ശ്രീനിവാസന്‍ കുടുംബത്തോടൊപ്പം പങ്കെടുത്ത ഒരു പഴയകാല അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിനീതും ധ്യാനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരിക്കെ എടുത്ത അഭിമുഖത്തില്‍ നിരവധി രസകരമായ കാര്യങ്ങളാണ് ഉള്ളത്.

നവ്യനായരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനെ കുറിച്ച് ധ്യാനും മീര ജാസ്മിനോട് തോന്നിയ ക്രഷിനെ കുറിച്ച് വിനീതുമെല്ലാം അഭിമുഖത്തില്‍ രസകരമായി സംസാരിക്കുന്നത്.

അഭിമുഖത്തില്‍ അച്ഛന്റെ ചില രീതികളെ വിമര്‍ശിച്ചുകൊണ്ട് വിനീത് പറഞ്ഞ ചില കാര്യങ്ങളും ഇക്കൂട്ടത്തില്‍ വൈറലാകുന്നുണ്ട്. വലിയ ലോകവും ചെറിയ ശ്രീനിയും എന്ന പേരില്‍ കൈരളി ചാനലില്‍ അക്കാലത്ത് ശ്രീനിവാസന്‍ അവതരിപ്പിച്ചിരുന്ന പരിപാടിയെ കുറിച്ചാണ് വിനീത് പറയുന്നത്. ആ പരിപാടി തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ മലയാളത്തിലെ, താനിഷ്ടപ്പെടുന്ന പ്രഗദ്ഭനായ ഒരു നടനിട്ട് അച്ഛന്‍ ചിലപ്പോള്‍ പണിയാറുണ്ടെന്നും തനിക്ക് അത് ഇഷ്ടപ്പെടാറില്ലെന്നുമാണ് വിനീത് പറയുന്നത്.

‘മലയാളത്തിലെ പ്രഗത്ഭനായ ഒരു നടനിട്ട് അച്ഛന്‍ ഇടയ്ക്കിടയ്ക്ക് പണിയാറുണ്ട്. ഒരു നല്ല നടനെന്ന നിലയില്‍ അദ്ദേഹത്തെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനിട്ട് പണിയുന്നത് എനിക്ക് അത്ര സഹിക്കാന്‍ പറ്റില്ല’. ഇക്കാര്യം അച്ഛനോട് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു വിനീതിന്റെ മറുപടി. എന്തായിരുന്നു അതിനോടുള്ള അച്ഛന്റെ പ്രതികരണം എന്ന ചോദ്യത്തിന് കുറച്ച് പണിയിരിക്കുന്നത് നല്ലതാണെന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്ന് വിനീത് പറയുന്നു.

നീ ഇഷ്ടപ്പെടുന്ന അദ്ദേഹത്തെ ഞാന്‍ നുണ പറഞ്ഞ് തേജോവധം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നീ വിചാരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ ഇപ്പോള്‍ എന്തു വിചാരിച്ചിട്ടും കാര്യമില്ലല്ലോയെന്നായിരുന്നു വിനീതിന്റെ മറുപടി.

ഞാന്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് അദ്ദേഹത്തെ മനപൂര്‍വം തേജോവധം ചെയ്യാനായി ശ്രമിച്ചെന്ന് നിനക്ക് അനുഭവപ്പെട്ടിട്ടുണ്ടോ എന്ന് ശ്രീനിവാസന്‍ വീണ്ടും ചോദിച്ചപ്പോള്‍ അച്ഛന്‍ പറയുന്നത് വാസ്തവമാണോ അല്ലയോ എന്ന് ഞാന്‍ എങ്ങനെ അറിയും എന്നായിരുന്നു വിനീത് നല്‍കിയ മറുപടി.

ശരി, ഞാന്‍ നുണ പറയുന്ന ആളാണെന്ന് നീ വിചാരിക്കുന്നുണ്ടോ എന്ന് ശ്രീനിവാസന്‍ വീണ്ടും ചോദിച്ചപ്പോള്‍ നുണപറയാറുണ്ടല്ലോ എന്നായിരുന്നു അതിന് വീനിത് കൊടുത്ത മറുപടി. തുടര്‍ന്ന് സിഗരറ്റ് വലി നിര്‍ത്തിയെന്ന് പറഞ്ഞ അച്ഛനെ താന്‍ കയ്യോടെ പിടിച്ച ഒരു അനുഭവവും വിനീത് പങ്കുവെച്ചു.

അച്ഛന്‍ നിലവില്‍ സിഗരറ്റ് വലിക്കുന്നില്ല എന്നാണ് വെപ്പ്. ഇന്നലെ ഞാന്‍ ബാത്ത് റൂമില്‍ കയറിയപ്പോള്‍ തൊട്ട് മുന്‍പ് അച്ഛന്‍ കയറിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ കയറിയപ്പോള്‍ ഭയങ്കര സിഗരറ്റിന്റെ മണം. നോക്കിയപ്പോള്‍ ക്ലോസറ്റിന്റെ ബാക്കിലായി രണ്ട് മൂന്ന് തീപ്പെട്ടിക്കൊള്ളികള്‍. അപ്പോള്‍ അതിനകത്ത് കയറി നല്ല വലിയായിരുന്നു.

പുറത്ത് എന്താണ് പറയുന്നത് ഞാന്‍ ഭയങ്കര ഡിസിഷന്‍ മേക്കിങ് ഒക്കെയാണ്, സിഗരറ്റ് വലിയൊക്കെ നിര്‍ത്തിയിരിക്കുകയാണ് എന്നൊക്കെയാണ്. അപ്പോള്‍ കള്ളം പറയുന്ന ഒരാളെന്ന് തെളിയിക്കാന്‍ ഇതിലും വലിയൊരു തെളിവ് ആവശ്യമില്ലല്ലോ എന്നും വിനീത് പറഞ്ഞു. ഇതുകേട്ടതോടെ പൊട്ടിച്ചിരിക്കുകയായിരുന്നു ശ്രീനിവാസന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Vineeth sreenivasan about Sreenivasan Programme