എസ്സേയ്‌സ്/ഹരീഷ് വാസുദേവന്‍


മാതുഭൂമി പത്രത്തിന്റെ എഡിറ്റ് പേജില്‍ ആഗസ്റ്റ് 13 തിങ്കളാഴ്ച വി.എസ് അച്യുതാന്ദന്‍ എഴുതിയ ലേഖനം  വര്‍ത്തമാന രാഷ്ട്രീയ കാലാവസ്ഥയില്‍ പ്രസക്തമാണ്. പരിസ്ഥിതി/ഭൂമി പ്രശ്‌നങ്ങളില്‍ കൊണ്‍ഗ്രസിലെ യുവതുര്‍ക്കികള്‍ യോജിച്ച പോരാട്ടത്തിനു തയ്യാറുണ്ടോ എന്ന വി.എസ്സിന്റെ ആഹ്വാനം ഒരു പ്രതിപക്ഷ നേതാവിന്റെ ബുദ്ധിപരമായ രാഷ്ട്രീയ നീക്കമാണ്. വെറും അഞ്ച് എം.എല്‍.എമാരുടെ മാത്രം ബലത്തില്‍ നിലനില്‍ക്കുന്ന ഒരു സര്‍ക്കാരിന്റെ കൂടെയുള്ള അഞ്ച് എം.എല്‍ .എ മാരെ വിഷയാധിഷ്ഠിതമായി കൂടെ നിര്‍ത്താനായാല്‍ കുറെക്കാലമെങ്കിലും ഈ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാകും എന്ന തിരിച്ചറിവാണ് അദ്ദേഹത്തെക്കൊണ്ട് ഈ നിലപാട് എടുപ്പിക്കുന്നത്.[]

പാര്‍ട്ടി അച്ചടക്കം ലംഘിച്ചു പോലും പലപ്പോഴും താനുയര്‍ത്തിക്കൊണ്ടുവന്ന ഭൂമി കയ്യേറ്റ/പരിസ്ഥിതി പ്രശ്‌നങ്ങള്‍ സ്വന്തം പാര്‍ട്ടിയിലെ യുവാക്കള്‍ ആരും ഏറ്റെടുക്കാതിരുന്നപ്പോഴും അതെറ്റെടുക്കാന്‍ മുന്നോട്ടുവരുന്ന വലത് യുവ എം.എല്‍.എമാരോടുള്ള യോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുക വഴി തന്റെ മുന്‍ നിലപാടുകളെ ഒരിക്കല്‍ക്കൂടി പൊതുസമൂഹത്തിന് മുന്‍പാകെ വെക്കുകയുമാണ് വി.എസ്. “യോജിച്ച പോരാട്ടത്തിനു തയ്യാറുണ്ടോ” എന്ന വി.എസ്സിന്റെ ചോദ്യം വലത് എം.എല്‍.എമാരോട് എന്നതിനേക്കാള്‍ പ്രസക്തമാകുന്നത് സ്വന്തം പാര്‍ട്ടി നേതൃത്വത്തോട് അല്ലേ എന്ന ന്യായമായ സംശയമാണ് ലേഖകന്‍ ഇവിടെ പങ്കുവെക്കുന്നത്. അങ്ങനെയെങ്കില്‍ വി.എസ്സിന്റെ നീക്കത്തെ പാര്‍ട്ടി പിന്തുണയ്ക്കുമോ എന്നും ആ നീക്കം ഈ ദുരിതകാലത്ത് പാര്‍ട്ടിയെ തുണയ്ക്കുമോ എന്നുമുള്ള ചോദ്യങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്.

‘യോജിച്ച പോരാട്ടത്തിനു തയ്യാറുണ്ടോ’ എന്ന വി.എസ്സിന്റെ ചോദ്യം വലത് എം.എല്‍.എമാരോട് എന്നതിനേക്കാള്‍ പ്രസക്തമാകുന്നത് സ്വന്തം പാര്‍ട്ടി നേതൃത്വത്തോട് അല്ലേ?

