വര്‍ഗീയതയ്ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്നും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ കൈവിടാതെ കാത്തുകൊള്ളുമെന്നും നമ്മള്‍ ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്: പിണറായി വിജയന്‍
Kerala
വര്‍ഗീയതയ്ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്നും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ കൈവിടാതെ കാത്തുകൊള്ളുമെന്നും നമ്മള്‍ ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്: പിണറായി വിജയന്‍
നിഷാന. വി.വി
Saturday, 15th August 2026, 10:03 am

 

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിന സന്ദേശം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് രാജ്യം സ്വതന്ത്രമായി ഇന്ന് 79 വര്‍ഷം പൂര്‍ത്തിയാകുന്നുവെന്നും എണ്‍പതാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്ന ഈ വേളയെ കേവലം ഒരാഘോഷമായി ചുരുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹികാവസ്ഥകളെ കുറിച്ചുള്ള ഗൗരവപൂര്‍ണമായ ഒരു ആത്മപരിശോധനക്ക് കൂടി ഈ സന്ദര്‍ഭത്തില്‍ നാം തയ്യാറാകണമെന്നും
ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും ഇന്ന് വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും പിണറാി വിജയന്‍ പറഞ്ഞു.

‘നാനാത്വത്തില്‍ ഏകത്വം’ നല്‍കുന്ന കരുത്തിനെ ദുര്‍ബലപ്പെടുത്താനും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നമ്മുടെ ചുറ്റും നടക്കുന്നുണ്ട്. വര്‍ഗീയതയ്ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്നും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ കൈവിടാതെ കാത്തുകൊള്ളുമെന്നും ഈ ദിനം നമ്മള്‍ ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ, വിലക്കയറ്റം, വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വം തുടങ്ങിയ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ചൂഷണങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും ഒന്നിച്ചു നില്‍ക്കാന്‍ സ്വാതന്ത്ര്യത്തിനായി നാം നടത്തിയ പോരാട്ടങ്ങളുടെ സ്മരണകള്‍ കരുത്ത് പകരുമെന്നും സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്നം കണ്ടത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ഇന്ത്യയല്ല മറിച്ച് എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘ഭരണഘടനാ ബാഹ്യ ഇടപെടലുകളില്‍ നിന്ന് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകള്‍ പൊളിച്ചെറിഞ്ഞ്, മാനവികതയും സാഹോദര്യവും നിറഞ്ഞ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ നമുക്ക് ഒരുമിക്കാം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍,’ അദ്ദേഹം കുറിച്ചു.

Content Highlight: We need to loudly proclaim that there is no place for communalism on this soil and that we will steadfastly uphold democratic and secular values: Pinarayi Vijayan.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.