2017ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പ്രതിസന്ധികളായിരുന്നു നേരിട്ടത്. അന്നത്തെ നായകന്‍ വിരാട് കോഹ്‌ലിയും മുഖ്യപരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇതോടെ കുംബ്ലെയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായപ്പോള്‍, ഇന്ത്യന്‍ ടീമിന്റെ അടുത്ത മുഖ്യപരിശീലകനായി മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പേരും ശക്തമായി ഉയര്‍ന്നിരുന്നു.

വിരാട് കോഹ്‌ലി

അന്ന് തന്നെ ഇന്ത്യന്‍ പരിശീലകനാക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. വിരാട് കോഹ്‌ലിയോ അന്നത്തെ ബി.സി.സി.ഐ സെക്രട്ടറി അമിതാഭ് ചൗധരിയോ തന്നെ സമീപിച്ചിരുന്നില്ലെങ്കില്‍ പരിശീലക സ്ഥാനത്തേക്ക് ഒരിക്കലും താന്‍ അപേക്ഷിക്കുമായിരുന്നില്ലെന്ന് സെവാഗ് പറഞ്ഞു. വിരാട് കോഹ്‌ലിയും അനില്‍ കുംബ്ലെയും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയിലല്ലെന്നും അദ്ദേഹം പറഞ്ഞതായി സെവാഗ് പറഞ്ഞു.

‘വിരാട് കോഹ്‌ലിയോ അന്നത്തെ ബി.സി.സി.ഐ സെക്രട്ടറി അമിതാഭ് ചൗധരിയോ എന്നെ സമീപിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ പരിശീലക സ്ഥാനത്തേക്ക് ഒരിക്കലും അപേക്ഷിക്കുമായിരുന്നില്ല. അമിതാഭ് ചൗധരിമായി ഞാന്‍ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു.അനില്‍ കുംബ്ലെ

വിരാട് കോഹ്‌ലിയും അനില്‍ കുംബ്ലെയും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയിലല്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതിനാലാണ് എന്നെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാക്കാന്‍ അവര്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് അപേക്ഷ നല്‍കാന്‍ എന്നോട് ആവശ്യപ്പെട്ടതും.

നിങ്ങള്‍ ആ ടൂര്‍ണമെന്റില്‍ കമന്ററി ചെയ്യാന്‍ പോകുന്നുണ്ടല്ലോ. അനില്‍ കുംബ്ലെയുടെ കരാര്‍ അവസാനിക്കാനിരിക്കുകയാണ്. അതിനാല്‍ ഇംഗ്ലണ്ടില്‍ നിന്ന് നേരിട്ട് വെസ്റ്റ് ഇന്‍ഡീസിലേക്ക് പോയി ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുക്കാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,’ സെവാഗ് ക്രിക്കറ്റ് നെക്സ്റ്റില്‍ പറഞ്ഞു.

Content Highlight: Virender Sehwag speaks about being approached to become India’s coach