കടപ്പാട്: ഗോപീകൃഷ്ണന്‍, മാതൃഭൂമി

ടി.പി വധത്തിനു ശേഷം മിക്ക ദിവസവും സി.പി.ഐ.എം മാധ്യമ പ്രതിക്കൂട്ടിലാണ്. എല്ലായ്‌പ്പോഴും അവര്‍ ഡിഫന്‍സിലുമാണ്. മിക്ക ദിവസങ്ങളിലും ലീഡ് വാര്‍ത്തകള്‍ അവരെ ചുറ്റി പറ്റിയാണ്. പാര്‍ട്ടി നേതാക്കളും നൂറു കോടി ആസ്തിയുള്ള അതിന്റെ പ്രിന്റ്/വിഷ്വല്‍ മാധ്യമ സംവിധാനങ്ങളും മാധ്യമ വിശാരദരും മെമ്പര്‍മാരും കിണഞ്ഞു പരിശ്രമിച്ചിട്ടും ഡിഫന്‍സില്‍ നില്‍ക്കുന്ന പാര്‍ട്ടിയെ ഒഫന്‍സില്‍ ആക്കാന്‍ കഴിഞ്ഞില്ല.

നല്ലോരളവുവരെ വി.എസ്സിന്റെ നിലപാടുകളും പാര്‍ട്ടിക്കെതിരായി ഉപയോഗിക്കപ്പെട്ടു. ടി.പി. വധത്തിനു ശേഷം ആകെ രണ്ടു തവണ രണ്ടു സംഭവങ്ങളാണ് യു.ഡി.എഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതും സി.പി.ഐ.എമ്മിനെ ഒഫന്‍സില്‍ കൊണ്ടുവന്നതും. ആദ്യത്തേത് നെല്‍വയല്‍ നികത്താനുള്ള മന്ത്രിസഭാ തീരുമാനം പുറത്തു (കൊണ്ടു) വന്നപ്പോഴും രണ്ടാമത്തേത് നെല്ലിയാമ്പതി ഭൂമി വിവാദവും.

നെല്‍വയലുകള്‍ നികത്താനുള്ള ഗൂഢനീക്കം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഭരണകക്ഷിയിലും പൊതുസമൂഹത്തിലും മന്ത്രിസഭയ്ക്ക്  ഉണ്ടാക്കിയ ക്ഷീണവും, സി.പി.ഐ.എമ്മിന് അതുണ്ടാക്കിയ ആശ്വാസവും അത്ര ചെറുതല്ല. പാര്‍ട്ടിയുടെ മുഴുവന്‍ സംവിധാനവും ഊര്‍ജ്ജവും ചെലവഴിച്ചു പഞ്ചായത്തുകള്‍തോറും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തിയാല്‍ പോലും കിട്ടാത്ത ഗുണമല്ലേ ഒരൊറ്റ “ബോംബി”ല്‍ നിന്നും ഉണ്ടായത്?

അതിന്റെ കിതപ്പില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട്, വികസന ഫോം വീണ്ടെടുത്ത് ബഹുദൂരം കുതിക്കാന്‍ തുടങ്ങിയ ഉമ്മന്‍ചാണ്ടി സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കാന്‍ കിട്ടിയ അവസരമായി ജയരാജനെ അറസ്റ്റ് ചെയതു. ടി.വി രാജേഷിനെ ചോദ്യം ചെയതു. കാര്യങ്ങള്‍ വീണ്ടും പഴയ പടി. സിപിഎം ഡിഫന്‍സിലായ ചര്‍ച്ചകള്‍.. വാര്‍ത്തകള്‍.. സംവാദങ്ങള്‍… . അപ്പോഴാണ് രണ്ടാമത്തെ സംഭവം, “നെല്ലിയാമ്പതി”യില്‍ ചീഫ് വിപ്പിന്റെ സ്ഥാപിത താല്‍പ്പര്യം പുറത്തു (കൊണ്ടു) വരുന്നത്. സര്‍ക്കാരിനെ  വിവാദത്തിലാക്കുന്നത്.

