ബംഗാളില്‍ ബി.ജെ.പി 50 സീറ്റ് തികയ്ക്കില്ല, തൃണമൂല്‍ 235 കടക്കും; എക്‌സിറ്റ് പോളുകളെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ്
India
ബംഗാളില്‍ ബി.ജെ.പി 50 സീറ്റ് തികയ്ക്കില്ല, തൃണമൂല്‍ 235 കടക്കും; എക്‌സിറ്റ് പോളുകളെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th April 2026, 12:29 pm

ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രവചനങ്ങളെ പൂര്‍ണമായും തള്ളി തൃണമൂല്‍ കോണ്‍ഗ്രസ്.

ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം നടത്തുമെന്ന സര്‍വേ ഫലങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും 235ലധികം സീറ്റുകള്‍ നേടി മമത ബാനര്‍ജി അധികാരം നിലനിര്‍ത്തുമെന്നും തൃണമൂല്‍ നേതൃത്വം വ്യക്തമാക്കി.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ് പ്രതികരിച്ചു. ‘ഞങ്ങള്‍ 235ല്‍ കൂടുതല്‍ സീറ്റുകള്‍ നേടും, ബി.ജെ.പിക്ക് 50 സീറ്റുകള്‍ പോലും ലഭിക്കില്ല,’ അദ്ദേഹം പറഞ്ഞു.

മെയ് 4 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്ന് തൃണമൂല്‍ നേതാവ് ശശി പഞ്ചയും ആവശ്യപ്പെട്ടു. ബി.ജെ.പി പരാജയപ്പെടുമെന്നും എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം വോട്ടെണ്ണല്‍ ദിവസം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളിലെ ഉയര്‍ന്ന പോളിങ് ശതമാനം തൃണമൂലിന് അനുകൂലമാണെന്നായിരുന്നു എം.പി സൗഗത റോയുടെ നിരീക്ഷണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്നും ഇതില്‍ ജനങ്ങള്‍ രോഷാകുലരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൃണമൂല്‍, എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളുമ്പോഴും ബി.ജെ.പി ക്യാമ്പ് വലിയ ആവേശത്തിലാണ്. പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ മികച്ച വിജയം നേടുമെന്നാണ് ബി.ജെ.പി നേതാക്കളുടെ വാദം.

ബംഗാളില്‍ ചരിത്രപരമായ ജനവിധി ഉണ്ടാകുമെന്ന് നളിന്‍ കോഹ്ലി പറഞ്ഞപ്പോള്‍, എക്‌സിറ്റ് പോളുകള്‍ പ്രതീക്ഷിച്ച ഫലം തന്നെയാണ് കാണിക്കുന്നതെന്നായിരുന്നു മനോജ് തിവാരി എം.പി പ്രതികരിച്ചത്. കേരളത്തില്‍ പാര്‍ട്ടി ദുര്‍ബലമാണെന്ന് സമ്മതിച്ച അദ്ദേഹം, ഭാവിയില്‍ അവിടെയും ബി.ജെ.പി ഭരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

എക്‌സിറ്റ് പോളുകളെ പൂര്‍ണ്ണമായി വിശ്വസിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ പറഞ്ഞു. ബംഗാളില്‍ ബി.ജെ.പി മുന്നേറാന്‍ ഒരു കാരണവും കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കുന്നതാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എക്സിറ്റ് പോള്‍ പ്രകാരം ബി.ജെ.പിക്ക് 150-160 നിയമസഭാ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍, മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ ആകെയുള്ള 294 നിയമസഭാ സീറ്റുകളില്‍ 130-140 സീറ്റുകള്‍ നേടുമെന്നാണ്. മറ്റ് പാര്‍ട്ടികള്‍ ആറ് മുതല്‍ 10 വരെ നിയമസഭാ സീറ്റുകള്‍ നേടുമെന്നും പ്രവചിക്കപ്പെടുന്നു.

മാട്രിസ് നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പ്രകാരം പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 146-161 സീറ്റുകള്‍ നേടും, തൃണമൂല്‍ 125 മുതല്‍ 140 വരെ സീറ്റുകള്‍ നേടുമെന്നും പറയപ്പെടുന്നു.

Content Highlight: We will win more than 235 seats and the BJP will not even win more than 50 seats.TMC