വന്‍ വിജയം നേടിയെങ്കിലും ഇന്ത്യ സൂക്ഷിക്കണം; വില്ലനാകുന്ന പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടി ഇതിഹാസം
Sports News
വന്‍ വിജയം നേടിയെങ്കിലും ഇന്ത്യ സൂക്ഷിക്കണം; വില്ലനാകുന്ന പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടി ഇതിഹാസം
ആദർശ് എം.കെ.
Monday, 27th July 2026, 8:13 pm

സിംബാബ്‌വേയ്‌ക്കെതിരായ പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യ ടീം നേരിടുന്ന പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഇതിഹാസ താരം വസീം ജാഫര്‍. ബാറ്റിങ് യൂണിറ്റും ബൗളിങ് യൂണിറ്റും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുമ്പോഴും ഫീല്‍ഡിങ്ങിലെ പിഴവുകള്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഇന്ത്യ ഫീല്‍ഡിങ്ങില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഭാഗ്യവശാല്‍ സിംബാബ്‌വേയ്‌ക്കെതിരെ കൈവിട്ട ക്യാച്ചുകള്‍ മത്സരത്തിന്റെ ഗതി നിര്‍ണയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

വസീം ജാഫര്‍

എന്നാല്‍ ശക്തരായ എതിരാളികള്‍ക്കെതിരെ കളിക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും വസീം ജാഫര്‍ വ്യക്തമാക്കി.

‘ഇന്ത്യയുടെ ഫീല്‍ഡിങ് അല്‍പം നിരാശജനകമായിരുന്നു. നമ്മള്‍ കുറച്ചധികം ക്യാച്ചുകള്‍ കൈവിട്ടുകളയുകയും അവര്‍ക്ക് അവസരങ്ങള്‍ നല്‍കുകയും ചെയ്തു. ആ ഏരിയയാണ് ടീം അടിയന്തരമായി മെച്ചപ്പെടുത്തേണ്ടത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇതേ തെറ്റുകള്‍ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടായി. നമ്മള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുകയും അവസരങ്ങള്‍ കൈവിടുകയും ചെയ്തു. ആ തെറ്റുകള്‍ക്ക് നമുക്ക് വലിയ വില നല്‍കേണ്ടതായും വന്നു.

ഇവിടെ അവര്‍ക്ക് (സിംബാബ്‌വേ) ഇന്ത്യയെ കാര്യമായി മുറിവേല്‍പ്പിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ശക്തരായ എതിരാളികള്‍ക്കെതിരെ ഇത് വലിയ വ്യത്യാസമുണ്ടാക്കും. എനിക്ക് തോന്നുന്നത് ഇന്ത്യ ഫീല്‍ഡിങ് ഡിപ്പാര്‍ട്‌മെന്റ് ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന് തന്നെയാണ്,’ അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ രണ്ട് പരമ്പര പരാജയങ്ങള്‍ക്ക് ശേഷം ഇന്ത്യ ആദ്യമായി വിജയമധുരം നുണഞ്ഞ സിംബാബ്‌വന്‍ പര്യടനത്തിലെ മൂന്ന് മത്സരത്തില്‍ നിന്നും ഇന്ത്യ ആകെ കൈവിട്ടത് പത്ത് ക്യാച്ചുകളാണ്. ഇതില്‍ അഞ്ചെണ്ണവും അവസാന മത്സരത്തിലാണ് എന്നതും രസകരമാണ്. 64.2 ശതമാനം മാത്രമാണ് ഇന്ത്യയുടെ ക്യാച്ചിങ് എഫിഷ്യന്‍സി.

അതേസമയം, സിംബാബ് വേയാകട്ടെ ആകെ 12 അവസരങ്ങളില്‍ കൈവിട്ടത് വെറും ഒറ്റൊന്ന് മാത്രവും. 92.3 ശതമാനമാണ് ഷെവ്‌റോണ്‍സിന്റെ ക്യാച്ചിങ് എഫിഷ്യന്‍സി.

അതേസമയം, ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന് കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയം കൂടിയായിരുന്നു ഇത്. അയര്‍ലന്‍ഡിനെതിരെ 2-0ന് പരമ്പര തോറ്റ ഇന്ത്യ ഇംഗ്ലണ്ടിന് മുമ്പില്‍ 4-0നും കീഴടങ്ങി.

ഒക്ടോബറിലാണ് ഇന്ത്യയുടെ ടി-20 പരമ്പര. ഹോം കണ്ടീഷനില്‍ വെസ്റ്റ് ഇന്‍ഡീസാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ എതിരാളികള്‍.

 

Content Highlight: Wasim Jaffer on concerns regarding Team India’s fielding.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.