ഈയിടെയായിരുന്നു നടി വിന്‍സി അലോഷ്യസ് താന്‍ ലഹരി ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകരുമായി അഭിനയിക്കില്ലെന്ന് പറഞ്ഞത്. കെ.സി.വൈ.എം എറണാകുളം അങ്കമാലി മേജര്‍ അതിരൂപത 67-ാം പ്രവര്‍ത്തനവര്‍ഷം പള്ളിപ്പുറം പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിന്‍സി.
ഇപ്പോള്‍ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഉണ്ടായ കാരണം പറയുകയാണ് വിന്‍സി അലോഷ്യസ്. ഒരു സിനിമയുടെ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച നടനില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് നടി പറയുന്നത്.
തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിന്‍സി ഈ അനുഭവം തുറന്നു പറയുന്നത്. അന്നത്തെ വിന്‍സിയുടെ നിലപാടിനെ കുറിച്ച് വന്ന ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള കമന്റുകള്‍ വായിച്ച ശേഷമാണ് താന്‍ ഈ വീഡിയോ ചെയ്യുന്നതെന്നും നടി പറയുന്നു.
‘ഞാന്‍ ഒരു സിനിമയുടെ ഭാഗമായപ്പോള്‍ അതിലെ മെയിന്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് എനിക്കൊരു അനുഭവമുണ്ടായി. അദ്ദേഹം ഇത് ഉപയോഗിച്ച് എന്നോടും എന്റെ സഹപ്രവര്‍ത്തകയോടും മോശമായ രീതിയില്‍, പറഞ്ഞാല്‍ മനസിലാകാത്ത രീതിയില്‍ പെരുമാറി.
അതായത് മോശമെന്ന് പറയുമ്പോള്‍, ഞാന്‍ ഒരു ഉദാഹരണം പറയാം. എന്റെ ഡ്രസിന് ഒരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ അത് കറക്ട് ചെയ്യാനായി പോയി. ആ സമയത്ത് ‘ഞാനും കൂടി വരാം. ഞാന്‍ വേണമെങ്കില്‍ റെഡിയാക്കി തരാം’ എന്നാണ് പറഞ്ഞത്.
അതും എല്ലാവരുടെയും മുന്നില്‍ വെച്ച് പറയുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഉണ്ടായത്. ആ സമയത്ത് സഹകരിച്ച് മുന്നോട്ട് പോകാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. വേറെയും ഇന്‍സിഡന്റുണ്ടായി.
ഒരു സീന്‍ പ്രാക്ടീസിന്റെ ഇടയില്‍ ആ വ്യക്തിയുടെ വായില്‍ നിന്ന് വെള്ള നിറത്തിലുള്ള എന്തോയൊന്ന് ടേബിളിലേക്ക് തെറിച്ചു. അതുകൊണ്ട് തന്നെ അയാള്‍ അത് സിനിമയുടെ സെറ്റില്‍ ഉപയോഗിക്കുന്നുണ്ട് എന്നത് വളരെ എവിഡെന്റായിരുന്നു.