ടി.പി വധത്തിനു ശേഷം മിക്ക ദിവസവും സി.പി.ഐ.എം മാധ്യമ പ്രതിക്കൂട്ടിലാണ്. എല്ലായ്‌പ്പോഴും അവര്‍ ഡിഫന്‍സിലുമാണ്. മിക്ക ദിവസങ്ങളിലും ലീഡ് വാര്‍ത്തകള്‍ അവരെ ചുറ്റി പറ്റിയാണ്.

വനം കേസുകള്‍ തോല്‍ക്കുന്നതും അതില്‍ സര്‍ക്കാര്‍ ചീഫ് വിപ്പിന്റെയും നിയമവകുപ്പിന്റെയും ഇടപെടലും മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയ സാഹചര്യത്തില്‍ നിയമസഭയിലെ ഇടതുമുന്നണിയുടെ അടിയന്തിരപ്രമേയം ശരിക്കും ഏറ്റു. ലീഡ് വാര്‍ത്തകളും ഫ്‌ളാഷ് ന്യൂസുകളും സി.പി.ഐ.എമ്മിനെ  വിട്ട് പരിസ്ഥിതി പ്രശ്‌നം ഏറ്റു പിടിച്ചു. ഇടതുപാളയം ഉശാറാകുന്നു.. വലതു യുവതുര്‍ക്കികള്‍ വിഷയം ഏറ്റെടുക്കുന്നു. യു.ഡി.എഫ് സമിതിയെ മറികടന്നു നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നു. സി.പി.ഐ.എം ഡിഫന്‍സ് വിട്ട് ഒഫന്‍സിലായി ഒരു ഗോളും അടിക്കുന്നു… സര്‍ക്കാര്‍ ഇപ്പോഴും ഡിഫന്‍സില്‍, കളി തുടരുന്നു….. ഈ കളി കഴിയാവുന്നിടത്തോളം നാള്‍ തുടരുകയല്ലേ പ്രതിപക്ഷത്തിനും പാര്‍ട്ടിക്കും ഗുണം ചെയ്യുക?

എന്തിനാണ് ഭൂമി/പരിസ്ഥിതി വിഷയങ്ങളില്‍ വി.എസ് ഊന്നുന്നത്?

യു.ഡി.എഫ് മന്ത്രിസഭയിലെ പ്രധാന ഘടക കക്ഷികളാണ് മുസ്‌ലീം ലീഗും കേരള കോണ്‍ഗ്രസ് മാണിയും. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി ഇവരുടെ തടവറയില്‍ ആണെന്നാണ് ഈ തൂക്കു സര്‍ക്കാരിനെതിരായ പ്രധാന ആക്ഷേപം. കെ.എം. മാണിയുടെ പാര്‍ട്ടിക്കോ  മുസ്‌ലീം ലീഗിനോ പൊതുവില്‍ നിന്നും വ്യത്യസ്താഭിപ്രായമുള്ള, നിക്ഷിപ്ത താല്‍പ്പര്യമുള്ള വിഷയങ്ങളാണ് ഭൂമി/പരിസ്ഥിതി പ്രശ്‌നങ്ങളില്‍ അധികവും. കൊണ്‍ഗ്രസിനാകട്ടെ, അത്തരം പ്രത്യക്ഷ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഇല്ല. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ പ്രതിപക്ഷം തൂങ്ങിപ്പിടിച്ചാല്‍ കൊണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ, പ്രത്യേകിച്ചും സര്‍ക്കാരിനെ തളയ്ക്കാന്‍ കെല്‍പ്പുള്ളത്ര അംഗങ്ങളുള്ള “ഗ്രീന്‍ബ്രിഗേഡു”കളുടെ  പിന്തുണ ലഭിക്കുമെന്നും അതിനാല്‍ത്തന്നെ സര്‍ക്കാര്‍ ഘടക കക്ഷികളെ അനുകൂലിക്കാനോ അനുകൂലിക്കാതിരിക്കാനോ പറ്റാത്ത അവസ്ഥയിലുമാകും എന്നും  വിലയിരുത്തപ്പെടുന്നു. മറ്റു വിഷയങ്ങളില്‍ ഈ ഭരണകക്ഷി പിന്തുണയോ മാധ്യമ പിന്തുണയോ എളുപ്പമല്ല എന്നതും ഭരണത്തിലെ പ്രധാന  ഘടക കക്ഷികള്‍ക്ക് മാത്രമായി ഒരു “വില്ലന്‍ നിലപാട്” ഇല്ല എന്നതുമാണ് പരിസ്ഥിതി വിഷയങ്ങളെ വ്യത്യസ്തമാക്കുന്നത്. ഹരിത രാഷ്ട്രീയമാണ് തങ്ങളുടെ അജണ്ടയെന്ന് യുവതുര്‍ക്കികള്‍ പ്രഖ്യാപിച്ചതോടെ ഇത്തരം വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ അവര്‍ക്ക് ഏറ്റെടുക്കാതെ ഒഴിയാനാകില്ല എന്ന നിലയുണ്ടായിട്ടുണ്ട്. അതവരുടെ അഭിമാന പ്രശ്‌നമാണ്.

