തിരുവനന്തപുരം: ക്ഷേമപദ്ധതികള്‍ ജനങ്ങളുടെ അവകാശമാണെന്ന എല്‍.ഡി.എഫ് നയം അട്ടിമറിച്ച്, അവ സര്‍ക്കാരിന്റെ ഔദാര്യമാണെന്ന് വരുത്തിതീര്‍ക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഗതാഗതമന്ത്രി സി.പി ജോണിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്ര നടപ്പിലാക്കി രണ്ടു മാസം പിന്നിടുമ്പോഴേക്കും, അവര്‍ ബസ്സില്‍ തള്ളിക്കയറുന്നവരാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിന്ദ്യവും അവഹേളനപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളിലും സൗജന്യയാത്ര വാഗ്ദാനം ചെയ്തിരുന്ന സര്‍ക്കാര്‍, അധികാരത്തില്‍ വന്നപ്പോള്‍ അത് ഓര്‍ഡിനറി ബസുകളിലേക്ക് മാത്രമായി ചുരുക്കി. പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ ദാരിദ്ര്യം അഭിനയിക്കുന്നവരെന്ന് പരിഹസിക്കുകയും സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധിക്ക് കാരണം ഇവരാണെന്ന് ആരോപിക്കുകയും ചെയ്യുന്നത് ഭരണതലത്തിലെ സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാനാണ്. ആവശ്യമായ സാമ്പത്തിക മുന്നൊരുക്കങ്ങളോ ഫണ്ടോ ഇല്ലാതെ പദ്ധതി നടപ്പിലാക്കിയതാണ് കെ.എസ്.ആര്‍.ടി.സിയെ തകര്‍ച്ചയിലേക്ക് എത്തിച്ചതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെയും ക്ഷേമപദ്ധതികളെയും സര്‍ക്കാര്‍ ബോധപൂര്‍വം തകര്‍ക്കുകയാണ്. എല്‍.ഡി.എഫ് 16 ലക്ഷത്തോളം വരുന്ന നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം നല്‍കിയിരുന്ന ‘സ്ത്രീ സുരക്ഷാ പദ്ധതി’ നിലവിലെ സര്‍ക്കാര്‍ നിര്‍ത്തലാക്കി. കൂടാതെ, കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായ കുടുംബശ്രീയില്‍ കൂട്ട പിരിച്ചുവിടലുകള്‍ നടത്തി പ്രസ്ഥാനത്തെ തകര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്.
അഞ്ചരലക്ഷം പേര്‍ക്ക് വീട് നല്‍കിയ ലൈഫ് പദ്ധതി തുടരാന്‍ ആവശ്യമായ ഫണ്ട് ബജറ്റില്‍ വകയിരുത്താതെ പദ്ധതി മുടക്കാനാണ് സര്‍ക്കാരിന്റെ നീക്കം. എല്‍.ഡി.എഫ് നടപ്പിലാക്കിയ ജനകീയ പദ്ധതികള്‍ ഇല്ലാതാക്കിയ സര്‍ക്കാര്‍, ‘പ്രിയദര്‍ശിനി പദ്ധതി’ വഴി സൗജന്യയാത്ര നടത്തുന്ന നാമമാത്രമായ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്നും സര്‍ക്കാരിന്റെ ഈ നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ക്ഷേമപദ്ധതികള്‍ ജനങ്ങളുടെ അവകാശമാണെന്ന എല്‍ഡിഎഫ് നയം അട്ടിമറിച്ച്, അവ സര്‍ക്കാരിന്റെ ഔദാര്യമാണെന്ന് പ്രഖ്യാപിക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍. സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്ര തുടങ്ങി കേവലം രണ്ട് മാസം പിന്നിടുമ്പോഴേക്കും അവര്‍ സൗജന്യ യാത്രയ്ക്ക് ബസില്‍ തള്ളിക്കയറുന്നവരാണെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിന്ദ്യമാണ്, അവഹേളനപരമാണ്.
മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുന്‍പ് നല്‍കിയ വാഗ്ദാനം. എന്നാല്‍, അധികാരത്തില്‍ എത്തിയപ്പോള്‍ അത് ഓര്‍ഡിനറി ബസുകളിലേക്ക് മാത്രമായി ചുരുക്കി. ഇപ്പോള്‍, പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ ദാരിദ്ര്യം അഭിനയിക്കുന്നവരെന്ന് പരിഹസിക്കുക മാത്രമല്ല, സ്വകാര്യബസ് മേഖല പ്രതിസന്ധി നേരിടുന്നതിനു കാരണം അവര്‍ കെ.എസ് ആര്‍.ടി.സിയില്‍ തള്ളിക്കയറുന്നതാണെന്ന് കൂടി നിര്‍ലജ്ജം ആരോപിക്കുകയാണ്.
മന്ത്രിയുടെ വാക്കുകള്‍ കേവലം ഒരു നാക്കുപിഴയല്ല, മറിച്ച്, അതില്‍ മുഴച്ചുനില്‍ക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ നയസമീപനമാണ്. സാമ്പത്തികമായ മുന്നൊരുക്കങ്ങളില്ലാതെയും മതിയായ ഫണ്ട് അനുവദിക്കാതെയും സൗജന്യ യാത്ര നടപ്പിലാക്കിയത് കെ.എസ്.ആര്‍.ടി.സി യെ തകര്‍ച്ചയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഭരണതലത്തിലെ സ്വന്തം വീഴ്ചകള്‍ക്ക് സ്ത്രീകളെ പഴിചാരുകയാണ് ഗതാഗതമന്ത്രി.
കേരളത്തില്‍ കുടുംബിനികളുടെ കയ്യില്‍ പണമില്ലെന്ന് മന്ത്രി പുച്ഛിക്കുമ്പോള്‍, അവരുടെ ക്ഷേമത്തിനായി പ്രതിമാസം ആയിരം രൂപ വീതം നല്‍കി നടപ്പാക്കിയ ‘സ്ത്രീ സുരക്ഷാ പദ്ധതി’ മുടക്കിയത് ഈ സര്‍ക്കാരാണെന്നത് ഓര്‍ക്കണം. കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രക്രിയയിലെ മാതൃകയായ കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. കുടുംബശ്രീയിലെ കൂട്ട പിരിച്ചുവിടല്‍ അതിന്റെ സൂചനയാണ്. അഞ്ചരലക്ഷം പേര്‍ക്ക് വീട് നല്‍കിയ ലൈഫ് പദ്ധതിയും മുടക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ബജറ്റില്‍ പദ്ധതി തുടരാനാവശ്യമായ ഫണ്ട് വകയിരുത്തിയിട്ടില്ല.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ പതിനാറ് ലക്ഷത്തോളം വരുന്ന നിര്‍ദ്ധനരായ സ്ത്രീകള്‍ക്കാണ് കൈത്താങ്ങ് ലഭിച്ചത്. യാതൊരു രാഷ്ട്രീയ പക്ഷപാതിത്വവുമില്ലാതെ നടപ്പിലാക്കിയ ഈ ജനകീയ പദ്ധതി ഇല്ലാതാക്കിയ ഈ സര്‍ക്കാര്‍ പ്രിയദര്‍ശിനി പദ്ധതി വഴി സൗജന്യയാത്ര നടത്തുന്ന നാമമാത്രമായ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചവിട്ടി മെതിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ ഈ നിലപാടിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
Content Highlight: Welfare schemes are not acts of charity but the people’s right; Pinarayi Vijayan criticizes the UDF government.