ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകനായി എത്തുന്നത്. ഈയിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

അതില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രണവ് മോഹന്‍ലാല്‍ തന്നെയായിരുന്നു. ടീസറില്‍ താരമെത്തുന്നത് വ്യത്യസ്തമായ ഒരു ഗെറ്റപ്പിലായിരുന്നു. ഇതുവരെയുണ്ടായിരുന്ന പ്രണവിന്റെ ലുക്കായിരുന്നില്ല ഇതില്‍. ടീസറിന് ശേഷം വിന്റേജ് ലുക്കില്‍ വന്ന പ്രണവിനെ ആരാധകര്‍ മോഹന്‍ലാലുമായി താരതമ്യം ചെയ്തിരുന്നു.

പ്രണവിന്റെ സംസാരവും ഭാവവും ചില സീനുകളും പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നതാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയ പറഞ്ഞത്. പ്രണവിന്റെ ഡയലോഗിനിടയിലെ ‘മോനേ’ എന്ന വിളിയില്‍ പോലും മോഹന്‍ലാലിനോട് സാമ്യതയുണ്ടെന്ന് ആരാധകര്‍ അന്ന് പറഞ്ഞിരുന്നു.

ആ സാമ്യത ബോധപൂര്‍വം സംഭവിച്ചതാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത് ശ്രീനിവാസന്‍. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ചിത്രത്തില്‍ ഒരു പാട്ടിനിടയില്‍ പ്രണവ് മീശ പിരിക്കുന്നത് ബോധപൂര്‍വം സംഭവിച്ചതാണ് എന്ന് വിനീത് പറഞ്ഞു.

‘ബോധപൂര്‍വം സംഭവിച്ചതാണോ എന്ന് ചോദിച്ചാല്‍, അപ്പു മീശ പിരിക്കുന്നത് അവന്‍ അങ്ങനെ ചെയ്യുന്നത് കാണാനുള്ള നമ്മളുടെ ആഗ്രഹം കൊണ്ട് ചോദിച്ചപ്പോള്‍ പിരിച്ചു കാണിച്ചതാണ്. ബോധപൂര്‍വ്വമുള്ളത് അത്രയൊക്കെയേയുള്ളൂ.

അപ്പുവിന്റെ അങ്കിളായ മോഹന്‍ ചേട്ടന്‍ ഒരിക്കല്‍ വീട്ടില്‍ വന്നു. അപ്പോള്‍ ഞാന്‍ സിനിമയുടെ ടീസര്‍ കട്ട് ചെയ്ത് കഴിഞ്ഞിരുന്നു. അന്ന് ഞാന്‍ ചേട്ടന് ടീസര്‍ കാണിച്ചു കൊടുത്തു. അദ്ദേഹം ടീസര്‍ കണ്ടിട്ട് ആദ്യം പറഞ്ഞത്, ഇത് ഇവന്‍ നമ്മുടെ ഇടയില്‍ നിന്നിട്ട് ചെയ്യുന്നത് പോലെയുണ്ടല്ലോ എന്നാണ്. അവര്‍ ലാലങ്കിളുമായല്ല അതിനെ താരതമ്യപെടുത്തുന്നത്. അവര്‍ക്ക് നേരിട്ട് അപ്പുവിനെ അറിയുന്നതാണ്.

ഞങ്ങള്‍ ഹൃദയത്തില്‍ പുതിയൊരു ലോകം എന്ന ഒരു പാട്ട് ഷൂട്ട് ചെയ്തിരുന്നു. അന്ന് പത്തോ പതിനഞ്ചോ ആളുകള്‍ പോയിട്ടാണ് ഷൂട്ട് ചെയ്തത്. അതിന്റെ ഷൂട്ട് തീരാറായ സമയത്ത് അപ്പുവിനെ ഒന്ന് ഒറ്റക്ക് കിട്ടി. അപ്പോള്‍ അവന്‍ നമ്മളുടെ അടുത്ത് നില്‍ക്കുമ്പോള്‍ ഉള്ള ബിഹേവിയറ് കണ്ടപ്പോള്‍ അങ്ങനെ സിനിമയില്‍ വന്നാല്‍ നന്നാകുമെന്ന് തോന്നി.

അന്ന് അപ്പുവില്‍ ലാലങ്കിളിന്റെ സിമിലാരിറ്റി തോന്നിയിരുന്നു. സത്യത്തില്‍ അപ്പുവിന്റെ മറ്റൊരു സൈഡാണ് അത്. അവന്‍ കുറേ കാര്യങ്ങളില്‍ ലാലങ്കിളിനെ പോലെ തന്നെയാണ്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പ്രണവ് മോഹന്‍ലാലിന് പുറമെ കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഒപ്പം നിവിന്‍ പോളി ഗസ്റ്റ് റോളിലുമെത്തുന്നുണ്ട്.


Content Highlight: Vineeth Sreenivasan Talks About Pranav’s Similarities With Mohanlal In Varshangalk Shesham Teaser