അടുത്ത പേജില്‍ തുടരുന്നു


കേരളത്തില്‍ നിരവധി ഭൂമിപരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇടതുപക്ഷത്തിന് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും. പ്രതിപക്ഷനേതാവെന്ന നിലയില്‍ വി.എസ്സിനേക്കാള്‍ ഈ നീക്കം ഇന്നത്തെ നിലയ്ക്ക് സി.പി.ഐ.എം പാര്‍ട്ടിക്കാണ് ഗുണം ചെയ്യുക.

യോജിച്ച പോരാട്ടം; വി.എസ്സിന്റെ  ചോദ്യം സി.പി.ഐ.എമ്മിനോടോ?

വി.എസ്. പരിസ്ഥിതി പ്രശ്‌നങ്ങളും ഭൂമി കയ്യേറ്റങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്നപ്പോഴൊക്കെ അതിനെ അട്ടിമറിക്കുന്ന നീക്കങ്ങള്‍ ഉണ്ടായത് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ തന്നെയാണ് എന്നാണു ചരിത്രം പഠിപ്പിക്കുന്നത്. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വി.എസ്. സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ തടസ്സം ഉന്നയിച്ചത് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം തന്നെയാണ്. പാര്‍ട്ടി ഓഫീസ് കയ്യേറ്റ ഭൂമിയിലാണ് എന്ന കണ്ടെത്തലും തുടര്‍ന്നുണ്ടായ രാഷ്ട്രീയ ഇടപെടലും ആ ഒഴിപ്പിക്കല്‍ നീക്കത്തെ മരവിപ്പിച്ചു.[]

നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളും തുടക്കത്തില്‍ വിജയിച്ചെങ്കിലും ഒടുവില്‍ മുന്നണി ഇടപെടലിനെ തുടര്‍ന്ന് മരവിപ്പിക്കേണ്ടി വന്നു. ഹാരിസന്റെ തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ സി.പി.ഐയുടെ നീക്കങ്ങള്‍ കൊണ്ടാണ് തടയപ്പെട്ടത്. ചെങ്ങറ ഭൂസമരത്തിലും ആറന്മുളയിലും പാര്‍ട്ടിക്കും വി.എസ്സിനും ഒരുപോലെ തെറ്റുകള്‍ പറ്റി.

കേരളത്തില്‍ നിരവധി ഭൂമിപരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇടതുപക്ഷത്തിന് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും. പ്രതിപക്ഷനേതാവെന്ന നിലയില്‍ വി.എസ്സിനേക്കാള്‍ ഈ നീക്കം ഇന്നത്തെ നിലയ്ക്ക് സി.പി.ഐ.എം പാര്‍ട്ടിക്കാണ് ഗുണം ചെയ്യുക. മണിയും ജയരാജന്മാരും ചേര്‍ന്ന് അവരുടെ കയ്യി(വായി)ലിരിപ്പ് കൊണ്ട് പാര്‍ട്ടിയെ അനുദിനം പ്രതിസന്ധിയിലാക്കുമ്പോള്‍ അതില്‍ നിന്നും അല്‍പ്പമെങ്കിലും രക്ഷനേടാന്‍ ഈ നീക്കം സി.പി.ഐ.എമ്മിന്  ഉപകരിച്ചേക്കും.

