412 വോട്ടിന് ശേഷം വിവിപാറ്റില്‍ ലൈറ്റ് തെളിഞ്ഞിട്ടില്ല: സ്റ്റാലിന്‍ മത്സരിച്ച കൊളത്തൂര്‍ മണ്ഡലത്തില്‍ കൃത്രിമം നടന്നിട്ടുണ്ട്, കോടതിയെ സമീപിക്കും: ഡി.എം.കെ
India
412 വോട്ടിന് ശേഷം വിവിപാറ്റില്‍ ലൈറ്റ് തെളിഞ്ഞിട്ടില്ല: സ്റ്റാലിന്‍ മത്സരിച്ച കൊളത്തൂര്‍ മണ്ഡലത്തില്‍ കൃത്രിമം നടന്നിട്ടുണ്ട്, കോടതിയെ സമീപിക്കും: ഡി.എം.കെ
നിഷാന. വി.വി
Sunday, 2nd August 2026, 2:54 pm

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തോറ്റ മണ്ഡലമായ കൊളത്തൂരില്‍ ഉപയോഗിച്ച ഇ.വി.എമ്മുകളില്‍ കൃത്രിമം കണ്ടെത്തി. സ്റ്റാലിന്റെ ആവശ്യപ്രകാരം നടത്തിയ വോട്ടിങ് മെഷീനുകളുടെ പരിശോധനിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ പരിശോധനയാവശ്യപ്പെട്ട് സ്റ്റാലിന്‍ ഇലക്ഷന്‍ കമ്മീഷന് കത്ത് നല്‍കിയിരുന്നു.

ക്രമക്കേട് കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പ് നീതിയുക്തമായല്ല നടന്നതെന്നും കോടതിയെ സമീപിക്കുമെന്നും ഡി.എം.കെ വ്യക്തമാക്കി. പതിനാല് പോളിങ് സ്‌റ്റേഷനുകളില്‍ നിന്നുള്ള ഇ.വി.എം, കണ്‍ട്രോള്‍ യൂണിറ്റുകള്‍, വിവിപാറ്റുകള്‍ എന്നിവയുടെ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

കൊളത്തൂരില്‍ ഉപയോഗിച്ച ഇ.വി.എമ്മുകളെ വെരിഫിക്കേഷന്‍ സാങ്കേതിക തകരാറുകള്‍ കാരണം തടസപ്പെട്ടെന്നും ഉപയോഗിച്ച വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെക്കുറിച്ച് സംശയമുണ്ടെന്നും വിഷയത്തില്‍ കോടതിയെ സമീപിപ്പിക്കുമെന്നും ഡി.എം.കെ നിയമ സെക്രട്ടറി എന്‍.ആര്‍.ഇളങ്കോ പറഞ്ഞു.

‘ ചന്താദ്രിപേട്ടില്‍ നടന്ന പരിശോധനയില്‍ കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന എട്ട് ഇ.വി.എമ്മുകളില്‍ മൂന്നെണ്ണത്തിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി. പരിശോധിച്ച ഏകദേശം മുപ്പത് ശതമാനം വോട്ടിങ് യന്ത്രങ്ങളും പ്രശ്‌നം കാണിച്ചിട്ടുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് നീതിയുക്തമായി അല്ല നടന്നത് എന്ന നിഗമനത്തിലാണ്. വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയേയോ സുപ്രീം കോടതിയേയോ സമീപിക്കും,’ ഇളങ്കോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

157ാം നമ്പര്‍ സ്റ്റേഷനിലെ ഇ.വി.എമ്മില്‍ ഉപയോഗിച്ച അഡ്രസ് ടാഗ് പുതിയതും ഇതുവരെ ഉപയോഗിക്കാത്തതുമായിരുന്നുവെന്നും അതില്‍ ആവശ്യത്തിനുള്ള വിവരങ്ങള്‍ ഇല്ലായിരുന്നുവെന്നും ഡി.എം.കെ പറയുന്നു. ടാഗുകള്‍ പൂരിപ്പിച്ചിട്ടില്ലെന്നും സീലിങ് നടപടികള്‍ പാലിച്ചിട്ടില്ലെന്നും ഇളങ്കോ പറഞ്ഞു.

കൂടാതെ 500 മുതല്‍ 1400 വോട്ടുകള്‍ വരെ ചെയ്തുള്ള മോക്ക് പോളില്‍ 412 വോട്ടിന് ശേഷം വിവിപാറ്റ് യന്ത്രത്തില്‍ ലൈറ്റുകള്‍ തെളിയുന്നില്ലെന്നും ഡി.എം.കെ പറഞ്ഞു. എന്നാല്‍ ഇത് വെറുമൊരു സാങ്കേതിക പ്രശ്‌നം മാത്രമാണെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം.

Content Highlight: VVPAT light did not light up after the 412th vote; tampering occurred in the Kolathur constituency where Stalin contested—DMK to approach the court.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.