അച്ഛന്റെ പ്രശസ്തിയുടെ നിഴലിൽ നില്കാതെ തന്റേതായ ഐഡന്റിറ്റി സൃഷ്ടിച്ചെടുത്ത എഴുത്തുകാരിയും, അഭിനേത്രിയുമാണ് വിസ്മയ മോഹൻലാൽ. ദൽഹി ജന്തർ മന്തറിലെ സി.ജെ.പി പ്രതിഷേധത്തിലും വിസ്മയ ശക്തമായ നിലപാട് അറിയിച്ചിരുന്നു. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തുടക്കത്തിലൂടെ വിസ്മയ അഭിനയ രംഗത്തേക്കും കടന്നുവരുകയാണ്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിൻറെ മകളായ വിസ്മയ, താൻ ഒരു താരത്തിന്റെ മകളാണെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ. തന്റെ സ്കൂൾ കാലഘട്ടത്തിൽ അച്ഛന്റെ ഒരു സിനിമ ക്ലാസിൽ പ്രദർശിപ്പിച്ചപ്പോൾ ഉണ്ടായ ഓർമയും താരം പങ്കുവെക്കുന്നു. ഗലാട്ട പ്ലസ് എന്ന യുട്യൂബ് ചാനലിൽ സംസാരിക്കുകയാണ് താരം.
താൻ പഠിച്ചത് ഒരു ഇന്റർനാഷണൽ സ്കൂളിൽ ആയിരുന്നു എന്നും അതിനാൽ അവിടെ ഉള്ളവർക്ക് താൻ മോഹൻലാലിൻറെ മകൾ ആണെന്ന് അറിയാമെങ്കിലും അത് വലിയ ഒരു കാര്യമൊന്നും ആയിരുന്നില്ല എന്ന് വിസ്മയ പറയുന്നു. അതുകൊണ്ടുതന്നെ താൻ ഒരു സ്പെഷ്യൽ ആണെന്ന് തോന്നിയിട്ടില്ല എന്നും വിസ്‌മയ പറഞ്ഞു.
‘ഞാൻ പഠിച്ചത് ഒരു ഇന്റർനാഷണൽ സ്കൂളിലായിരുന്നു. അവിടെയുള്ളവർക്ക് എന്റെ അച്ഛൻ സിനിമയിലാണെന്നതിനെക്കുറിച്ച് ഒരു ധാരണയൊക്കെയുണ്ടായിരുന്നു, എങ്കിലും ആളുകൾ അത് വലിയ വിഷയമാക്കിയിരുന്നില്ല. അധ്യാപകരൊക്കെ ചിലപ്പോൾ ‘അച്ഛന് സുഖമാണോ?’ എന്നൊക്കെ ചോദിക്കുമായിരുന്നു. പക്ഷേ കുട്ടികളുടെ ഇടയിൽ എനിക്ക് ഒരു പ്രത്യേകതയോ വ്യത്യസ്തതയോ ഒന്നും തോന്നിയിട്ടില്ല. എല്ലാം വളരെ സാധാരണമായിരുന്നു. അതുകൊണ്ട് എനിക്കൊരിക്കലും എന്തോ സ്പെഷ്യൽ ആളാണെന്നോ വേറിട്ടുനിൽക്കുന്ന ആളാണെന്നോ തോന്നിയിട്ടില്ല,’ വിസ്മയ പറഞ്ഞു.
സ്കൂളിൽ മോഹൻലാലിൻറെ സിനിമ ഇട്ടപ്പോൾ ഉണ്ടായ സംഭവത്തിന്റെ ഒരു ഓർമയും വിസ്മയ പങ്കുവെക്കുന്നു.
‘ഞങ്ങളുടെ സ്കൂളിൽ വീക്കെൻഡിൽ ടിവിയിൽ സിനിമയൊക്കെ കാണിക്കുമായിരുന്നു. ഒരിക്കൽ എന്റെ അച്ഛൻ ടിവിയിൽ വന്നപ്പോൾ എല്ലാവരും ‘ദാ മായയുടെ അച്ഛൻ!’ എന്ന് പറഞ്ഞു. എല്ലാവരും എന്നെത്തന്നെ നോക്കിയപ്പോൾ എനിക്ക് ഭയങ്കര നാണം തോന്നി. അതാണ് എനിക്ക് ആകെയുണ്ടായ ഒരു സംഭവം. അന്ന് ഞാൻ ‘അത് മാറ്റൂ,നിർത്തു ‘ എന്നൊക്കെ പറഞ്ഞ ഓർമയുണ്ട്. അച്ഛനെ ഓർത്ത് നാണക്കേട് തോന്നിയിട്ടല്ല, മറിച്ച് എല്ലാവരുടെയും ശ്രദ്ധ പെട്ടെന്ന് എന്നിലേക്ക് മാത്രം വന്നപ്പോൾ ഉണ്ടായ ഒരു ചമ്മൽ കൊണ്ടാണ്. ഇതൊഴിച്ചാൽ, എനിക്ക് ബാക്കിയുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഒന്നും തോന്നിയിട്ടേയില്ല,’ വിസ്മയ ഓർത്തെടുത്തു.
Content Highlight: Vismaya Mohanlal talks about his father and actor Mohanlal