കനകം കാമിനി കലഹം സിനിമയുടെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി വിന്‍സി അലോഷ്യസ്. ഡയലോഗ് തീരെ തലയില്‍ നില്‍ക്കാത്തയാളാണ് താനെന്നും അതുകൊണ്ട് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ കയ്യില്‍ നിന്ന് ചീത്ത ലഭിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ഈ സമയത്ത് നടന്‍ നിവിന്‍ പോളിയും നടി ഗ്രേസ് ആന്റണിയും തന്നെ പ്രാങ്ക് ചെയ്തിട്ടുണ്ടെന്നും വിന്‍സി മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാന്‍ പെട്ടെന്ന് കരയും. പക്ഷേ വഴക്ക് പറഞ്ഞാലൊന്നും പെട്ടെന്ന് കരയില്ല. ആ പ്രായം കഴിഞ്ഞു. പക്ഷേ എനിക്ക് കൊണ്ട് കഴിഞ്ഞാല്‍ ഞാന്‍ കരയും. തുടക്ക സമയത്ത് അഭിനയിക്കുന്നത് ശരിയാകുന്നില്ലെന്ന് പറഞ്ഞ് വഴക്ക് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ കിട്ടാറില്ല.

കനകം കാമിനിയുടെ സമയത്ത് വഴക്ക് കിട്ടിയിട്ടുണ്ട്. എനിക്ക് ഡയലോഗ് തലയില്‍ നില്‍ക്കില്ല. വണ്‍ ഷോട്ടൊക്കെയുണ്ടെങ്കില്‍ എല്ലാം കുളമാകും. പത്ത് ഇരുപത്തെട്ട് ടേക് പോകും. രതീഷേട്ടന്‍ എന്നെ ചീത്ത വിളിക്കുന്ന വക്കിലെത്തിയപ്പോള്‍ ഞാന്‍ വിറക്കാന്‍ തുടങ്ങി. കരഞ്ഞില്ല. പക്ഷേ റൂമില്‍ പോയി കണ്ണ് നിറഞ്ഞ് നിന്നു.

രതീഷേട്ടന്‍ ‘പോയി ഡയലോഗ് പഠിക്കാന്‍ പറ’യെന്ന് പറഞ്ഞ് കട്ട് പറഞ്ഞു. ആകെ കയ്യിന്ന് പോയിരിക്കുകയാണ്. അപ്പോള്‍ പ്രാങ്കായിട്ട് ഗ്രേസ് വന്നിട്ട് പറഞ്ഞു നിവിനേട്ടനൊക്കെ വന്‍ സീനാണെന്ന്. അഭിനയിക്കാന്‍ അറിയുന്ന ഒരു കുട്ടിയെ ഈ കഥാപാത്രത്തിലേക്ക് പോരേയെന്ന് ചോദിച്ചുവെന്ന് പറഞ്ഞു. പുള്ളിക്കാരന്റെ നായികായായിട്ടൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹിച്ച ഞാന്‍ അതോടെ തീര്‍ന്നു.

കണ്ണീന്നിപ്പോള്‍ വെള്ളം വീഴും എന്ന അവസ്ഥ വന്നപ്പോള്‍ പ്രാങ്കായിരുന്നുവെന്ന് ഗ്രേസ് പറഞ്ഞു. എന്നാല്‍ എനിക്കും തിരിച്ച് പോയി പറ്റിക്കണമെന്ന് പറഞ്ഞ് ഞാന്‍ നിവിനേട്ടന്റെ അടുത്ത് പോയി. നിവിനേട്ടാ നിങ്ങളും ആദ്യത്തെ പടത്തില്‍ തെറ്റിച്ചിട്ട് ഉണ്ടാകില്ലേയെന്ന് ചോദിച്ചു. ഇങ്ങനെ ഒരാളോട് ചെയ്യരുതെന്നും പറഞ്ഞു.

അദ്ദേഹം വിചാരിച്ചു ഞാന്‍ സീരിയസായാണ് പറയുന്നതെന്ന്. അങ്ങനെയല്ല വിന്‍സി എന്ന് നിവിനേട്ടനും എനിക്ക് ഒന്നും കേള്‍ക്കണ്ടെന്ന് ഞാനും പറഞ്ഞു. പ്രാങ്കായിരുന്നെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ നിങ്ങള്‍ പ്രാങ്കൊക്കെ ഇങ്ങനെയാണോ ചെയ്യുന്നതെന്ന് ഞാനും തിരിച്ച് ചോദിച്ചു,’ വിന്‍സി പറഞ്ഞു.

മഞ്ജു വാര്യരുടെ കൂടെ മെറിബോയിയുടെ പരസ്യത്തില്‍ അഭിനയിച്ചപ്പോഴും വഴക്ക് കിട്ടിയിട്ടുണ്ടെന്ന് നടി കൂട്ടിച്ചേര്‍ത്തു.

‘ആദ്യം ഞാന്‍ മഞ്ജു ചേച്ചിയുടെ കൂടെ ഒരു പരസ്യം ചെയ്തിരുന്നു. മെറിബോയ് ഐസ്‌ക്രീമിന്റെ പരസ്യമായിരുന്നു അത്. നായികാ നായകന്‍ കഴിഞ്ഞ് ആദ്യം കിട്ടുന്ന പ്രൊജക്ട്. അത് ഞാന്‍ ചെയ്യുമ്പോള്‍ എനിക്ക് നല്ല ആത്മവിശ്വാസമായിരുന്നു. എന്നാല്‍ ഞാന്‍ ചെയ്തതായിരുന്നില്ല അവര്‍ക്ക് വേണ്ടിയിരുന്നത്. അവര്‍ക്ക് എന്നില്‍ ഭയങ്കര ആത്മവിശ്വാസമുണ്ടായിരുന്നു.

നീയിതാണോ നായികാ നായകനില്‍ ഉണ്ടാക്കിയതെന്ന് മാത്തന്‍ സര്‍ വന്ന് ചോദിച്ചു. എങ്ങനെയെങ്കിലും തീര്‍ത്തിട്ട് വീട്ടില്‍ പോണമെന്നായിരുന്നു മനസില്‍. ഞാന്‍ പഠിച്ചതെല്ലാം തെറ്റിപ്പോയെന്ന് തോന്നിയെനിക്ക്,’ വിന്‍സി പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ നായകനായ പദ്മിനിയാണ് വിന്‍സി അലോഷ്യസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ. കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വേളയില്‍ സിനിമയുടെ റിലീസ് നീട്ടിവെക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ജൂലൈ ഏഴ് വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പുതിയ റിലീസ് തീയതി ഉടന്‍ അറിയിക്കും.

CONTENT HIGHLIGHTS: VINCY ABOUT GRACE ANTONY