ഫ്രെഷാണ് ഇപ്പോഴും, അദ്ദേഹം വഴക്കുപറഞ്ഞാലും വലിയ സന്തോഷം; മമ്മൂട്ടിയെക്കുറിച്ച് വിനായകന്‍
Malayalam Cinema
ഫ്രെഷാണ് ഇപ്പോഴും, അദ്ദേഹം വഴക്കുപറഞ്ഞാലും വലിയ സന്തോഷം; മമ്മൂട്ടിയെക്കുറിച്ച് വിനായകന്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 11th February 2026, 5:00 pm

മലയാളത്തില്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് ജിതിന്‍.കെ.ജോസ് സംഭാവന ചെയ്ത ചിത്രമായിരുന്നു കളങ്കാവല്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ചിത്രം സയനൈഡ് മോഹന്‍ എന്ന കൊടുംകുറ്റവാളിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കി മികച്ച കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. സ്റ്റാന്‍ലി ദാസെന്ന വില്ലനായി മമ്മൂട്ടിയും നത്തെന്ന പൊലീസ് കഥാപാത്രമായി വിനായകനും തങ്ങളുടെ കരിയറിലെ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.

കളങ്കാവല്‍. Photo: Book My show

ചിത്രത്തിലെ നായക കഥാപാത്രമായി വിനായകനെ നിര്‍ദേശിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും സെറ്റില്‍ താരത്തിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും വിനായകന്‍ കളങ്കാവലിന്റെ പ്രൊമോഷന്‍ സമയത്ത് പറഞ്ഞിരുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ താരത്തിന്റെ അഭിനയത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

കളങ്കാവലില്‍ അഭിനയിക്കുമ്പോള്‍ അഭിനയത്തോടുള്ള മമ്മൂട്ടിയുടെ ഇഷ്ടം നേരിട്ട് കണ്ടെന്നും ഇപ്പോഴും ആദ്യം കാണുന്ന പോലെ ഫ്രെഷാണെന്നും വിനായകന്‍ പറയുന്നു. ആദ്യ സിനിമ ചെയ്യുന്ന അതേ ആവേശത്തോടെയാണ് ഇന്നും ഓരോ സിനിമയും ചെയ്യുന്നതെന്നും പുതുതായി എന്താണ് ചെയ്യാന്‍ കഴിയുക എന്നാണ് അദ്ദേഹം എപ്പോഴും ചിന്തിക്കുന്നതെന്നും വിനായകന്‍ പറയുന്നു.

‘സത്യം പറഞ്ഞാല്‍ അദ്ദേഹം വഴക്കു പറഞ്ഞാലും വലിയ സന്തോഷമാണ്. കാരണം അദ്ദേഹം വഴക്കു പറയുകയാണെങ്കില്‍ അതിനര്‍ത്ഥം ആ ആളെ മമ്മൂക്കയ്ക്ക് ഇഷ്ടമായി എന്നാണ്. എന്റെ കഥാപാത്രത്തിന്റെ ശരീരഭാഷ, സെറ്റിലെത്തി രണ്ടുദിവസംകൊണ്ട് റെഡിയാക്കിയിരുന്നു. പക്ഷേ, ശബ്ദം എനിക്കപ്പോഴും പ്രശ്‌നമായിരുന്നു. മമ്മൂക്ക സെറ്റില്‍ വന്നതോടെ ചിത്രം മാറി. എങ്ങനെ ശബ്ദം ഉപയോഗിക്കണമെന്ന് പറഞ്ഞുതന്നത് മമ്മൂക്കയാണ്. ആ കാര്യത്തില്‍ അദ്ദേഹം വലിയരീതിയില്‍ സഹായിച്ചു. വളരെ ഈസിയാണ് അദ്ദേഹത്തിനൊപ്പം ജോലിചെയ്യാന്‍,’ വിനായകന്‍ പറഞ്ഞു.

വിനായകന്‍ മമ്മൂട്ടിക്കൊപ്പം. Photo: Ott play

കേരളം-തമിഴ്‌നാട് അതിര്‍ത്തിയില്‍ നടക്കുന്ന ചിത്രത്തിലെ വിന്റേജ് തമിഴ് ഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന ഗാനങ്ങളെല്ലാം വലിയ രീതിയില്‍ വൈറലായിരുന്നു. മുജീബ് മജീദിന്റെ സംഗീത സംവിധാനത്തില്‍ ഒരുങ്ങിയ നിലാകായല്‍ വെളിച്ചം, നീ മലര്‍കളില്‍ തുടങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. മമ്മൂട്ടിക്കും വിനായകനും പുറമെ ഇരുപത്തിയൊന്നോളം നായികമാരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

Content Highlight: Vinayakan talks about his experience with mammootty in kalamkaaval

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.