വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി-20കള്‍ക്കുമായാണ് വിന്‍ഡീസ് ഇന്ത്യയിലെത്തുന്നത്. ഇതില്‍ ഏകദിന പരമ്പരയാണ് ആദ്യം.
ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഏകദിന സ്‌ക്വാഡില്‍ പരിചയസമ്പന്നരായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഭാഗമാണ്. ഇരുവരും അടുത്ത ലോകകപ്പിനുണ്ടാകുമോ എന്ന ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് ഇരുവരും സ്‌ക്വാഡിന്റെ ഭാഗമാകുന്നത് എന്നതും ശ്രദ്ധേയമാണ്.

വിരാടും രോഹിത്തും ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം. Photo; BCCI/X.com
സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ ആദ്യ ഏകദിനം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരുവരെയും ഒരോ വമ്പന്‍ നേട്ടങ്ങളാണ് കാത്തിരിക്കിക്കുന്നത്.
ഏകദിന ഫോര്‍മാറ്റില്‍ 15,000 റണ്‍സ് എന്ന നേട്ടത്തിലേക്കാണ് വിരാട് അതിവേഗം ഓടിയടുക്കുന്നത്. വെറും 59 റണ്‍സ് നേടിയാല്‍ വിരാടിന് ഈ നാഴികക്കല്ലിലെത്താം. അങ്ങനെയെങ്കില്‍ ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ രണ്ടാമത് മാത്രം താരമായും വിരാട് മാറും.

വിരാട് കോഹ്ലി. Photo: BCCI/x.com
2008ല്‍ ഏകദിന കരിയര്‍ ആരംഭിച്ച മുന്‍ നായകന്‍ 302 ഇന്നിങ്‌സില്‍ നിന്നും 14,941 റണ്‍സ് നേടിയിട്ടുണ്ട്. 58.59 എന്ന മികച്ച ശരാശരിയില്‍ ബാറ്റ് വീശുന്ന താരം 54 സെഞ്ച്വറികളും 79 അര്‍ധ സെഞ്ച്വറികളും തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരവും വിരാട് തന്നെയാണ്.
ഇതിനൊപ്പം മറ്റൊരു ഐതിഹാസിക നേട്ടവും വിരാടിന്റെ പേരില്‍ കുറിക്കപ്പെടും. ഏറ്റവും വേഗത്തില്‍ 15,000 ഏകദിന റണ്‍സെന്ന നേട്ടമാണിത്. തന്റെ 377ാം ഇന്നിങ്‌സിലാണ് സച്ചിന്‍ 15,000 ഏകദിന റണ്‍സ് നേടിയത് എന്നതിനാല്‍ തന്നെ ഇനിയുള്ള 74 ഇന്നിങ്‌സുകള്‍ക്കുള്ളില്‍ എപ്പോള്‍ 59 റണ്‍സടിച്ചാലും വിരാടിന് ഈ നേട്ടം സ്വന്തമാക്കാം.

വിരാട് കോഹ്ലി. Photo: BCCI/x.com
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ ലിസ്റ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ വീഴ്ത്താനാണ് രോഹിത് ശര്‍മയൊരുങ്ങുന്നത്. 135 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ ഈ നേട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസത്തെ പടിയിറക്കാന്‍ ഹിറ്റ്മാന് സാധിക്കും.
ഓപ്പണറായി തന്റെ കരിയറിലെ 200ാം ഇന്നിങ്‌സ് കൂടിയാകും രോഹിത് ഗ്രീന്‍ഫീല്‍ഡില്‍ കളിക്കുക.

രോഹിത് ശർമ. Photo: BCCI/x.com
ആദ്യ 199 ഏകദിന ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഓപ്പണര്‍മാരുടെ പട്ടികയില്‍ വളരെ മുമ്പ് തന്നെ സച്ചിനെ മറികടന്ന രോഹിത് ഇപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മറ്റൊരു നേട്ടത്തിലേക്കാണ് കണ്ണുവെക്കുന്നത്.
ആദ്യ 199 ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഓപ്പണര്‍
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – ഇന്ത്യ – 9,865
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 9,212
ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 8083 (175 ഇന്നിങ്‌സുകള്‍)
സൗരവ് ഗാംഗുലി – ഇന്ത്യ – 7,848
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 7,641
സയീദ് അന്‍വര്‍ – പാകിസ്ഥാന്‍ – 7,487
ഡെസ്മണ്ട് ഹെയ്ന്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 7,445

രോഹിത് ശർമ. Photo: BCCI/x.com
2024 ടി-20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയ രോഹിത്തും വിരാടും ശേഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യന്‍ ജേഴ്‌സിയില്‍ ഏകദിനം മാത്രം കളിക്കുന്ന ഇരുവര്‍ക്കും അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന്റെ ഭാഗമാകണമെങ്കില്‍ പ്രകടനങ്ങളിലൂടെ അത് നേടിയെടുക്കണം.
Content highlight: Virat Kohli and Rohit Sharma eye Sachin Tendulkar’s ODI record.