മാധ്യമങ്ങള്‍ ഭരണകക്ഷിയിലെ ഭിന്നതയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ഒന്ന് അവസാനിക്കുമ്പോള്‍ അടുത്തത് എന്ന തോതില്‍ കേരളത്തിലെ ഭൂമി/പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇടതുപക്ഷം ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകണം. നിയമസഭയിലും പുറത്തും ഇത്തരം വിഷയങ്ങളില്‍ പോരാട്ടം നടത്തണം. എമര്‍ജിംഗ് കേരള വരുന്നുണ്ട്, ആയിരക്കണക്കിന് പേരെ കുടിയിറക്കുന്ന പദ്ധതികള്‍ വരുന്നു, നൂറു കണക്കിന് കുന്നിടിക്കല്‍ വരുന്നു, പാടം നികത്തി ആറന്മുള എയര്‍പോര്‍ട്ട് പോലെ നൂറുനൂറ് പദ്ധതികള്‍ വരുന്നു.

കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. പാറ  മണല്‍ ഖനനം പൊടി പൊടിക്കുന്നു. ഇടുക്കിയിലും വാഗമണ്ണിലും മൂന്നാറിലുമൊക്കെ വനപ്രദേശങ്ങളില്‍ പോലും താജ് ഗ്രൂപ്പിന്റെ സ്വകാര്യ റിസോര്‍ട്ടുകള്‍ വരുന്നു.  വയനാട്ടില്‍ മിംസ് ഹോസ്പിറ്റലിന്റെ നിയമവിരുദ്ധ നിര്‍മ്മാണം പൊടി പൊടിക്കുന്നു. പെരിയാറില്‍ മാലിന്യ ഫാക്ടറികള്‍ വിഹരിക്കുന്നു. വനഭൂമി പോലും വില്‍പ്പനയ്ക്ക് വെക്കുന്നു. സര്‍ക്കാര്‍ ഭൂമി ഹാരിസന്‍ കയ്യേറുന്നു. കൃഷി ചെയ്യാന്‍ ഭൂമിയില്ലാതെ ലക്ഷക്കണക്കിന് നിരാലംബര്‍ പട്ടിണി കിടക്കുന്നു. മൂന്നാറിലും വാഗമണ്ണിലും കയ്യേറ്റവും നിര്‍മ്മാണവും നടക്കുന്നു. പത്തനംതിട്ടയിലെ കലഞ്ഞൂരില്‍ ഒരു പഞ്ചായത്തില്‍ നൂറിലേറെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നു, വയനാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. പ്രധാനപ്പെട്ട പരിസ്ഥിതി കേസുകളില്‍ സര്‍ക്കാര്‍ തോറ്റുകൊടുക്കുന്നു,  ഇതിലൊക്കെ എവിടെയാണ് സി.പി.ഐ.എം?

