൊണ്ട് തന്നെ ഈ ചിത്രത്തിലെ ഏറ്റവും വലിയ ലോജിക് ഇല്ലായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജോര്‍ജുകുട്ടിയുടെ രാജന്റെ കുടുംബത്തോടുള്ള സമീപനമാണ്.
തന്നെ സഹായിച്ച, സെമിത്തേരിയിലെ കുഴിവെട്ടുകാരന്റെ കുടുംബത്തെ ഒന്നടങ്കം പോറ്റുന്ന ആളാണ് ജോര്‍ജുകുട്ടി. അങ്ങനെയിരിക്കെ, അതിനേക്കാള്‍ ഏറെ ബന്ധമുള്ള, തന്റെ വലംകൈയായ രാജന്റെ കുടുംബത്തെ ജോര്‍ജുകുട്ടി നോക്കിയില്ല എന്ന് പറയുന്നതില്‍ എന്ത് ലോജിക്കാണുള്ളതെന്നാണ് ചിലര്‍ ചോദിക്കുന്നത്.
ഒരുപാട് രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ജോര്‍ജുകുട്ടിയുടെ ജീവിതത്തിലേക്ക് പുതിയ ആളുകള്‍ പെട്ടെന്ന് കടന്നുവരാന്‍ വഴിയില്ല. ‘രാജന്റെ കാര്യം മറന്നുപോയി’ എന്ന് പറഞ്ഞ് റാണി ചിത്രത്തില്‍ വിഷമിക്കുന്നുണ്ടെങ്കിലും, ഇത്രയും അടുത്തൊരു കുടുംബത്തെ അവര്‍ ഓര്‍ത്തില്ലെന്ന് പറയുന്നത് അത്ര എളുപ്പത്തില്‍ കണ്‍വിന്‍സിങ് ആകുന്ന പോയിന്റല്ലെന്നും പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടാം ഭാഗത്തില്‍ കൃത്യമായി എഴുതിവെച്ച പല കാര്യങ്ങളും മൂന്നാം ഭാഗത്തിലേക്ക് എത്തിയപ്പോള്‍ സംവിധായകന്‍ മറന്നുപോയോ എന്ന ചോദ്യമാണ് ഉയരുന്നത്.
ക്ലൈമാക്‌സ് ട്വിസ്റ്റുകള്‍ക്ക് വേണ്ടി കഥാപാത്രങ്ങളുടെ സ്വഭാവത്തെ ബലികഴിച്ചെന്നും ജോര്‍ജുകുട്ടിയുടെ ബുദ്ധിക്കൊപ്പം സഞ്ചരിച്ച പ്രേക്ഷകര്‍ക്ക് രാജന്റെ ഈ മാറ്റവും ജോര്‍ജുകുട്ടിയുടെ ‘മറവിയും’ അത്ര എളുപ്പത്തില്‍ ദഹിക്കുന്നതല്ലെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.
Content Highlight: Where is the logic in Georgekutty forgetting his right hand Rajan