ആ ചോദ്യം മനസിലുയര്‍ന്നതോടെ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചു: വിശാഖ് നായര്‍
Malayalam Cinema
ആ ചോദ്യം മനസിലുയര്‍ന്നതോടെ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചു: വിശാഖ് നായര്‍
ഐറിന്‍ മരിയ ആന്റണി
Saturday, 21st March 2026, 9:50 am

ആനന്ദം സിനിമയിലെ ‘കുപ്പി’യായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയ നടനാണ് വിശാഖ് നായര്‍. പിന്നീട് പുത്തന്‍ പണം, ലോനപ്പന്റെ മാമ്മോദീസ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ ഹിന്ദിയിലും തന്റ സാന്നിധ്യം അറിയിച്ചു.

ജിത്തു അഷ്‌റഫിന്റെ സംവിധാനത്തില്‍ എത്തിയ ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രമാണ് നടന് ബ്രേക്ക് ത്രൂ ആയി മാറിയത്. 2026ലെ ആദ്യ ഹിറ്റായി മാറിയ ‘ചത്താ പച്ച’യില്‍ വിശാഖ് അവതരിപ്പിച്ച ചെറിയാന്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് വിശാഖ് നായര്‍.

‘ജോലി വിട്ട് എം.ബി.എയ്ക്ക് പോകാന്‍ നിന്ന സമയത്താണ് തിയേറ്റര്‍ ഗ്രൂപ്പില്‍ ആനന്ദം ഓഡിഷനെ കുറിച്ചുള്ള അറിയിപ്പു വന്നത്. സെലക്ഷന്‍ കിട്ടിയപ്പോള്‍ ഒരു വര്‍ഷത്തേക്കു നോക്കാമെന്ന് വച്ചു. ആനന്ദത്തിലെ ‘കുപ്പി’ പിടിവിട്ട കഥാപാത്രമാണ്. ആദ്യ സിനിമയില്‍ എന്തു റോള്‍ കിട്ടിയാലും എക്‌സൈറ്റ്‌മെന്റോടെ അഭിനയിക്കുമല്ലോ.

അതു കഴിഞ്ഞ് ആന അലറലോടലറല്‍, ചെമ്പരത്തിപ്പു ചങ്ക്‌സ് എന്നിങ്ങനെ കുറേ സിനിമകള്‍. ചങ്ക്‌സ് മാത്രമാണ് ക്ലിക് ആയത്. ‘കരിയര്‍ വിട്ടു വന്നത് ഇതിനാണോ? എന്ന ചോദ്യം മനസിലുയര്‍ന്നതോടെ ബ്രേക്കെടുക്കാന്‍ തീരുമാനിച്ചു. 2018 മുതല്‍ സിനിമ ചെയ്തില്ല,’ വിശാഖ് നായര്‍ പറയുന്നു.

അഭിനയത്തില്‍ ബ്രേക്കെടുത്തെങ്കിലും സിനിമയുമായുള്ള ബന്ധം വിട്ടില്ലെന്നും താനും സംവിധായകന്‍ ഗണേഷ് രാജും കൂടി മാഡ് ജീനിയസ് എന്ന പേരില്‍ പ്രൊ ഡക്ഷന്‍ ഹൗസ് തുടങ്ങിയെന്നും നടന്‍ പറയുന്നു. എഴുത്തിലേക്കും സംവിധാനത്തിലേക്കും തിരികെ വന്ന ആ കാലത്ത് വലിയ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പരസ്യം ചെയ്തിരുന്നുവെന്നും വിശാഖ് നായര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് കാലം വന്ന് എല്ലാവരും ബ്രേക്കിലായ സമയത്താണ് മറ്റു ഭാഷകളിലേക്ക് ഓണ്‍ലൈന്‍ ഓഡിഷന് അവസരം കിട്ടിയതെന്നും സബാഷ് മിത്തുവാണ് ആദ്യമഭിനയിച്ച ഹിന്ദി സിനിമയെന്നും താരം പറഞ്ഞു.

ഇടക്ക് കരിയറില്‍ നിന്ന് ഇടവേളയെടുത്ത വിശാഖ് ഹൃദയം, ഡിയര്‍ ഫ്രണ്ട് എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. അദ്വൈത് നായരുടെ സംവിധാനത്തില്‍ എത്തിയ ചത്താ പച്ചയാണ് വിശാഖിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഡബ്യൂ.ഡബ്ല്യൂ.ഇയെ ആസ്പദമാക്കി അദ്വൈത് അണിയിച്ചൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.

Content Highlight: Visakh Nair on Anandam’s entry into cinema and the break in his career

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.