എത്ര പാര്‍ട്ടിക്കാരെയാണ് ഇത്തരം വിഷയങ്ങളില്‍ പരിസ്ഥിതി പക്ഷത്ത് അണി നിരത്തിയത്? തോട്ടഭൂമി ടൂറിസം ആവശ്യങ്ങള്‍ക്ക് നല്‍കുന്നതിനെതിരെ ഫലപ്രദമായ ഒരു സമരവും ഉയര്‍ത്താന്‍ സി.പി.ഐ.എമ്മിനോ പ്രതിപക്ഷത്തിന് പൊതുവിലോ കഴിഞ്ഞിട്ടില്ല. എത്ര വിഷയങ്ങളില്‍ പാര്‍ട്ടിക്ക് വായില്‍ എല്ല് സൂക്ഷിക്കാതെ കുരയ്ക്കാന്‍ പറ്റും? പശ്ചിമഘട്ട സംരക്ഷണം ലക്ഷ്യമാക്കുന്ന മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ചര്‍ച്ച ചെയ്യുമ്പോള്‍ ഇപ്പോഴും എ.കെ. ബാലന്റെ വാദം പാത്രക്കടവ് ഡാമിനായും പൂയംകുട്ടി  ഡാമിനായും ആണ് എന്നത് വിരോധാഭാസമാണ്. അതിരപ്പിള്ളിയുടെ കാര്യത്തില്‍ ബാലനും ആറന്മുളയുടെ കാര്യത്തില്‍ എളമരം കരീമിനും പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ് തിരുത്താന്‍ അവര്‍ തയ്യാറാകുമോ? സ്വന്തം തെറ്റുകള്‍ ഏറ്റുപറയാന്‍ വി.എസ്. തയ്യാറാകുമോ?

സാധിക്കുമെങ്കില്‍ ഇതാണ് പറ്റിയ അവസരം. കേരളത്തില്‍ വലിയ സാധ്യതയുള്ള മുന്നേറ്റമാണ് പരിസ്ഥിതി വിഷയങ്ങളില്‍ ഉണ്ടാകുന്നത്.  ആ സാധ്യത കണ്ടറിഞ്ഞ് ഇടപെട്ടാല്‍ പാര്‍ട്ടിക്ക് അത് ഗുണമേ ചെയ്യൂ. കലക്ട്രേറ്റ് മാര്‍ച്ച് പോലുള്ള പ്രഹസന സമരങ്ങള്‍ക്ക് പകരം കൃത്യമായ നിലപാടുകളോടെ, വിട്ടുവീഴ്ച്ചയില്ലാതെ  പരിസ്ഥിതി വിഷയങ്ങള്‍ ഏറ്റെടുക്കണം. ഭരണപക്ഷത്തുള്ള ചിലരുടെയെങ്കിലും പിന്തുണ ലഭിക്കും. കൂടുതല്‍ ചെറുപ്പക്കാരെ അണികളായി ലഭിച്ചേക്കും.

പലതിലും ഇപ്പോള്‍ കൂടെ നില്‍ക്കുന്ന പലരെയും വെറുപ്പിക്കേണ്ടി വന്നേക്കുമെങ്കിലും അത് കാലക്രമത്തില്‍ ഗുണമേ ചെയ്യൂ.. “പരിസ്ഥിതി പ്രശ്‌നങ്ങള്‍” എന്ന വി.എസ് തൊടുത്തുവിട്ട ആ ജനപ്രിയ ആയുധം പാര്‍ട്ടിക്ക് ഏറ്റെടുക്കാം. ബഹുഭൂരിപക്ഷ/മധ്യവര്‍ഗ്ഗ രാഷ്ട്രീയാഭിപ്രായ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുള്ള  “ടെലവിഷന്‍” എന്ന പുതിയകാല “പൊതു ഇിട”രാഷ്ട്രീയ സാധ്യതയെ ഇതിലെല്ലാം പരമാവധി ഉപയോഗിക്കണം. സ്ട്രാറ്റജി ശരിയായി വിനിയോഗിച്ചാല്‍, ഏറ്റവും ചുരുങ്ങിയപക്ഷം ക്രിമിനല്‍ കേസുകളില്‍ ജയിലില്‍ക്കഴിയുന്ന നേതാക്കളുടെ പേരില്‍ കുറച്ചു കാലത്തേക്കെങ്കിലും സി.പി.ഐ.എം ഡിഫന്‍സില്‍ ആകാതെയെങ്കിലും ഇരിക്കും.

