കല്‍പ്പറ്റ: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (ഡബ്ല്യു.എല്‍.എഫ്) മൂന്നാമത് എഡിഷന്‍ ഈ വര്‍ഷം ഡിസംബര്‍ 20 മുതല്‍ 23 വരെ മാനന്തവാടി ദ്വാരകയില്‍ നടക്കും. രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഡബ്ല്യു.എല്‍.എഫ് സംഘടിപ്പിക്കുന്നത്. 2022, 2024 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടന്നത്.
സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വര്‍ഷവും ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സിനിമാപ്രവര്‍ ത്തകരും കലാകാരന്മാരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമാണ് ഡബ്ല്യു.എല്‍.എഫ്. ഈ വര്‍ഷത്തെ ഡബ്ല്യു.എല്‍.എഫ് എഡിഷനില്‍ പങ്കെടുക്കുന്ന എഴുത്തുകാരുടെയും, കലാകാരന്മാരുടേയും പ്രമുഖ വ്യക്തികളുടെയും വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംവാദങ്ങള്‍, സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍, കഥയരങ്ങ്, കവിയരങ്ങ് എന്നിവയ് ക്കൊപ്പം വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. സാഹിത്യരംഗത്തും അക്കാദമികരംഗത്തും ആഗോളപ്രശസ്തരായ നിരവധി പേര്‍ അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി വയനാട്ടില്‍ എത്തിച്ചേരും.
മുന്‍വര്‍ഷങ്ങളിലെപ്പോലെ കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതിജാഗ്രത, കര്‍ഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇത്തവണയും ചര്‍ച്ച ചെയ്യപ്പെടുമെന്നും സംഘാടകര്‍ അറിയിച്ചു.
സാഹിത്യോത്സവത്തോടനുബന്ധിച്ച് ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് ഫെയര്‍, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, ഭക്ഷ്യമേള, കാര്‍ഷികവിപണി, പൈതൃകനടത്തം, ആര്‍ട് ബിനാലെ, കുട്ടികളുടെ വിനോദ-വിജ്ഞാനക്കളരി, മാസ്റ്റര്‍ ക്ലാസുകള്‍, കേരളത്തിലെ ഏറ്റവും മികച്ച കോളേജ് മാഗസിന്‍ പുരസ്‌കാരം, എന്നിവയും ഈ വര്‍ഷം സംഘടിപ്പിക്കുന്നുണ്ട്. വയനാടിന്റെ സാമ്പത്തിക-സാംസ്‌കാരിക മേഖലകളില്‍ വലിയ ഉണര്‍വ് സൃഷ്ടിക്കാനും ഈ സാഹിത്യോത്സവം വലിയൊരു വേദിയാകുമെന്നാണും സംഘാടകര്‍ പറഞ്ഞു.
ഫെസ്റ്റിവല്‍ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിക്കുന്നതിനായി ജൂലൈ 11-ന് 4 മണിക്ക് യോഗം ചേരും. മാനന്തവാടി ദ്വാരക കാസാ മരിയയില്‍ വച്ചാണ് യോഗം ചേരുക.
കാരവന്‍ മാഗസിന്റെ മുന്‍ എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഡോ. വിനോദ് കെ. ജോസാണ് വയനാട് സാഹിത്യോല്‍സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. എഴുത്തുകാരന്‍ വി.എച്ച്. നിഷാദ്, പ്രമുഖ പത്രപ്രവര്‍ത്തക ലീന ഗീതാ രഘുനാഥ് എന്നിവര്‍ ക്യുറേറ്റര്‍മാരാണ്.
Content Highlight: Wayanad Literature Festival (WLF) From December 20 to 23