കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലിജോമോള്‍. പൊന്മാന്‍, ദാവീദ്, ജയ് ഭീം, സംശയം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ നടി ചെയ്തിട്ടുണ്ട്. റിയലിസ്റ്റിക്ക് കഥാപാത്രങ്ങള്‍ക്ക് അപ്പുറത്തേക്ക് എല്ലാ തരത്തിലുമുള്ള സിനിമകളുടെ ഭാഗമാകണം എന്നും നടി ലിജോമോള്‍ പറഞ്ഞു. തന്റെ പുതിയ സിനിമയായ ഉന്മാദത്തിന്റെ പ്രമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

നല്ല സിനിമകളുടെ ഭാഗമാകണം എന്നതാണ് ആഗ്രഹം. എനിക്ക് വരുന്ന കഥാപാത്രങ്ങളില്‍ നിന്ന് നല്ലത് തെരഞ്ഞെടുക്കുക എന്നുള്ളതാണ് എനിക്ക് ചെയ്യാന്‍ പറ്റുന്നത്. എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്.

ലിജോമോള്‍

എല്ലാ കാലത്തും എല്ലാ ആക്ടേഴ്സിന്റെയും ആഗ്രഹം വ്യത്യസ്ത സിനിമകളുടെ ഭാഗം ആകണം എന്നുള്ളതാണ്. ഇനി അടുത്തത് എനിക്ക് വളരെ ലളിതമായ, മനസിന് സന്തോഷം നല്‍കുന്ന സിനിമകള്‍ അല്ലെങ്കില്‍ ഫണ്‍ ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയാണ് എന്നും ലിജോമോള്‍ പറഞ്ഞു.

ലിജോമോള്‍

ഷാഹി കബീര്‍ ചെയ്തിട്ടുള്ള സിനിമകള്‍ എല്ലാം പൊലീസ് കഥകളാണ്. അതില്‍ എല്ലാം തന്നെ ഒന്നില്‍ നിന്ന് വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ആ സിനിമകളില്‍ നിന്നും എത്രത്തോളം വ്യത്യസ്തമാണ് എന്റെ കഥാപാത്രം എന്നതാണ് ഞാന്‍ ആദ്യം നോക്കിയത്. പിന്നെ നല്ലൊരു ടീമിന്റെ കൂടെയാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്.

ഡയറക്ടര്‍ കിരണ്‍ ആണേലും ഒരുപാട് സിനിമകള്‍ എഡിറ്റ് ചെയ്ത് എക്‌സ്പീരിയന്‍സ് ഉള്ള വ്യക്തി കൂടിയാണ്. പിന്നെ ചാക്കോചന്റെ കൂടെയുള്ള എന്റെ ആദ്യത്തെ സിനിമകൂടിയാണ്. പിന്നെ പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്നു. അതുകൊണ്ട് ഇതെല്ലാം ഈ സിനിമയില്‍ എന്നെ സ്വാധീനിച്ച ഘടകങ്ങളാണ് എന്നും ലിജോമോള്‍ പറഞ്ഞു.

ഷാഹി കബീറിന്റെ തിരക്കഥയില്‍ കിരണ്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഉന്മാദം. പാവ, ഇഷ്‌ക്, അമ്പിളി, മൂത്തോന്‍, ജോജി തുടങ്ങിയ നിരവധി സിനിമയുടെ എഡിറ്ററായി കിരണ്‍ ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇഷ്‌ക് എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായി പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ജൂലൈ 31 ന് തീയേറ്ററുകളില്‍ എത്തും.

Content Highlight: Want to do feel-good movies beyond realistic characters: Lijomol