ടി.പി. വധത്തിനു ശേഷം വിരുദ്ധാഭിപ്രായം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്ന തനിക്കുമേല്‍ നേതൃത്വം ചാര്‍ത്തിയ കുറ്റങ്ങള്‍ക്ക് മറുപടിയെന്നോണം ആവണം വി.എസ്. ഈ പുതിയ രാഷ്ട്രീയ നീക്കം നടത്തുന്നത് എന്നും ഈ ലേഖനത്തെ വായിക്കുന്നവരുണ്ട്. അങ്ങനെയെങ്കില്‍ ഈ നീക്കം വഴി പൊതുസമൂഹത്തിന്റെയും പാര്‍ട്ടിയുടെയും സമ്മിതി നേടി തിരികെ പഴയ ഫോമില്‍ മടങ്ങിയെത്താമെന്നും വി.എസ്. കരുതുന്നുണ്ടാവണം.

നെല്ലിയാമ്പതി ആയിരിക്കാം അതിനുള്ള തുടക്കം. നെല്ലിയാമ്പതി വിഷയത്തില്‍ പതിവില്‍നിന്നു വ്യത്യസ്തമായി വി.എസ്സിന് മുന്‍പേ പാര്‍ട്ടി നേതാക്കള്‍ അവിടെയെത്തി അതേറ്റെടുത്ത് നിലപാടും അറിയിച്ചുകഴിഞ്ഞു എന്നത് ശുഭസൂചകമാണ്. അല്ലെങ്കിലും പരിസ്ഥിതി സമരങ്ങള്‍ ഏറ്റെടുക്കാനും വിജയിപ്പിക്കാനും 89 വയസുകാരനായ ഒരു വി.എസ്സിനെ കാത്തിരിക്കേണ്ട കാര്യമില്ല എന്ന മെസേജ് തന്നെയാണ് സി.പി.ഐ.എം ഇനിയുള്ള കാലം അണികള്‍ക്ക് കൊടുക്കേണ്ടത്.

ചികിത്സാ കഴിയുന്നതോടെ നെല്ലിയാമ്പതിയില്‍ പോയി ഈ സമരം മുന്നോട്ടു കൊണ്ടുപോകുമെന്ന് വി.എസ്സിനോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. എല്ലാ തോട്ടങ്ങളും ഏറ്റെടുക്കുംവരെ പോരാട്ടം നിലനിര്‍ത്തണം. തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാട് ഭരണകക്ഷികളേക്കൊണ്ട് ഏറ്റെടുപ്പിക്കണം. ഹാരിസന്റെ എഴുപതിനായിരത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ചെങ്ങറയിലെയും മറ്റും ഭൂരഹിത ആളുകള്‍ക്കും ആദിവാസികള്‍ക്കും നല്‍കി അവരോടു വി.എസ്. സര്‍ക്കാര്‍ ചെയ്ത തെറ്റുകള്‍ തിരുത്തണം.

തുടരെ തുടരെ ജനവിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടണം. വി.എസ്. ലേഖനത്തിലൂടെ മുന്നോട്ടുവെച്ച വിഷയങ്ങള്‍ തന്നെ അനവധിയാണ്. ഇവ ഏറ്റെടുത്താല്‍, അവയെ പാര്‍ട്ടി പിന്തുണച്ചാല്‍, അവയില്‍ കുറച്ചെണ്ണമെങ്കിലും ജയിച്ചാല്‍ , സി.പി.എമ്മിന്റെ പച്ചപ്പിലേക്കുള്ള തിരിച്ചു വരവായിട്ടാവും ചരിത്രം ഇതിനെ വിലയിരുത്തുക. ഇടതുപാളയത്തിലെ അനൈക്യസ്വരങ്ങള്‍ അവസാനിപ്പിച്ച് ഒരു യോജിച്ച സമരത്തിന് തുടക്കം കുറിക്കാന്‍ ആകട്ടെ ഇനിയുള്ള ശ്രമങ്ങള്‍ . പുതിയകാല രാഷ്ട്രീയ ആവശ്യങ്ങളോട് സി.പി.ഐ.എം എന്ന പാര്‍ട്ടിയും വി.എസ്സും എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു തന്നെ കാണാം.